ന്യൂനപക്ഷ വോട്ടുകള്‍ ഇടത്തേക്ക്; ലീഗിന് അടിപതറി

Posted on: August 11, 2017 9:39 am | Last updated: August 11, 2017 at 9:39 am

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ജയത്തിന് തിളക്കം കൂട്ടിയത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം. ന്യൂനപക്ഷ വോട്ടുകള്‍ ഒറ്റയടിക്ക് ഇടത്തേക്ക് ചാഞ്ഞപ്പോള്‍ മുസ്‌ലിം ലീഗിന് അടിപതറി. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത രീതിയിലാണ് ലീഗിന്റെ ഉറച്ച കോട്ടകളില്‍ പോലും ഒരു പ്രാദേശിക തിരഞ്ഞെടുപ്പ് കനത്ത വിള്ളലുണ്ടാക്കിയത്. 35 ല്‍ 28 വാര്‍ഡുകള്‍ നേടിയാണ് എല്‍ ഡിഎഫ് മട്ടന്നൂരില്‍ തുടര്‍ഭരണം കരസ്ഥമാക്കിയത്. ലീഗുള്‍പ്പെട്ട യു ഡിഎഫ് മുന്നണിക്ക് നേടാനായത് ഏഴ് വാര്‍ഡുകള്‍ മാത്രവും.

ലീഗിന്റെ ഉറച്ച മൂന്ന് വാര്‍ഡുകളടക്കം യു ഡി എഫില്‍ നിന്ന് ഏഴ് സീറ്റുകളാണ് എല്‍ ഡി എഫ് പിടിച്ചെടുത്തത്. എട്ടിടത്ത് മത്സരിച്ച ലീഗിന് മൂന്നിടത്തെ ജയം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മറ്റു പല വാര്‍ഡുകളിലും യു ഡി എഫിന് പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകള്‍ ഇടത്തേക്ക് മാറിമറിഞ്ഞതും കൗതുകമായി. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പരമ്പാരഗത വോട്ടുകളുള്‍പ്പടെ ബി ജെ പി പക്ഷത്തേക്കും ചാഞ്ഞു. സി പി എമ്മുമായി വലിയ വോട്ടിന്റെ അന്തരമുണ്ടെങ്കിലും നേരത്തെ യു ഡി എഫ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഒമ്പത് വാര്‍ഡുകളില്‍ ബി ജെ പി ഇക്കുറി രണ്ടാം സ്ഥാനത്തെത്തി.

എന്നാല്‍ 32 വാര്‍ഡുകളില്‍ മത്സരിച്ച ബി ജെ പിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് പോലും നേടാനായില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ 4083 വോട്ട് നേടിയ ബി ജെ പിക്ക് ഇത്തവണ 3236 വോട്ടാണ് ലഭിച്ചത്. 847 വോട്ടുകള്‍ കുറഞ്ഞു. കോണ്‍ഗ്രസ്സ് വോട്ടുകള്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയതിന്റെ ഭാഗമായാണ് ചില വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയതെന്ന് സി പി എം ആരോപിച്ചു.
മുസ്‌ലിം ലീഗിന്റെ ഉറച്ച സീറ്റുകളായ ആണിക്കര, കളറോഡ്, നാലാങ്കേരി വാര്‍ഡുകളാണ് ഇത്തവണ പ്രധാനമായും നഷ്ടപ്പെട്ടത്്. മുസ്‌ലിം ലീഗിനെ ഒരു കാലത്തും കൈവിടാതിരുന്ന ഏഴാം വാര്‍ഡായ കളറോഡ് ഇക്കുറി ലീഗിലെ മൈമൂന ടീച്ചറെ 53 വോട്ടിന് പരാജയപ്പെടുത്തിയാണ് സി പി എമ്മിലെ പി റീത്ത പിടിച്ചെടുത്തത്. 35ാം വാര്‍ഡായ നാലേങ്കേരിയും ലീഗില്‍ നിന്ന് ഇടതുക്ഷം കൈക്കലാക്കി. ഐ എന്‍ എല്ലിന്റെ വി ഹുസൈനാണ് ലീഗിലെ ഇ ബശീറിനെ 58 വോട്ടിന് തോല്‍പ്പിച്ചത്. അഞ്ചാം വാര്‍ഡായ ആണിക്കരയില്‍ എല്‍ ഡി എഫ് സ്വതന്ത്രന്‍ കെ മജീദ് ലീഗിലെ ഹിദായത്തുല്ല മാസ്റ്ററെ 189 വോട്ടിന് തോല്‍പ്പിച്ചു. ലീഗിന്റെ കുത്തക സീറ്റായ ഇവിടെ സി എം പി സ്ഥാനാര്‍ഥിയായിരുന്നു കഴിഞ്ഞ തവണ ജയിച്ചു കയറിയത്. ഇത്തവണ സി എം പി, എല്‍ ഡി എഫിനൊപ്പം നിന്നപ്പോള്‍ ഇവിടെ ലീഗ് തന്നെ മത്സരിക്കുകയായിരുന്നു.

എളുപ്പം ജയിച്ചു കയറാമെന്ന് കരുതിയ വാര്‍ഡുകളില്‍ അടിപതറിയത് ലീഗില്‍ വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകും. ഉറച്ച സീറ്റുകളില്‍ എല്ലാക്കാലത്തും 100 വോട്ടിനുമേലെങ്കിലും ഭൂരിപക്ഷം ലഭിക്കാറുണ്ടായിരുന്നു. അതേസമയം ലീഗ് വിജയസാധ്യത പ്രതീക്ഷിച്ച മുണ്ടയോട്, പഴശ്ശി വാര്‍ഡുകളിലും കനത്ത തിരിച്ചടിയേറ്റു. മുണ്ടയോട് 98 വോട്ടിനും പഴശ്ശിയില്‍ 313 വോട്ടിനും ലീഗിനെ ഇടതുപക്ഷം തറപറ്റിച്ചു.

കോണ്‍ഗ്രസിലെ ചിലര്‍ കൈക്കൊള്ളുന്ന ബി ജെ പി അനുകൂല നിലപാടുകളാണ് യു ഡി എഫിന് തിരിച്ചടിയായതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായെന്ന് സി പി എം ശരിവെച്ചു.