Connect with us

Articles

ആശുപത്രിയാണ് പോലും!

Published

|

Last Updated

പേരുകേട്ട കേരളാ മോഡല്‍ ആരോഗ്യ രംഗത്തിന്റെ പേരില്‍ അഭിമാനിച്ചിരുന്ന കേരളീയര്‍ മുഴുവന്‍ തലതാഴ്ത്തി നില്‍ക്കേണ്ടി വന്ന ദിനങ്ങളാണിത്. അപായത്തില്‍ ആരുമറിയാതെ റോഡില്‍ ഒരു ജീവന്‍ പൊലിഞ്ഞാല്‍ അതിന്റെ ദുഃഖം പരസ്യമായി പങ്ക്‌വെക്കുന്ന അനേകമാളുകള്‍ ജീവിക്കുന്ന കേരളത്തില്‍, ഏഴ് ആശുപത്രികളില്‍ ജീവനോടെ ഒരു മനുഷ്യനെ എത്തിച്ചിട്ടും ചികിത്സ നല്‍കാനുള്ള സന്മനസ്സ് ഇല്ലാത്തതു കൊണ്ടുമാത്രം ജീവന്‍ നഷ്ടപ്പെടേണ്ടി വന്ന മുരുകന്റെ അവസ്ഥ സമൂഹത്തെ സ്തബ്ധമാക്കിക്കളഞ്ഞു. എത്ര നിഷ്ഠൂരമാണ് നമ്മുടെ ആതുരാലയങ്ങള്‍ എന്ന തിരിച്ചറിവ് ഒരിക്കല്‍ക്കൂടി നമ്മെ കണ്ണ് തുറപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.
തമിഴ്‌നാട് സ്വദേശി മുരുകനും കൂട്ടുകാരന്‍ മുത്തുവും സഞ്ചരിച്ച ബൈക്ക് കുണ്ടറ കുരീപ്പള്ളി പള്ളിവടക്കതില്‍ സഫിയുല്ല സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നത്. വൈകാതെ നാലുപേരെയും ഹൈവേ പോലീസ് കൊട്ടിയത്തെ ആശുപത്രിയില്‍ കാണിച്ചു.

അവര്‍ കൈയൊഴിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മുരുകനെ മറ്റ് ആറ് ആശുപത്രികളില്‍ക്കൂടി പ്രവേശിപ്പിക്കാന്‍ അപേക്ഷിച്ച് കൊണ്ടു ചെന്നെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയച്ചതോടെ വിലപ്പെട്ട ജീവന്‍ ആശുപത്രികളുടെ മുന്നില്‍ വെച്ച് നഷ്ടപ്പെടുവാന്‍ ഇടയായി. ആ മരണത്തിന്, അല്ല ആ കൊലപാതകത്തിന് ആരൊക്കെയാണ് ഉത്തരവാദികള്‍? വഴിയില്‍ പരുക്കേറ്റ് കിടന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകാതെ അലംഭാവം കാട്ടുന്നവരെ അപലപിക്കുന്നവരാണ് നാം. എന്നാല്‍, രാത്രി 10.30 മുതല്‍ പിറ്റേ ദിവസം രാവിലെ ആറ് മണിവരെ ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ജീവന്‍ കൈയിലെടുത്തുകൊണ്ട് ഓടുകയും ആരും കരുണ കാണിക്കാതിരിക്കുകയും ചെയ്ത സംഭവം ആദ്യത്തേതായിരിക്കാം. ആ കുറ്റകരമായ അലംഭാവത്തിന്, ചികിത്സ നിഷേധിച്ചതിന്, പ്രാഥമികമായ ആരോഗ്യ നൈതികത പുലര്‍ത്താന്‍ കഴിയാത്തതിന് ഉത്തരവാദികള്‍ക്കു കടുത്ത ശിക്ഷ നല്‍കുക തന്നെ വേണം.

കേരളത്തില്‍, ഇനിയെങ്കിലും ഇത്തരം ക്രൂരമായ മറ്റൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ മാതൃകാ ശിക്ഷ ആവശ്യമാണ്. എല്ലാവിധ സൗകര്യങ്ങളുമുള്ള സ്വകാര്യ ആശുപത്രികളിലാണ് മുരുകനെ എത്തിച്ചതെന്ന കാര്യം മറക്കാനാവില്ല. കൊല്ലം മെഡിസിറ്റി, മെഡിട്രിന, കിംസ്, അസീസിയ തുടങ്ങിയവയെല്ലാം പരുക്കേറ്റ ഒരാള്‍ക്കു നല്‍കാവുന്ന ചികിത്സക്കുള്ള എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രികളാണ്. എന്തുകൊണ്ട്, അവര്‍ ചികിത്സിക്കാന്‍ കഴിയില്ലായെന്ന് പറഞ്ഞു? ആതുരസേവനത്തിന്റെ ഏറ്റവും പ്രാഥമിക ഉത്തരവാദിത്വം അടിയന്തര ചികിത്സ ലഭ്യമാക്കുക എന്നതാണ്. ചികിത്സാ ചെലവും മറ്റു കാര്യങ്ങളുമെല്ലാം രണ്ടാമത്തേതാണ്. വെന്റിലേറ്റര്‍ ഒഴിവില്ലെങ്കില്‍, രോഗിയുടെ സ്ഥിതിവെച്ച് അതിനുള്ള സൗകര്യമൊരുക്കണം. വെന്റിലേറ്റര്‍ എവിടെയുണ്ടെന്ന് അന്വേഷിച്ച് അവിടെ എത്തിക്കാനുള്ള ചുമതലകൂടി ആശുപത്രികളില്‍ ജോലിനോക്കുന്നവര്‍ക്കുണ്ട്. കോടികള്‍ ലാഭമുണ്ടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കു അതിനുള്ള സംവിധാനമില്ലാത്തതല്ലല്ലോ പ്രശ്‌നം. തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് പണം കിട്ടുമോ എന്നുറപ്പില്ലാത്തതിനാല്‍ മാത്രമാണ് ആശുപത്രിക്കാര്‍ കൈയൊഴിഞ്ഞത്.
സര്‍ക്കാര്‍ ആശുപത്രിയുടെ ശോച്യാവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു മുരുകന്റെ മരണം.

