ബോഫോഴ്‌സ് കേസില്‍ പുനരന്വേഷണമാകാമെന്ന് സിബിഐ

Posted on: August 11, 2017 2:36 pm | Last updated: August 11, 2017 at 8:01 pm

ന്യൂഡല്‍ഹി: ബോഫോഴ്‌സ് കേസില്‍ പുനരന്വേഷണമാകാമെന്ന് സിബിഐ. ആറംഗ പാര്‍ലമെന്ററി പാനലിനെയാണ് സിബിഐ ഇക്കാര്യമറിയിച്ചത്. 2005ല്‍ കേസ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍, പ്രതിരോധവുമായി ബന്ധപ്പെട്ട് പാര്‍ലിമെന്ററി സമിതിയിലെ ഭൂരിപക്ഷം എംപിമാരും വിധി സുപ്രീം കോടതിയില്‍ സിബിഐ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയുണ്ടായി. സുപ്രീം കോടതിയില്‍ ഇതിനോടകം കേസ് റദ്ദാക്കിയതിനെതിരെ ഹരജി നല്‍കിയിട്ടുണ്ട്. സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങിയതിലെ അഴിമതിയാണ് ബോഫോഴ്‌സ് കേസിലൂടെ പുറത്ത് വന്നത്.

1989ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ പരാജയത്തിനിടയാക്കിയതും ബോഫോഴ്‌സ് കേസായിരുന്നു. സ്വിസ് ആയുധനിര്‍മാണ കമ്പനിയായ ബോഫോഴ്‌സിന്റെ പീരങ്കികള്‍ വാങ്ങാന്‍ 1986ലാണ് ഇന്ത്യ 1437 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടത്. ഇടപാടില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിയെന്നു സ്വിസ് റേഡിയോ പിന്നീടു വെളിപ്പെടുത്തി. രാജീവ് ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഒട്ടാവിയോ ക്വത്‌റോക്കി ഈ ഇടപാടില്‍ ഇടനിലക്കാരനായി 64 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണം തുടര്‍ന്നു വന്‍ വിവാദമുയര്‍ത്തിയിരുന്നു. കേസില്‍ പുനഃരന്വേഷണം നടത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.