ഇന്ത്യന്‍ നഗരങ്ങളിലേക്ക് യു എ ഇ കൂടുതല്‍ വിമാനങ്ങള്‍ പറത്തും

Posted on: August 10, 2017 10:00 pm | Last updated: August 22, 2017 at 8:40 pm
ഇന്ത്യന്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുമായി ഇന്ത്യയിലെ യു എ ഇ സ്ഥാനപതി
ഡോ. അഹ്മദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബന്ന കൂടിക്കാഴ്ച നടത്തുന്നു

ദുബൈ: ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ യു എ ഇ ഒരുങ്ങുന്നു. യു എ ഇ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യോമഗതാഗതം സുഗമമാക്കുന്നതിനുമാണ് ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പെടുത്തുന്നത്. ഇതു സംബന്ധിച്ച് ഇന്ത്യയിലെ യു എ ഇ സ്ഥാനപതി ഡോ. അഹ്മദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബന്ന ഇന്ത്യന്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

വ്യോമയാന മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ ഉഭയകക്ഷി ബന്ധവും കരാറും നയവും നിര്‍ദേശിച്ച് ധാരണാപത്രം ഒപ്പുവെക്കുന്നതിനായി യു എ ഇ സിവില്‍ ഏവിയേഷന്‍ അതോറ്റിയുടെയും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും പ്രതിനിധികള്‍ യോഗം ചേരാനും കൂടിക്കാഴ്ചയില്‍ തീരുമാനമായതായി ഡോ. അല്‍ ബന്ന വ്യക്തമാക്കി.
ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് വ്യോമയാന ശൃംഖല വിപുലപ്പെടുത്താനും പുതിയ വിമാനങ്ങള്‍ ഏര്‍പെടുത്താനും യു എ ഇ തയ്യാറാണ്. ഇത് പ്രാപ്തമായ ചെലവില്‍ യാത്രചെയ്യാന്‍ ജനങ്ങള്‍ക്ക് സാധ്യമാക്കും. തുറന്ന വ്യോമ നയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യക്കും യു എ ഇക്കുമിടയിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും അല്‍ ബന്ന കൂട്ടിച്ചേര്‍ത്തു.

ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വരുന്ന ഒക്‌ടോബര്‍ മൂന്ന്, നാല് തിയതികളില്‍ ബന്ധപ്പെട്ടവര്‍ വീണ്ടും ഒത്തുചേരുമെന്നും ബന്ന വ്യക്തമാക്കി. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാലമായുള്ള പരസ്പര സഹകരണം, തന്ത്രപ്രധാന ബന്ധം, റോഡ് മാപ് എന്നിവയെകുറിച്ചും സിന്‍ഹയും ബന്നയും ചര്‍ച്ചചെയ്തു. കഴിഞ്ഞ ജുലൈ രണ്ടാം വാരത്തില്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രി അകോശ് ഗജപതി രാജുവുമായും ഡോ. ബന്ന ചര്‍ച്ചനടത്തിയിരുന്നു. അന്ന് വ്യോമയാന മേഖലയിലെ വിഷയങ്ങള്‍ മാത്രമായിരുന്നു ചര്‍ച്ച ചെയ്തത്.
കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പെടുത്തുന്നതോടെ നിലവിലുള്ള എയര്‍ സര്‍വീസ് 80 ശതമാനത്തിലേക്കെത്തും. ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍ തമ്മില്‍ പുതിയ ക്വാട്ട പങ്കിടുന്നത് സംബന്ധിച്ചും ധാരണയുണ്ടാക്കിയേക്കും.
ഇന്ത്യക്കും യു എ ഇക്കുമിടയില്‍ വിനോദസഞ്ചാരികളുടെയും കുടുംബങ്ങളുടെയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള യാത്രകളും വര്‍ധിച്ചിട്ടുണ്ട്. ഓരോ ആഴ്ചയും ഏകദേശം 130,000 സീറ്റുകളാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. ഇത് നൂറ് ശതമാനം തികച്ചാണ് വിമാനങ്ങള്‍ യു എ ഇയില്‍ നിന്നും തിരിച്ചും പറക്കുന്നത്. സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം താങ്ങാവുന്ന നിരക്കില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പറക്കാന്‍ സാധ്യമാക്കുകയാണ് യു എ ഇയുടെ ലക്ഷ്യം.
ധനകാര്യ സഹമന്ത്രിയായിരുന്ന സമയത്ത് ഇന്ത്യക്കും യു എ ഇക്കുമിടയിലുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ ജയന്ത് സിന്‍ഹ ക്രിയാത്മകമായി ഇടപെട്ടിരുന്നു. വ്യോമയാന മേഖലയിലുള്ള ബന്ധം ദൃഢമാക്കാന്‍ കൂടിക്കാഴ്ച ഉതകുമെന്നാണ് വിലയിരുത്തുന്നത്.