റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്ത്യശാസനം

Posted on: August 11, 2017 10:24 am | Last updated: August 11, 2017 at 10:24 am

മഞ്ചേരി: സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രസിദ്ധീകരിച്ച മുന്‍ഗണനാ ലിസ്റ്റില്‍ അനര്‍ഹമായി കയറക്കൂടിയവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്ത്യശാസനം നല്‍കി ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ ഉത്തരവ്. മുന്‍ഗണനാ പട്ടികയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നിരവധി അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവ്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ റേഷന്‍കാര്‍ഡുകള്‍ ഈമാസം 20ന് മുമ്പായി ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ മുമ്പാകെ പരിശോധനക്ക് വിധേയമാക്കണം.

സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല അധ്യാപകര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, യൂനിവേഴ്‌സിറ്റികള്‍, സംസ്ഥാന-ജില്ലാ- പ്രാഥമിക സഹകരണ സംഘങ്ങള്‍, ദേശസാല്‍കൃത-ഷെഡ്യൂള്‍ഡ് ബേങ്കുകള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷനുകള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും തങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ 20ന് മുമ്പായി പരിശോധനക്ക് വിധേയമാക്കണം. മതിയായ കാരണമില്ലാതെ റേഷന്‍കാര്‍ഡ് ഹാജരാക്കാത്ത ജീവനക്കാര്‍ക്കെതിരെ വകുപ്പ് അധ്യക്ഷന്മാര്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ജോലിക്കാര്യം മറച്ചുവെച്ചോ അബദ്ധവശാലോ മുന്‍ഗണനാപട്ടികയില്‍ കടന്നു കൂടിയ ജീവനക്കാരുടെ വിവരം ഈമാസം 30ന് മുമ്പായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് കൈമാറാന്‍ ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റേഷന്‍കാര്‍ഡ് സംബന്ധിച്ചും കാര്‍ഡ് ഇല്ലെങ്കില്‍ അക്കാര്യം സംബന്ധിച്ചും ജീവനക്കാരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങി ഇതോടൊപ്പം താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് നല്‍കണം.
സംസ്ഥാനത്ത് പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ റേഷന്‍കാര്‍ഡുകള്‍ ബന്ധപ്പെട്ട ട്രഷറി/ബേങ്ക് ഉദ്യോഗസ്ഥരാണ് പരിശോധിക്കേണ്ടത്. സംസ്ഥാന-ജില്ലാ-പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെയും പെന്‍ഷണര്‍മാരുടെയും റേഷന്‍കാര്‍ഡുകള്‍ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും സര്‍വകലാശാലകളില്‍ രജിസ്ട്രാര്‍മാര്‍ക്കുമാണ് പരിശോധന ചുമതല നല്‍കിയിട്ടുള്ളത്. ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബേങ്ക് അധികൃതര്‍ക്ക് അതാത് ബേങ്കുകളില്‍ നിന്ന് ശമ്പളം/പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ബോധവല്‍ക്കരണം നടത്താന്‍ പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ ഇതിനകം മുന്‍ഗണനാപട്ടികയില്‍ അനര്‍ഹമായി കടന്നു കൂടിയ 3104 സര്‍ക്കാര്‍ ജീവനക്കാരുടെ റേഷന്‍കാര്‍ഡുകള്‍ അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവരടങ്ങിയ സംഘം ഓരോ വീടുകളും കയറി വിപുലമായ പരിശോധനയാണ് നടത്തി വരുന്നത്. നാലു ചക്രവാഹനം, 25,000 രൂപയില്‍ കവിഞ്ഞ പ്രതിമാസ വരുമാനം എന്നിവ ഉള്ള നിരവധി പേരുടെ കാര്‍ഡുകള്‍ ഇതിനകം പൊതുവിഭാഗത്തിലേക്ക് മാറ്റി. 5,504 റേഷന്‍ കാര്‍ഡുകളാണ് ഇതിനകം പൊതു വിഭാഗത്തിലേക്ക് മാറ്റിയത്.
ഇത്തരത്തില്‍ അനധികൃതമായി ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്കെതിരെയും ഇതിനെതിരെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.