വെന്റിലേറ്റര്‍ സൗകര്യം കൂടുതല്‍ രോഗികള്‍ക്കു നല്‍കാനുള്ള സംവിധാനം റഫറല്‍ ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇല്ലായിരുന്നു. ട്രോമാക്കെയര്‍ യൂനിറ്റുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മിക്കതിലും ഇല്ല. ന്യൂറോ സര്‍ജന്‍ ആശുപത്രിയില്‍ സമയത്ത് ഇല്ലെങ്കില്‍, അടിയന്തര സാഹചര്യത്തില്‍ വിളിച്ചു വരുത്തണം. അതിനെല്ലാം “മനുഷ്യത്വം” എന്ന ഒരു സംഗതി ലോകത്തുണ്ട്. എന്ന് മനസ്സിലാക്കാന്‍ കഴിയണ്ടേ?
അതൊരു വികാരഭാവമാണ്. ഡോക്ടറോ നഴ്‌സോ മാനേജരോ ഒക്കെ ആകുന്നത് അതിന് ശേഷമായിരിക്കണം. മനുഷ്യത്വം നഷ്ടപ്പെട്ട കമ്പോള ജീവിതത്തില്‍ മനുഷ്യന് പഴന്തുണിയുടെ വില പോലും കല്‍പ്പിക്കപ്പെടുന്നില്ല. പണം മാത്രമാണ് അവര്‍ക്ക് വലുത്. ചികിത്സാലയങ്ങള്‍ കൊള്ളലാഭം കൊയ്യാനുള്ള വാണിജ്യസ്ഥാപനങ്ങള്‍ മാത്രമാണ് എന്ന അവസ്ഥ എത്രമേല്‍ പരിതാപകരമാണ്. അവയുടെ ഇരകളായി സാധാരണക്കാരായിട്ടുള്ള മനുഷ്യര്‍ മാറിത്തീരുന്നുവെന്നതാണ് ഏറെ വേദനാകരം.

ഏത് സംസ്ഥാനത്തെ മനുഷ്യന്‍ എന്ന ഒരു ചോദ്യം ആരോഗ്യ നൈതികതയില്‍ ഉണ്ടോ? ചികിത്സിക്കേണ്ടത് ആരെ? ഏത് പ്രദേശത്തുകാരന്‍, ഏത് വര്‍ഗക്കാരന്‍, ഏത് ജാതിക്കാരന്‍ എന്നതാവരുത് മാനദണ്ഡം. കൂടെ നില്‍ക്കാന്‍ ആളില്ലെങ്കില്‍ ചികിത്സക്കില്ലായെന്നു പറയാന്‍ ആശുപത്രി അധികാരികള്‍ക്കു എന്താണ് അവകാശം? ആദ്യം മനുഷ്യജീവന്‍ രക്ഷിക്കുക എന്നതല്ലേ ആതുരാലയത്തിന്റെ കര്‍ത്തവ്യം. ആ ധാര്‍മിക ഉത്തരവാദിത്വം നിര്‍വഹിക്കാതിരുന്നതു എന്തു കാരണം പറഞ്ഞിട്ടായാലും പിന്നെ അവരെ ആ ജോലിയില്‍ തുടരാന്‍ അനുവദിക്കാന്‍ പാടില്ല.
ഇനി, മാനേജര്‍മാരുടെ ലാഭതൃഷ്ണമൂലം, ചികിത്സ നിഷേധിക്കുന്ന സംഭവമാണിതെന്നതിനാല്‍ അതൊരു മനുഷ്യാവകാശ ലംഘനമായി കാണണം. ഒരു മനുഷ്യനെ കൊല്ലുന്നതിന് തുല്യമാണത്. മനഃപൂര്‍വമുള്ള നരഹത്യക്ക് കേസ്സെടുക്കണം. അഞ്ച് ആശുപത്രികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

റോഡപകടങ്ങളിലോ മറ്റോപെട്ട് ചികിത്സ തേടുന്നവര്‍ക്കു മറ്റൊന്നും നോക്കാതെ ചികിത്സ ലഭ്യമാക്കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണം. അതിന് തയ്യാറാകാത്ത ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗൗരവത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സയോ നഷ്ടപരിഹാരമോ കാലതാമസം കൂടാതെ നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണം. അവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം. പാവപ്പെട്ടവരാണെങ്കില്‍ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കണം.
ആരോഗ്യരംഗത്തെ കച്ചവട ശക്തികളില്‍ നിന്ന് മോചിപ്പിക്കാനുള്ള ചുമതലകള്‍കൂടി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നുവെന്നാണ് മുരുകന്റെ ദാരുണാന്ത്യം വിളിച്ചോര്‍മിപ്പിക്കുന്നത്. ആശുപത്രിയില്‍ സമയത്ത് എത്തിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ആശുപത്രിയില്‍ എത്തിയാല്‍ ചികിത്സ ലഭിക്കുമെന്ന് ഉറപ്പാക്കുന്ന നടപടികളും. അതിനുള്ള ആര്‍ജവം സംസ്ഥാന സര്‍ക്കാറിന്റെ തുടര്‍ നടപടികളില്‍ ഉണ്ടായേ മതിയാകൂ.