നീറ്റിന് പൊതു ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ സി ബി എസ് ഇക്ക് സുപ്രീം കോടതി നിര്‍ദേശം

Posted on: August 11, 2017 9:03 am | Last updated: August 11, 2017 at 9:03 am

ന്യൂഡല്‍ഹി: മെഡിക്കല്‍, ദന്തല്‍ കോളജുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) പൊതു ചോദ്യപേപ്പര്‍ തയ്യാറാക്കണമെന്ന് സി ബി എസ് ഇക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. പ്രദേശിക ഭാഷകളിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഒരേ ചോദ്യപേപ്പര്‍ തയ്യാറാക്കണമെന്നാണ് നിര്‍ദേശം. അടുത്ത വര്‍ഷം ഏത് രീതിയിലാണ് നീറ്റ് പരീക്ഷ നടക്കുകയെന്ന് ആരാഞ്ഞ് ഒരു പരീക്ഷാര്‍ഥി നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് നിരീക്ഷണം നടത്തിയത്. പ്രദേശിക ഭാഷകളില്‍ ഏത്ര പേര്‍ പരീക്ഷയില്‍ വിജയം നേടിയിട്ടുണ്ടെന്നും കോടതി ചോദിച്ചു. പ്രദേശിക ഭാഷകളില്‍ പരീക്ഷ എഴുതിയ 1,00,152 പേരില്‍ 30,817 പേര്‍ വിജയിച്ചതായി സി ബി എസ് ഇ കോടതിയെ അറിയിച്ചു. ഇവരില്‍ ഒരാള്‍ മാത്രമാണ് 720ല്‍ 600 മാര്‍ക്ക് നേടിയത്. 84 വിദ്യാര്‍ഥികള്‍ 501നും 600നുമിടയില്‍ മാര്‍ക്കുകള്‍ നേടിയെന്നും സി ബി എസ് ഇ കോടതിയെ അറിയിച്ചു.

നീറ്റ് പരീക്ഷക്കായി പ്രാദേശിക ഭാഷകളില്‍ പലതരത്തിലുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിനെ കോടതി വിമര്‍ശിച്ചു. പൊതു ചോദ്യപേപ്പര്‍ അല്ലാത്തതിനാല്‍ നീറ്റ് പരീക്ഷ എഴുതുന്ന 11.35 ലക്ഷം വിദ്യാര്‍ഥികളില്‍ 6.11 ലക്ഷം പേര്‍ക്ക് ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും ബഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍, 2013ലെ നീറ്റ് പരീക്ഷയില്‍ പ്രദേശിക ഭാഷയില്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് 501നും 600 ഇടയില്‍ മാര്‍ക്ക് കരസ്ഥാമാക്കിയതെന്ന് സി ബി എസ് ഇ കോടതിയെ അറിയിച്ചു.

ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കുന്ന ചോദ്യങ്ങളേക്കാള്‍ കടുപ്പമേറിയതാണ് പ്രാദേശിക ഭാഷകളിലുള്ള ചോദ്യങ്ങളെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എട്ട് വ്യത്യസ്ത ഭാഷകളിലുള്ള ചോദ്യപേപ്പറുകള്‍ വ്യത്യസ്ത ചോദ്യങ്ങളാണ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ കോടതി സമീപിച്ചത്. തുടര്‍ന്ന് പരീക്ഷാ ഫലം താത്കാലികമായി സ്റ്റേ ചെയ്തിരുന്നുവെങ്കിലും പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണത്തെ തുടര്‍ന്ന് നീക്കുകയായിരുന്നു.