സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും രജിസ്‌ട്രേഷന്‍; നിലവാരമില്ലെങ്കില്‍ അടച്ച് പൂട്ടും

Posted on: August 11, 2017 10:04 am | Last updated: August 11, 2017 at 10:04 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്കും മറ്റു പരിശോധനാ കേന്ദ്രങ്ങള്‍ക്കും ലബോറട്ടറികള്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സ്വകാര്യ ആശുപത്രികളിലെയും പരിശോധനാ കേന്ദ്രങ്ങളിലെയും സേവന നിലവാരവും മിനിമം സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്ന് ബില്‍ അവതരിപ്പിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ അറിയിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനായിരുന്നു പ്രമേയമെങ്കിലും സഭയിലെ ചര്‍ച്ചകളിലെ വികാരം കണക്കിലെടുത്ത് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 2010ലെ ക്ലിനിക്കല്‍ സ്ഥാപന ആക്ടിന്റെ ചുവടു പിടിച്ചാണ് പുതിയ നിയമ നിര്‍മാണം. ആശുപത്രികളിലെയും ഡിസ്‌പെന്‍സറികള്‍, ലബോറട്ടറികള്‍ എന്നിവയിലെയും 70 ശതമാനവും പ്രവര്‍ത്തിക്കുന്നത് സ്വകാര്യ മേഖലയിലാണ്. എന്നാല്‍ ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ ഒരു നിയമവുമില്ല. ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനോടൊപ്പം ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങളും ബില്ലിലുണ്ട്. പ്രതിരോധ വകുപ്പിന് കീഴിലല്ലാത്ത അലോപ്പതി, ആയുര്‍വേദ, യുനാനി, ഹോമിയോ, സിദ്ധ തുടങ്ങി എല്ലാ മേഖലയിലെയും ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ബില്ലിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും.

ക്ലിനിക്കല്‍ സ്ഥാപനങ്ങളെ തരംതിരിക്കാനും ഓരോ വിഭാഗത്തിനും വേണ്ട ചുരുങ്ങിയ നിലവാരം നിശ്ചയിക്കാനുമായി ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള സംസ്ഥാന കൗണ്‍സില്‍ രൂപവത്കരിക്കും. ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്റ്റര്‍ തയ്യാറാക്കാനും നിലവാരമുണ്ടോ എന്ന പരിശോധന നടത്താനും വിദഗ്ധരുടെ പാനല്‍ തയ്യാറാക്കും. രജിസ്‌ട്രേഷനായി എല്ലാ ജില്ലകളിലും കലക്ടര്‍ എക്‌സ് ഒഫിഷ്യോ ചെയര്‍മാനായി അതോറിറ്റി രൂപവത്കരിക്കും. അതോറിറ്റിക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നതിന് പുറമെ പുതുക്കാനോ റദ്ദാക്കാനോ ഉള്ള അധികാരം ഉണ്ടായിരിക്കും. സ്ഥാപനം സന്ദര്‍ശിച്ചായിരിക്കണം അതോറിറ്റി രജിസ്‌ട്രേഷന്‍ നല്‍കേണ്ടത്. രജിസ്‌ട്രേഷനില്ലാതെ ഒരു ക്ലിനിക്കല്‍ സ്ഥാപനം പ്രവര്‍ത്തിച്ചാല്‍ കൗണ്‍സിലിനോ അതോറിറ്റിക്കോ അവര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ന്യായമായ ഏത് സമയത്തും അവിടെ പ്രവേശിച്ച് പരിശോധന നടത്താം. ആക്ടിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ശിക്ഷ ഈടാക്കാം. കുറ്റം തുടര്‍ന്നാല്‍ കൗണ്‍സിലിന് വേണമെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കാനും അധികാരമുണ്ടായിരിക്കും.
അതേസമയം, ജില്ലാ തല അതോറിറ്റികളുടെ തീരുമാനത്തിനെതിരെ അപ്പീലുകള്‍ പരിഗണിക്കാന്‍ ആരോഗ്യ സെക്രട്ടറി ചെയര്‍പേഴ്‌സണായി അപ്പലേറ്റ് അതോറിറ്റിയും രൂപവത്കരിക്കും.

ഓരോ സ്ഥാപനങ്ങളിലും വേണ്ട ജീവനക്കാരുടെ എണ്ണവും യോഗ്യതയും അനുബന്ധ സൗകര്യങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കും. നിലവില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യം താത്കാലിക രജിസ്‌ട്രേഷന്‍ നല്‍കും. നിശ്ചിത സമയപരിധിക്കുള്ളില്‍ ഇത്തരം സ്ഥാപനങ്ങള്‍ സ്ഥിരം രജിസ്‌ട്രേഷന്‍ ലഭ്യമാകുന്നതിനുള്ള നിലവാരം ആര്‍ജിക്കണം. താത്കാലിക രജിസ്‌ട്രേഷനുള്ള കാലാവധി ഒരു വര്‍ഷമായിരിക്കും. അതോറിറ്റിക്ക് ബോധ്യപ്പെട്ടാല്‍ ഇത് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്‍കും.
നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള ആശുപത്രികള്‍ക്കും ലാബുകള്‍ക്കും പരിശോധന ഇല്ലാതെ തന്നെ സ്ഥിരം രജിസ്‌ട്രേഷന്‍ ലഭിക്കും. സ്ഥിരം രജിസ്‌ട്രേഷന്‍ മൂന്ന് വര്‍ഷം കഴിയുമ്പോള്‍ പുതുക്കണം.
രോഗികള്‍ക്ക് ദോഷകരമാകും വിധമുള്ള ഇടപെടല്‍ ബോധപൂര്‍വമുണ്ടായാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും. നിയമം പ്രാബല്യത്തില്‍ വന്ന ശേഷം രജിസ്‌ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യം അമ്പതിനായിരം രൂപ വരെയും രണ്ടാമതും ആവര്‍ത്തിച്ചാല്‍ രണ്ട് ലക്ഷം രൂപയും ആവര്‍ത്തിച്ചാല്‍ അഞ്ച് ലക്ഷം രൂപയും പിഴ ചുമത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here