ഡോര്‍ ടു ഡോര്‍ കാര്‍ഗോ അയക്കാന്‍ ചെലവേറി; കിലോ ശരാശരി 15 ദിര്‍ഹം

Posted on: August 10, 2017 9:45 pm | Last updated: August 10, 2017 at 9:45 pm

ദുബൈ; ജി എസ് ടി നടപ്പാക്കിയശേഷം നാട്ടിലേക്ക് ഡോര്‍ ടു ഡോര്‍ കാര്‍ഗോ നീക്കത്തിന് ചെലവേറി. കാര്‍ഗോ അയക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെങ്കിലും മുമ്പ് കംസ്റ്റംസ് തീരുവയില്‍ നല്‍കിയിരുന്ന ഇളവ് ഒഴിവാക്കിയതാണ് ചെലവ് കൂടാന്‍ കാരണമായത്.

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന ‘ഗിഫ്റ്റു’കളില്‍ ഇരുപതിനായിരും രൂപ വരെ മൂല്യമുള്ളവയ്ക്ക് ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അനുവദിച്ചിരുന്ന കസ്റ്റംസ് ഡ്യൂട്ടി ഇളവ് (കംസ്റ്റംസ് നോട്ടിഫിക്കേഷന്‍ 171/1993) ജി എസ് ടി പ്രാബല്യത്തില്‍ വന്ന ജൂലൈ ഒന്നിന് പിന്‍വലിച്ചതോടെയാണ് കാര്‍ഗോ നീക്കത്തിന് ചെലവേറിയത്. കാര്‍ഗോ വഴി അയക്കുന്ന പാര്‍സലുകള്‍ക്ക് 24 വര്‍ഷമായി അനുവദിച്ചിരുന്ന നികുതിയിളവാണ് മുന്നറിയിപ്പില്ലാതെ പ്രത്യേക ഉത്തരവിലൂടെ ജൂണ്‍ 30ന് റദ്ദാക്കിയിരുന്നത്. ഇതോടെ കാര്‍ഗോ രംഗത്ത് പ്രതിസന്ധി നേരിട്ടിരുന്നു.
ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി നാട്ടിലേക്കയക്കുന്ന ഉത്പന്നങ്ങളുടെ മൂല്യത്തിന്മേല്‍ 42 ശതമാനം ഡ്യൂട്ടി അടക്കേണ്ടതിനാലാണ് മൊത്തം ചെലവ് കൂടിയത്.
പിന്‍വലിച്ച ഉത്തരവ് (27/2017) ഇറങ്ങിയതു മുതല്‍ നാലാഴ്ച്ചയോളം വിമാനത്താവളങ്ങളില്‍ കെട്ടിക്കിടന്നിരുന്ന കാര്‍ഗോ മുഴുവന്‍ ