Connect with us

Eranakulam

സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കമായി

Published

|

Last Updated

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ തീര്‍ഥാടനത്തിന് പോകുന്ന ഹാജിമാര്‍ക്കായി സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തുടക്കമായി. വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹജ്ജ് മന്ത്രി ഡോ. കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ തുടങ്ങിയവരുള്‍പ്പെടെ ജനപ്രതിനിധികളും, നേതാക്കളും സംസാരിച്ചു.

ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ തീര്‍ഥാടകര്‍ക്കുള്ള ആദ്യ ഹജ്ജ് വിമാനം ഞായറാഴ്ച രാവിലെ 6.45ന് മന്ത്രി ഡോ. കെ ടി ജലീല്‍ ഫഌഗ് ഓഫ് ചെയ്യും

വിമാനത്താവളത്തോട് ചേര്‍ന്ന് ഒരുക്കിയ താത്കാലിക ഹജ്ജ് ക്യാമ്പിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രണ്ട് ലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഇത്തവണ ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. 65,000 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള രണ്ട് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറുകള്‍ കൂടാതെ 70,000 അടിയോളം താത്കാലിക പന്തലും, കെട്ടിടങ്ങളും ഒരുക്കിയിട്ടുണ്ട്.

ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത് കണക്കിലെടുത്താണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം സൗകര്യം വര്‍ധിപ്പിച്ചത്. ഹജ്ജ് കമ്മിറ്റി ഓഫീസ്, ഹാജിമാരുടെ ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യം, ഹാജിമാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, സഊദി എയര്‍ലൈന്‍സ് ഓഫീസ്, നിസ്‌കാര സൗകര്യം, സ്ത്രീ തീര്‍ഥാടകര്‍ക്കുള്ള താമസ സൗകര്യം എന്നിവ ഒരുക്കിയിരിക്കുന്നത് ആദ്യത്തെ ഹാങ്കറിലാണ്. രണ്ടാമത്തെ ഹാങ്കറില്‍ ഹജ്ജ് സെല്‍, ബാങ്ക് കൗണ്ടര്‍, കോണ്‍ഫറന്‍സ് ഹാള്‍, പുരുഷ തീര്‍ഥാടകര്‍ക്കുള്ള താമസ സൗകര്യം എന്നിവ ഒരുക്കിയിരിക്കുന്നു. ഭക്ഷണശാല, ഹാജിമാരെ യാത്രയയക്കാന്‍ എത്തുന്നവര്‍ക്കുള്ള വിശ്രമകേന്ദ്രം, ബാത്ത് റൂം സൗകര്യം, വുളു ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങിയവക്ക് താത്കാലിക കെട്ടിടങ്ങളില്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. ഒരേ സമയം മുന്നൂറോളം വാഹനങ്ങള്‍ക്കും ഇവിടെ പാര്‍ക്ക് ചെയ്യാനും കഴിയും. സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് ക്യാമ്പില്‍ ഇത്തവണ ശക്തമായ സുരക്ഷയാണ് ഒരുക്കുന്നത്.

Latest