അലീഗഢിന് പിന്നാലെ ജാമിഅക്ക് നേരെയും

Posted on: August 11, 2017 6:45 am | Last updated: August 11, 2017 at 12:46 am

രാജ്യത്തെ മതന്യൂനപക്ഷത്തിന്റെ ശേഷിപ്പുകളൊന്നടങ്കം തുടച്ചു നീക്കുന്നതിന്റെ ഭാഗമാണ് ജാമിഅ മില്ലിയ്യയുടെ ന്യൂനപക്ഷ പദവി ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡല്‍ഹി ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ സ്ഥാപനം ന്യൂനപക്ഷ പദവി അര്‍ഹിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കമ്മീഷന്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. 2011-ല്‍ യു പി എ സര്‍ക്കാറിന്റെ കാലത്ത് മാനവ വിഭവശേഷി മന്ത്രാലയം ഈ സത്യവാങ്മൂലത്തിന് കോടതിയില്‍ പിന്തുണ അറിയിക്കുകയുമുണ്ടായി. പാര്‍ലിമെന്റ് ആക്ട് പ്രകാരം സ്ഥാപിതമായ ജാമിഅക്ക് പണം നല്‍കുന്നത് കേന്ദ്ര സര്‍ക്കാറായതിനാല്‍ സ്ഥാപനം ന്യൂനപക്ഷ പദവി അര്‍ഹിക്കുന്നില്ലെന്നു കാണിച്ചു ഇതിനെതിരെ പുതിയ സത്യവാങ്മൂലം നല്‍കാനാണ് മോദി സര്‍ക്കാറിന്റെ തീരുമാനം. അലീഗഢിന്റെ കാര്യത്തിലും ഇതേ നിലപാടാണ് നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ചത്.

സര്‍ സയ്യിദ് അഹ്മദ്ഖാന്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജാണ് പിന്നീട് അലീഗഢ് മുസ്‌ലിം സര്‍വകലാശാലയായി മാറിയത്. ഇതടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ സ്ഥാപിച്ചത് എം എ ഒ കോളജ് മാത്രമാണെന്നും അലീഗഢ് സര്‍വകലാശാല സ്ഥാപിതമായത് (ബ്രിട്ടീഷ്) ഗവണ്‍മെന്റ് ആക്ട് വഴിയായതിനാല്‍ മുസ്‌ലിംകള്‍ സ്ഥാപിച്ച് നടത്തുന്നതായി കണക്കാക്കാനാവില്ലെന്നുമായിരുന്നു 1968ലെ അസീസ് ബാഷ കേസില്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നത്. ഈ നിരീക്ഷണം ജാമിഅ മില്ലിയ്യക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി നല്‍കിയ നിയമോപദേശമാണ് മോദി സര്‍ക്കാറിന് പിടിവള്ളി. എന്നാല്‍, ഒരു സമുദായം അവരുടെ മുന്നേറ്റം ലക്ഷ്യമാക്കി പടുത്തുയര്‍ത്തിയ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്വഭാവം അത് സര്‍വകലാശാലയായി രൂപാന്തരപ്പെട്ടു എന്നതുകൊണ്ട് മാത്രം ഇല്ലാതാകുന്നില്ലെന്ന് 1981-ല്‍ പാര്‍ലിമെന്റ്അംഗീകരിച്ചതും തദടിസ്ഥാനത്തില്‍ അലീഗഢിന്റെ ന്യൂനപക്ഷ പദവി തിരിച്ചുനല്‍കി എ എം യു ആക്ടില്‍ ഭേദഗതി കൊണ്ടുവന്നതുമാണ്. ഇതിന് നേരെ മുഖം തിരിച്ചുകൊണ്ടാണ് മുകുള്‍ റോഹ്ത്തഗി യുടെ നിയമോപദേശം.

