കൊച്ചി മെട്രൊയുടെ യാത്രാനിരക്കുകള്‍ കുറയ്ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

Posted on: August 11, 2017 9:59 am | Last updated: August 11, 2017 at 10:59 am

കൊച്ചി: കൊച്ചി മെട്രൊയുടെ യാത്രാനിരക്കുകള്‍ കുറയ്ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ബെംഗളൂരു ഐഐഎം പഠനം നടത്തിയാണ് നിലവിലെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

രാജ്യത്ത് എവിടെയും വിദ്യാര്‍ത്ഥികള്‍ക്ക് മെട്രൊ തീവണ്ടികളില്‍ ടിക്കറ്റ് നിരക്കില്‍ സൗജന്യം അനുവദിച്ചിട്ടുമില്ലെന്നും നിയമസഭയില്‍ അദ്ദേഹം വ്യക്തമാക്കി. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മഹാരാജാസ് ഗ്രൗണ്ട് സ്‌റ്റേഷന്‍ വരെ മെട്രൊ ഓടിത്തുടങ്ങുമ്പോള്‍ നിലവിലെ ടിക്കറ്റ് നിരക്കുകള്‍ പുനരവലോകനം ചെയ്യുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞിരുന്നു. കൂടാതെ യാത്രാനിരക്ക് കുറക്കണമെന്ന് ഇ.ശ്രീധരനും അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോള്‍ ആലുവയില്‍ നിന്നും പാലാരിവട്ടം വരെ 40 രൂപയാണ് മെട്രൊയുടെ ചാര്‍ജ്. ഇടപ്പളളിയില്‍ ഇറങ്ങിയാലും 40 രൂപ തന്നെ നല്‍കണം. ബസിനെ അപേക്ഷിച്ച് ഇരട്ടി ചാര്‍ജാണിത്.