331 കമ്പനികള്‍ക്കെതിരെ സെബി നടപടി

  • കള്ളപ്പണം വെളുപ്പിക്കാന്‍ മറയാക്കി കമ്പനികളുടെ ഓഹരി വ്യാപാരം .
  • നിര്‍ത്തിവെക്കാന്‍ നിര്‍ദേശം
Posted on: August 11, 2017 9:07 am | Last updated: August 11, 2017 at 11:24 am

കൊച്ചി: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് 331 കമ്പനികള്‍ക്കെതിരെ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നടപടിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 331 കമ്പനികളെ ‘ഷെല്‍’ (നിഷ്‌ക്രിയ) കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഇവയുടെ വ്യാപാരം നടത്തുന്നതിന് സെബി വിലക്കേര്‍പ്പെടുത്തി. എ ടി എന്‍ ഇന്റര്‍നാഷനല്‍, അല്‍ക്ക ഇന്ത്യ, ബിര്‍ള കോട്‌സിന്‍, ബ്ലൂ ചിപ് ഇന്ത്യ, എ ആര്‍ എസ് എസ് ഇന്‍ഫ്രാ, ജെ കുമാര്‍ ഇന്‍ഫ്രാപ്രൊജക്ട്‌സ്, പിന്‍കോണ്‍ സ്പിരിറ്റ്, ആര്‍ ഇ ഐ ആഗ്രോ തുടങ്ങിയ 331 കമ്പനികള്‍ക്കാണ് സെബി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ കമ്പനികളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ സെബി കഴിഞ്ഞ മാസം ബന്ധപ്പെട്ട മന്ത്രാലയങ്ങളെ അറിയിച്ചിരുന്നു. നോട്ട് നിരോധത്തിന് പിന്നാലെ സാമ്പത്തിക ക്രമക്കേടിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും വേണ്ടി ഒരു മറയായി ഈ കമ്പനികളെ ഉപയോഗിക്കുന്നുവെന്ന് സംശയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ കമ്പനികളെ ‘ഷെല്‍’ വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഷെല്‍ കമ്പനികള്‍ക്കെതിരെ സെബി നടപടി ശക്തമാക്കിയത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. കഴിഞ്ഞ ദിവസം രാവിലെ സെബിയുടെ നിര്‍ദേശം വന്നയുടന്‍ കഴിഞ്ഞ ഏതാനും ദിവസമായി 10,000ത്തിനു മുകളിലായിരുന്ന നിഫ്റ്റി 78.85 പോയിന്റ് താഴ്ന്ന് 9,978ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 259.48 പോയിന്റ് താഴ്ന്ന് 32,014 ലെത്തിയിരുന്നു.

സംശയാസ്പദമായി കണ്ടെത്തിയിട്ടുള്ള ഈ കമ്പനികളുടെ ഓഹരികള്‍ ജി എസ് എമ്മിന്റെ (ഗ്രേഡഡ് സര്‍വെയ്‌ലന്‍സ് മെഷര്‍) സ്റ്റേജ് ആറിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം ഈ ഓഹരികള്‍ക്ക് മാസത്തില്‍ ആദ്യ തിങ്കളാഴ്ച എന്ന തോതില്‍ ഒരിക്കല്‍ മാത്രമേ വ്യാപാരം നടത്താന്‍ കഴിയൂ. ഇതിന് പുറമെ ഇവയുടെ ഓഹരി വില ഉയര്‍ന്നിട്ടുണ്ടെങ്കിലും അവസാനം വ്യാപാരം നടത്തിയ വിലയേക്കാള്‍ കൂടിയ വിലക്ക് ഓഹരി വില്‍ക്കുന്നതിനും വിലക്കുണ്ട്.
കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നും ഇതുപ്രകാരം ഒരു മാസത്തേക്ക് ഈ കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ ലഭ്യമാകില്ലെന്നും അറിയിച്ച സെബി ഈ കമ്പനികളുടെ ഓഹരികളുടെ വ്യാപാരം നിര്‍ത്തിവെച്ചതായും അറിയിച്ചു.