ടെന്‍ഷന്‍ വില കൊടുത്ത് വാങ്ങുന്നവര്‍

Posted on: August 11, 2017 6:15 am | Last updated: August 11, 2017 at 12:40 am
SHARE

ഒരാളിലെ ഇസ്‌ലാമിന്റെ നന്മയാണ് അയാള്‍ക്ക് ആവശ്യമില്ലാത്തതെല്ലാം ഉപേക്ഷിക്കുക എന്നത് (തുര്‍മുദി)
വസ്തുക്കള്‍, ശീലങ്ങള്‍, സ്വഭാവങ്ങള്‍, ചിന്തകള്‍… ഇങ്ങനെ എല്ലാ കാര്യങ്ങളിലുമുണ്ട് ആവശ്യമുള്ളതും ആവശ്യമില്ലാത്തതും. ഇതില്‍ വേണ്ടത് മാത്രം എടുത്ത് വേണ്ടാത്തവ ഉപേക്ഷിക്കാന്‍ ശീലിച്ചാല്‍ പിരിമുറുക്കമില്ലാത്ത ശാന്തമായ ജീവിതം നയിക്കാനാകും.

അനാവശ്യ വസ്തുക്കള്‍ ഒഴിവാക്കാനുദ്ദേശിക്കുന്നയാള്‍ ആദ്യം തന്റെ കീശ തന്നെ പരിശോധിക്കുക. ഒരു മാസം മുമ്പ് ട്രെയിന്‍ യാത്ര നടത്തിയ ടിക്കറ്റ് പോക്കറ്റില്‍ തന്നെ കാണും. ബസ് ടിക്കറ്റുകള്‍ക്ക് കണക്കില്ല. പച്ചക്കറി വാങ്ങിയ ബില്ലുകള്‍, പഴയ മരുന്ന് ചീട്ടുകള്‍… എല്ലാം കൂടി ഒരു വേസ്റ്റ് ബോക്‌സ് ആയിട്ടില്ലേ കീശ?

ഇവക്കിടയില്‍ അത്യാവശ്യമുള്ള പലതും അപ്രത്യക്ഷമാകാറുമുണ്ട്. കരന്റ് ബില്ല്, നികുതിയടച്ച റസിപ്റ്റ്, ഗ്യാരന്റി- വാറണ്ടി പേപ്പറുകള്‍ തുടങ്ങി പലതും. ഇനിയെങ്കിലും എല്ലാം ഒന്ന് വകതിരിച്ച് ആവശ്യമില്ലാത്തവ കളഞ്ഞ് നോക്കൂ. ഇസ്‌ലാമിന്റെ ഒരു നന്മ നിങ്ങളിലും വിളങ്ങട്ടെ. മുത്ത് നബി(സ)യുടെ ഒരു ഉപദേശം ജീവിതച്ചിട്ടവരുത്തട്ടെ.
വീട്ടിലെത്തിയാല്‍ കോണിപ്പടിയുടെ അടിഭാഗത്തൊരു കടലാസ് പെട്ടിയുണ്ടാകും. വര്‍ഷങ്ങള്‍ പഴക്കമുള്ള ദിനപത്രങ്ങളായിരിക്കും അതില്‍. ആവശ്യം വരുമെന്ന് കരുതി സൂക്ഷിക്കുകയാണ്. ആവശ്യക്കാര്‍ ചോദിച്ചുവന്നപ്പോഴൊന്നും കൊടുത്തതുമില്ല. ഇപ്പോള്‍ കൂറ, പല്ലി തുടങ്ങിയവരൊക്കെ പെറ്റുപെരുകുന്നത് ഈ പെട്ടിക്കകത്താണ്.
കിടപ്പുമുറിയിലെ റാക്കിന് മുകളിലുമുണ്ട് പെട്ടികള്‍ രണ്ടെണ്ണം. പഴയ തുണിശ്ശീലകളാണവയില്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഉടയാടകള്‍. ഈ സൂക്ഷിപ്പുവെപ്പില്‍ സ്ഥലം മുടക്കവും വൃത്തികേടുമല്ലാതെ ഒരു ഫലവുമില്ലെന്നറിയാം. എന്നാലും ഒഴിവാക്കാന്‍ തോന്നുന്നില്ല. ആവശ്യക്കാര്‍ക്ക് കൊടുത്തോ വേണ്ടാത്തവ നശിപ്പിച്ചോ ഇവ ഒഴിവാക്കുക. വെറുതേ സൂക്ഷിച്ച് ടെന്‍ഷനടിക്കേണ്ട.

അനാവശ്യങ്ങള്‍ ചിന്തയില്‍ പേറിയാണ് പലരും മനസ്സ് നീറ്റുന്നത്. പാരീസില്‍ പന്ത് തട്ടുമ്പോള്‍ ഇങ്ങ് കേരളത്തില്‍ പന്തയം വെക്കുകയാണവര്‍. ഇംഗ്ലണ്ടില്‍ മഴ പെയ്യുമ്പോള്‍ ഇന്ത്യയില്‍ ചിലര്‍ കുട പിടിക്കുന്നു. ഇവരാണ് ടെന്‍ഷന്‍ വില കൊടുത്ത് വാങ്ങുന്നവര്‍. ലോക രാജ്യങ്ങള്‍ മൊത്തം മനസ്സില്‍ കയറ്റി രക്തസമ്മര്‍ദം വര്‍ധിപ്പിച്ച് തന്റെ സ്വഭാവം തന്നെ പാരുഷ്യമാക്കുമ്പോള്‍ ഇതിന്റെ ദുരിതം അയാള്‍ മാത്രമല്ല, ഭാര്യയും മക്കളും കീഴുദ്യോഗസ്ഥന്മാരുമെല്ലാം അനുഭവിക്കണം.

