മന്ത്രിയുടെ ഭര്‍ത്താവ് ദളിത് യുവതിയെ മര്‍ദിച്ചെന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി

Posted on: August 11, 2017 12:24 pm | Last updated: August 11, 2017 at 2:46 pm

തിരുവനന്തപുരം: മട്ടന്നൂരില്‍ മന്ത്രിയുടെ ഭര്‍ത്താവ് സിപിഎം പ്രവര്‍ത്തകയായ ദലിത് യുവതിയെ മര്‍ദിച്ചെന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പരാതികളൊന്നും പോലീസിനു ലഭിച്ചിട്ടില്ലെന്നും മട്ടന്നൂരില്‍ എല്‍ഡിഎഫിനു ലഭിച്ച അഭിമാനകരമായ വിജയം മറച്ചുവയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഇത്തരം പരാതികള്‍ പാര്‍ട്ടി കോടതിയല്ല പോലീസിനാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടി പ്രവര്‍ത്തകയായ ദലിത് യുവതിയെ മന്ത്രി കെ കെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്‌കരന്‍ മര്‍ദിച്ചെന്നായിരുന്നു ആരോപണം. തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് മുന്‍ മട്ടന്നൂര്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയെന്നും ഭാസ്‌കരനെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.