ബി ജെ പിയിലെ ഉള്‍പ്പോര് മുറുകുന്നു; കുമ്മനത്തിനെതിരെ പടയൊരുക്കം

Posted on: August 11, 2017 10:18 am | Last updated: August 11, 2017 at 10:18 am
കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: അച്ചടക്ക നടപടിക്ക് പിന്നാലെ ബി ജെ പിയിലെ ഉള്‍പ്പോര് മുറുകുന്നു. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപിച്ച് സംസ്ഥാന സെക്രട്ടറി വി വി രാജേഷിനെ ചുമതലയില്‍ നിന്ന് നീക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. മുരളീധരപക്ഷത്തെ രണ്ട് പ്രമുഖര്‍ക്കെതിരെ സ്വീകരിച്ച നടപടി ഏകപക്ഷീയമാണെന്ന വാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. അഴിമതി നടത്തിയവരെ സംരക്ഷിച്ച് അത് ചൂണ്ടിക്കാണിച്ചവര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്നും ഇവര്‍ തുറന്നടിക്കുന്നു.

അച്ചടക്ക നടപടിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ രണ്ടു ഗ്രൂപ്പുകളും പരസ്പരം പഴിചാരി തുടങ്ങിയതോടെ ഗ്രൂപ്പ് പോര് മറനീക്കുകയാണ്. വി മുരളീധരനെ അനൂകൂലിക്കുന്നവരാണ് സംസ്ഥാന വ്യാപകമായി വി വി രാജേഷിന് വേണ്ടി കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. കൃഷ്ണദാസ്, മുരളീധരന്‍ പക്ഷങ്ങള്‍ രൂക്ഷമായി ഏറ്റുമുട്ടിയ ഘട്ടത്തിലാണ് ഒത്തുതീര്‍പ്പെന്ന നിലയില്‍ കുമ്മനം രാജശേഖരനെ ബി ജെ പി അധ്യക്ഷനാക്കുന്നത്. എന്നാല്‍, കുമ്മനം തന്നെ ഇപ്പോള്‍ പഴയ കൃഷ്ണദാസ് ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്ത സ്ഥിതിയാണ്. ജില്ലാകമ്മിറ്റികള്‍ ചേരിതിരിഞ്ഞ് രണ്ട് പക്ഷത്തിനും വേണ്ടി രംഗത്തുണ്ട്. പോര് മുറുകുന്ന സാഹചര്യത്തില്‍ 14ന് നിശ്ചയിച്ചിരിക്കുന്ന തൃശൂരിലെ നേതൃയോഗം മാറ്റിവെക്കുമെന്നറിയുന്നു.

രാജേഷ് എങ്ങനെ റിപ്പോര്‍ട്ട് ചോര്‍ത്തുമെന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ അനുകൂലികള്‍ ചോദിക്കുന്നത്. രണ്ട് കമ്മീഷന്‍ അംഗങ്ങള്‍ക്കും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ , സംഘടനാ സെക്രട്ടറിമാരായ എം ഗണേശ്, കെ സുഭാഷ് എന്നിവരുടെ കൈവശം മാത്രമുള്ള റിപ്പോര്‍ട്ട് ചോര്‍ന്നതിന് രാജേഷിനെ പഴിക്കുന്നത് എന്തിനാണെന്നാണ് ഇവര്‍ ചോദിക്കുന്നത്. അതേസമയം, റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള അഴിമതി നടത്തിയെന്ന് ആരോപണമുയര്‍ന്ന നേതാക്കളെ സംരക്ഷിച്ച്, അഴിമതിക്കെതിരെ സംസാരിച്ചവര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്നും മുരളീധരപക്ഷം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
തെളിവെടുപ്പോ വിശദീകരണം ചോദിക്കലോ ഇല്ലാതെ രാജേഷിനെതിരെ നടപടിയെടുത്തത് അന്യായമാണെന്നാണ് ഇവരുടെ വാദം. ബി ജെ പി ഭരണഘടനക്ക് വിരുദ്ധമായ രീതിയിലാണ് നടപടി. സംസ്ഥാന പ്രസിഡന്റ് ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും കുമ്മനത്തിനെതിരെ ഉയര്‍ത്തുന്നു. പരാതി നല്‍കിയവരും അഴിമതി നടത്തിയവരും ഇതിന്റെ പേരില്‍ ആദ്യം നടപടിക്ക് വിധേയമായവരവുമെല്ലാം പ്രസിഡന്റുമായി ബന്ധപ്പെട്ടവരാണെന്നിരിക്കെ രാജേഷിനെതിരെ നടപടിയെടുത്തത് വിചിത്രമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്ന് കുമ്മനം രാജശേഖരന്‍ വിശദീകരിക്കുന്നു.

കൂടുതല്‍ മെഡിക്കല്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്ത് വര്‍ക്കല എസ് ആര്‍ കോളജ് ഉടമ ആര്‍ ഷാജിയില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണം ശരിവെക്കുന്ന പാര്‍ട്ടി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ചോര്‍ത്തിയതാണ് രാജേഷിനെതിരായ നടപടിക്കാധാരം. കോഴിക്കോടുവെച്ച് നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവിന് വേണ്ടി വ്യാജ രസീത് അച്ചടിച്ച വിവരം ചോര്‍ത്തിയതിനാണ് പ്രഫുല്‍ കൃഷ്ണനെതിരെ നടപടിയെടുത്തത്.