ഗുവാമില്‍ പോര്‍മുഖം തുറന്ന് ഉത്തര കൊറിയയും യു എസും

Posted on: August 11, 2017 12:50 am | Last updated: August 11, 2017 at 12:50 am

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഭരണപ്രദേശമായ ഗുവാമില്‍ പോര്‍മുഖം തുറന്ന് ഉത്തര കൊറിയ. ഗുവാം ആക്രമിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് ഉത്തര കൊറിയ വീണ്ടും രംഗത്തെത്തി. ഉത്തര കൊറിയന്‍ പ്രകോപനം വിലവെക്കാതെ ഭീഷണിയുമായി അമേരിക്കയും നിലയുറപ്പിച്ചതോടെ ഗുവാം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ഏത് സമയത്തും തങ്ങളുടെ ആക്രമണം നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്ന ഉത്തര കൊറിയയുടെ ഭീഷണി ഗുവാമിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സമ്മതം ലഭിച്ചാല്‍ ഹുവാംഗ് സംഗ് 12 റോക്കറ്റുകള്‍ ജപ്പാനിന്റെയും ഗുവാമിന്റെയും മുകളിലൂടെ പറക്കുമെന്നും ഗുവാമിന് നേരെ നാല് മിസൈലുകള്‍ തയ്യാറായി നില്‍ക്കുകയാണെന്നും ദേശീയ വാര്‍ത്താ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. അതേസമയം, ഉത്തര കൊറിയ ഇത്തരം പ്രകോപനം തുടരുകയാണെങ്കില്‍ കിം ജോംഗിന്റെ ഭരണം തീര്‍ത്ത് കളയുമെന്ന് അമേരിക്ക തിരിച്ചടിച്ചു. യു എസിനെതിരെ പ്രകോപനമുണ്ടാക്കുന്നത് തുടര്‍ന്നാല്‍ ഉത്തര കൊറിയ കനത്ത വില നല്‍കേണ്ടിവരുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും വ്യക്തമാക്കി. ഇത്തരം നടപടികള്‍ ഉത്തര കൊറിയക്ക് വന്‍ നാശം വരുത്തിവെക്കുമെന്നും അതിനാല്‍ സൈനിക നടപടികള്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര കൊറിയയെ നേരിടാന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്നും മാറ്റിസ് കൂട്ടിച്ചേര്‍ത്തു.

ഉത്തര കൊറിയക്കെതിരെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായ താക്കീത് നല്‍കിയതിന് പിന്നാലെയാണ് ഗുവാം ആക്രമിക്കുമെന്ന ഉത്തര കൊറിയയുടെ മുന്നറിയിപ്പ് വരുന്നത്. ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷണം നടത്തിയ ഉത്തര കൊറിയയുടെ മുന്നറിയിപ്പ് പൂര്‍ണമായും അവഗണിക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഐക്യരാഷ്ട്ര സഭയില്‍ യു എസിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന സാമ്പത്തിക ഉപരോധ പ്രമേയം പാസാക്കിയത് ഉത്തര കൊറിയയെ ചൊടിപ്പിച്ചിരുന്നു. തങ്ങളുടെ സാമ്പത്തിക മേഖലയെ തീര്‍ത്തും തളര്‍ത്തുന്ന ഉപരോധം മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ട്രംപിന്റെ ഭീഷണി വരുന്നത്. ഇതോടെയാണ് ഗുവാം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയ രംഗത്തെത്തിയത്. യു എസ് സൈനിക കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്ന ഭരണപ്രദേശമാണ് ശാന്തസമുദ്രത്തിലെ ഗുവാം.

1.63 ലക്ഷം പേര്‍ അതിജീവിക്കുന്ന ഗുവാമിലെ സ്ഥിതി നിലവില്‍ ശാന്തമാണെന്നും ഉത്തര കൊറിയ പ്രകോപനം തുടരുകയാണെങ്കില്‍ കനത്ത ആഘാതമുണ്ടാകുമെന്നുമുള്ള രീതിയില്‍ ഇവിടുത്തെ ഗവര്‍ണര്‍ പ്രതികരിച്ചിട്ടുണ്ട്. 1,065 സെക്കന്റിനുള്ളില്‍ 3356.7 കിലോമീറ്റര്‍ നീളത്തില്‍ കുതിക്കാന്‍ കഴിയുന്ന റോക്കറ്റുകള്‍ തങ്ങളുടെ കൈവശം തയ്യാറായിട്ടുണ്ടെന്ന് ഉത്തര കൊറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.