അണ്‍ എയ്ഡഡ് വേതനം; ബില്‍ ഉടന്‍: വിദ്യഭ്യാസമന്ത്രി

Posted on: August 11, 2017 9:47 am | Last updated: August 11, 2017 at 9:47 am

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് കെ കെ ദിനേശന്‍ കമ്മീഷന്‍ അടുത്ത മാസം അവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാല് മാസമായിരുന്നു കമ്മീഷന്റെ കാലാവധി. ഇത് രണ്ട് മാസം കൂടി ദീര്‍ഘിപ്പിച്ചു നല്‍കി. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ശിപാര്‍ശകള്‍ സര്‍ക്കാര്‍ പഠിച്ച് നടപ്പാക്കുമെന്നും അണ്‍എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ബില്‍ തയ്യാറാക്കി വരികയാണെന്നും മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

ഒരു വിഭാഗം അധ്യാപകര്‍ കഴിഞ്ഞ അഞ്ചിന് നടത്തിയ ക്ലസ്റ്റര്‍ പരിശീലനം ബഹിഷ്‌കരിച്ച നടപടി പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്. ബഹിഷ്‌കരണ ആഹ്വാനം നല്‍കിയ അധ്യാപക സംഘടനകള്‍ കൂടി പങ്കെടുത്ത ക്യൂ ഐ പി യോഗമാണ് ക്ലസ്റ്റര്‍ പരിശീലനം അഞ്ചിന് നടത്താന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ ഹൈടെക് വത്കരണം കൊണ്ടുവരുന്നതിന്റെ ഭാഗമായായിരുന്നു ക്ലസ്റ്റര്‍ പരിശീലനം. ബഹിഷ്‌കരിച്ച നടപടിക്കെതിരെ ഒറ്റക്കെട്ടായി ശബ്ദിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങളില്‍ കൂട്ടത്തോടെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് സംബന്ധിച്ച് പ്രത്യേക പഠനം നടത്തും. സീറ്റുകളുടെ അസന്തുലിതത്വം സംബന്ധിച്ച് പഠനം നടത്തി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. എം സ്വരാജ്, സി കെ ഹരീന്ദ്രന്‍, പി അയിശാ പോറ്റി, മഞ്ഞളാംകുഴി അലി, ഇ എസ് ബിജിമോള്‍, ടിവി രാജേഷ് എന്നിവര്‍ക്ക് മന്ത്രി മറുപടി നല്‍കി.