പ്രക്ഷോഭത്തെ പിന്തുണച്ച വെനിസ്വേലന്‍ മേയറെ പുറത്താക്കി

Posted on: August 11, 2017 7:51 am | Last updated: August 11, 2017 at 12:54 am

00കാരക്കസ്: വെനിസ്വേലയില്‍ ഒരു മേയറെ കൂടി ജയിലിലടക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചുവെന്ന് കാണിച്ചാണ് കാരക്കസ് മേയര്‍ ഡേവിഡ് സ്‌മൊളാന്‍സ്‌കിയെ പുറത്താക്കിയതും ജയിലിലടക്കാന്‍ ഉത്തരവിട്ടതും. രണ്ടാഴ്ചക്കിടെ ഇത് അഞ്ചാമത്തെ പ്രതിപക്ഷ മേയര്‍ക്കെതിരെയാണ് ഇത്തരത്തില്‍ നടപടി വരുന്നത്. ഭരണഘടനാ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ശേഷം പ്രസിഡന്റ് നിക്കോളാസ് മദുറോ നടത്തുന്ന അധികാര കേന്ദ്രീകരണത്തിന്റെ ഭാഗമാണ് ഈ നടപടികളെന്ന് പ്രതിപക്ഷം വാദിക്കുന്നു. ബുധനാഴ്ച രാത്രി വന്ന സുപ്രീം കോടതി വിധി പ്രകാരം ഡേവിഡ് സ്‌മൊളാന്‍സ്‌കി 15 മാസം തടവ് ശിക്ഷയനുഭവിക്കണം.

ഭരണഘടനാ അസംബ്ലിക്ക് തുടക്കം കുറിച്ച് കൊണ്ട് മദുറോ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച സ്‌മൊളാന്‍സ്‌കി കലാപത്തിന് തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ തന്നെ ആക്ടിവിസ്റ്റുകള്‍ക്കിടയില്‍ മുന്‍ നിരയിലുണ്ടായിരുന്ന സ്‌മൊളാന്‍സ്‌കി കഴിഞ്ഞ നാല് മാസമായി നടന്നുവരുന്ന പ്രക്ഷോഭത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

അതിനിടെ, വെനിസ്വേലക്കെതിരെ പുതിയ ഉപരോധവുമായി അമേരിക്ക രംഗത്തെത്തി. ഏതാനും രാഷ്ട്രീയ നേതാക്കളെയും സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് ഉപരോധത്തിന്റെ പരിധിയില്‍ പെടുത്തിയിരിക്കുന്നത്. എന്നാല്‍ വെനിസ്വേലന്‍ പെട്രോളിയും വ്യവസായത്തിന് മേല്‍ ഉപരോധം വേണമെന്ന സര്‍ക്കാര്‍വിരുദ്ധരുടെ ആവശ്യം യു എസ് അംഗീകരിച്ചിട്ടില്ല. ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സോഷ്യലിസ്റ്റ് രാഷ്ട്രത്തെ ആത്യന്തിക തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന ഉപരോധ തീരുമാനം ഉടന്‍ കൈകൊള്ളുമെന്നാണ് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്.
നാഷനല്‍ അസംബ്ലിക്കും മുകളില്‍ അധികാര പരിധിയുള്ളതാണ് പുതുതായി നിലവില്‍ വന്ന ഭരണഘടനാ അസംബ്ലി. അതിലാകട്ടെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സര്‍വാധിപത്യമാണ്. കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് പ്രതിപക്ഷം

ബഹിഷ്‌കരിക്കുകയായിരുന്നു. ഈ അസംബ്ലി നിലവില്‍ വന്നതിന് പിറകേയാണ് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.
545 അംഗ അസംബ്ലി രാജ്യത്ത് സമാധാനവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് പ്രസിഡന്റ് മദുറോ പറയുന്നത്. ഇനി നിയമങ്ങള്‍ പാസ്സാക്കണമെങ്കില്‍ 2015 മുതല്‍ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള നാഷനല്‍ അസംബ്ലിയുടെ അഥവാ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമില്ല.