സ്വഭാവ പെരുമാറ്റങ്ങളിലുമുണ്ട് ഈ അനാവശ്യം. രണ്ട് പേര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ വലിഞ്ഞുകയറി അതില്‍ കക്ഷി ചേരുന്നവരുണ്ട്. ചിലപ്പോള്‍ അവരെ ഇയാള്‍ തമ്മിലടിപ്പിക്കും. അയല്‍ക്കാരായ ദമ്പതികളുടെ സൗന്ദര്യപ്പിണക്കത്തിലും ഒരേ പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകളിലെ വാദപ്രതിവാദങ്ങളിലുമൊന്നും പുറത്തുള്ളവര്‍ക്ക് റോളില്ല. എങ്കിലും ചിലര്‍ക്ക് ഇടപെടാതിരിക്കാന്‍ കഴിയില്ല. ഒടുവില്‍ നിങ്ങളെന്തിനാ ഞങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നത് എന്ന് രണ്ട് കക്ഷികളും ഒന്നിച്ച് ചോദിക്കുമ്പോള്‍ ഇത്തരക്കാര്‍ ചമ്മലോടെ പിന്മാറേണ്ടിവരും.
ചിലര്‍ക്ക് സംസാരത്തിലാണ് ആവശ്യവും അത്യാവശ്യവും അനാവശ്യവുമെല്ലാം വേര്‍തിരിച്ചറിയാതിരിക്കല്‍. ഒരു വാക്കിലൊതുക്കാവുന്ന സംസാരം നീട്ടിവലിച്ച് നൂറിലും നിര്‍ത്താതെ തുടരും. വഴിയില്‍ കണ്ടയാളോട് ‘എവിടെ നിന്ന് വരുന്നു’ എന്ന് ചോദിച്ചപ്പോള്‍ ‘അങ്ങാടിയില്‍ നിന്ന്’ എന്ന് പറഞ്ഞു മതിയാക്കാവുന്ന മറുപടി; ഇന്നലെ രാത്രി ഉറങ്ങാന്‍ പോയപ്പോള്‍ പല്ല് തേച്ച കഥ മുതല്‍ ഉറക്കത്തില്‍ പല്ലി കടിച്ചതും ഭാര്യ മഞ്ഞള്‍ തേച്ച് കൊടുത്തതും തുടങ്ങി കാലത്ത് അവള്‍ ആശുപത്രിയിലേക്ക് ഓടിച്ചതും പറഞ്ഞ ശേഷം അതുകഴിഞ്ഞ് അങ്ങാടി വരെ ഒന്നു പോയി എന്ന് നീട്ടിപ്പരത്തി പറയല്‍. വിശേഷം ചോദിച്ചയാള്‍ ചോദിക്കേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചുപോകും.

നബി(സ)യുടെ ഈ വാക്കുകള്‍ കൂടി ശ്രദ്ധിക്കുക. ‘സമ്പത്തില്‍ നിന്ന് ആവശ്യം കഴിച്ച് ബാക്കിയുള്ളത് ആവശ്യക്കാര്‍ക്ക് കൊടുക്കുകയും സംസാരം അത്യാവശ്യമുള്ളത് മാത്രം പറഞ്ഞ് ബാക്കി പറയാതെ പിടിച്ചുവെക്കുകയും ചെയ്യുന്നവര്‍ക്കാണ് വിജയം.(ബൈഹഖി) ചുരുക്കത്തില്‍ എല്ലാ കാര്യങ്ങളിലും അനാവശ്യങ്ങള്‍ ഒഴിവാക്കിയാല്‍ മനഃസമാധാനം നിലനിര്‍ത്താന്‍ സാധിക്കും. മറിച്ച് എന്തിലും ഏതിലും ഇടപെടാന്‍ പോയാല്‍ സ്വാസ്ഥ്യം നഷ്ടപ്പെടും.
എന്നു കരുതി തലയിലേറ്റേണ്ട കാര്യങ്ങള്‍ക്ക് തല കൊടുക്കാതിരിക്കുന്നതും ഗൗരവത്തിലെടുത്ത് ഇടപെടേണ്ട കാര്യങ്ങള്‍ നിസ്സാരമായി കാണുന്നതും പാടില്ലാത്തതാണ്. മൂന്ന് ദിവസമായി അരി തീര്‍ന്നു എന്ന് ഭാര്യ പറയാന്‍ തുടങ്ങിയിട്ട്. നാലാം ദിവസം ഉച്ച സമയത്ത് കൈയും കഴുകി ഊണ്‍ വിളമ്പ് എന്ന് പറഞ്ഞ് ‘അരിയില്ലാതെ എങ്ങനെ ഊണുണ്ടാകും’ എന്ന ഭാര്യയുടെ ചോദ്യം കേള്‍ക്കുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം അയാള്‍ക്ക് ബോധ്യപ്പെടുന്നത്.

കരണ്ട് ബില്ലടിക്കാനുള്ള തിയ്യതി, നികുതി തുടങ്ങി പലതിന്റെയും ഡേറ്റ് കഴിയാന്‍ പോകുന്നു എന്നു മുന്നറിയിപ്പ് കിട്ടിയാലും ഒരു ചൂടും പുകയുമില്ലാതെ കൂള്‍മാനായി നടക്കുന്നവരുണ്ട്. ഇത്തരക്കാര്‍ അവസാനം എല്ലാ പ്രശ്‌നങ്ങളും ഒന്നിച്ച് പരിഹരിക്കാന്‍ വേണ്ടി കാണിക്കുന്ന വെപ്രാളം ഇയാളുടെ മനസ്സിന്റെ സന്തുലിതാവസ്ഥ തകര്‍ത്തു കളയും.

 

LEAVE A REPLY

Please enter your comment!
Please enter your name here