ജാമിഅ മില്ലിയ്യയും അലീഗഢും മുസ്‌ലിംകളാല്‍ സ്ഥാപിതമായ വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. ഈ സ്ഥാപനങ്ങളുടെ ന്യൂനപക്ഷപദവിക്കെതിരെയുള്ള നീക്കങ്ങള്‍ ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ക്കെതിരാണ്. എങ്കിലും, രാജ്യത്തെ ഹിന്ദുത്വ ശക്തികളും മുസ്‌ലിം വിരുദ്ധരും ഇവയുടെ മുസ്‌ലിം സ്വഭാവം എടുത്തുകളഞ്ഞേ തീരൂ എന്ന വാശിയിലാണ്. ഇതിന്റെ ഭാഗമായി 1988ല്‍ സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവം സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. എങ്കിലും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ 2011 ഫെബ്രുവരി 22ന് അത് പുനഃസ്ഥാപിച്ചു. അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള കമ്മീഷന്‍ 2001 മുതല്‍ നടത്തിയ സുദീര്‍ഘമായ വിചാരണകളിലൂടെ ന്യൂനപക്ഷ പദവിയെ അനുകൂലിക്കുന്നവരുടെയും പ്രതികൂലികളുടെയും ന്യായവാദങ്ങളും തെളിവുകളും സസൂക്ഷ്മം പഠിച്ചു വിലയിരുത്തിയ ശേഷമാണ് അത് പുനഃസ്ഥാപിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തമായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു നടത്താനും അവക്ക് ന്യൂനപക്ഷ സ്വഭാവം നിലനിര്‍ത്താനും ഭരണഘടനയുടെ 30(1)വകുപ്പ് നല്‍കുന്ന അവകാശത്തെ ആധാരമാക്കിയായിരുന്നു കമ്മീഷന്റെ തീരുമാനം. സര്‍ക്കാര്‍ അംഗീകരിച്ചുവെന്നത് കൊണ്ട് ഒരു സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി ഇല്ലാതാവുകയില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. സര്‍ക്കാറിന്റെ സാമ്പത്തിക സഹായമുണ്ട് എന്നതാണ് ന്യൂനപക്ഷ സ്വഭാവത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. മുസ്‌ലിംകളും നികുതിദായകരായതിനാല്‍ സര്‍ക്കാറില്‍ നിന്ന് സാമ്പത്തിക സഹായത്തിന് അവരും അര്‍ഹരാണെന്നും ഈ വാദത്തെ ഖണ്ഡിച്ചു കൊണ്ട് കമ്മീഷന്‍ സമര്‍ഥിക്കുകയുണ്ടായി.
ബ്രിട്ടീഷുകാരുമായി നിസ്സഹകരിക്കാനുള്ള ഗാന്ധിജിയുടെ ആഹ്വാനത്തില്‍ ആവേശം പൂണ്ട അലീഗഢ് സര്‍വകലാശാലയിലെ മുസ്‌ലിം അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് 1920 ഒക്‌ടോബറില്‍ ജാമിഅ മില്ലിയ്യ സ്ഥാപിച്ചത്. അലീഗഢ് മേധാവികള്‍ ബ്രിട്ടീഷുകാരോട് പുലര്‍ത്തിയ ആഭിമുഖ്യമാണ് അവിടെ നിന്ന് ഇറങ്ങിപ്പോന്ന് അലീഗഢില്‍ തന്നെ മറ്റൊരു സ്ഥാപനം പടുത്തുയര്‍ത്താന്‍ അവരെ പ്രചോദിതരാക്കിയത്.

1925 ല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജാമിഅയെ പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റിയത്. ഇന്ത്യക്കാരുടെ വിശേഷിച്ചും മുസ്‌ലിംകളുടെ മതപരവും ഭൗതികവുമായ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ജാമിഅയുടെ സംസ്ഥാപനത്തിന് നേതൃത്വം നല്‍കിയ മൗലാനാ മുഹമ്മദലി ജൗഹര്‍, മൗലാനാ മഹ്മൂദ് ഹസന്‍, ഡോ. മുഖ്താര്‍ അഹ്മദ് അന്‍സാരി തുടങ്ങിയവര്‍ അന്നേ പറഞ്ഞു വെച്ചിട്ടുണ്ട്. 1962-ല്‍ കല്‍പിത സര്‍വകലാശാലയായും 1988-ല്‍ സ്‌പെഷ്യല്‍ ആക്ടിലൂടെ കേന്ദ്ര സര്‍വകലാശാലയായും ഉയര്‍ത്തപ്പെടുക വഴി ഉന്നതിയുടെ പടവുകള്‍ ചവിട്ടിക്കയറിയപ്പോഴൊന്നും അടിസ്ഥാന പ്രഖ്യാപിത നയത്തില്‍ നിന്ന് ജാമിഅ വ്യതിചലിച്ചിട്ടില്ല. അത് നഷ്ടപ്പെടുത്താന്‍ തത്പര ശക്തികള്‍ രംഗത്തു വന്നപ്പോഴൊക്കെയും മുസ്‌ലിം സമുദായവും രാജ്യത്തെ മതേതര വിശ്വാസികളും ചെറുത്തു തോല്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ആര്‍ എസ് എസ് അജന്‍ഡയനുസരിച്ചു ജാമിഅയുടെ ന്യൂനപക്ഷ പദവി നഷ്ടപ്പെടുത്താനുള്ള സര്‍ക്കാറിന്റെ നീക്കത്തിനെതിരെ മതേതര ശക്തികള്‍ രംഗത്തുവരേണ്ടതുണ്ട്.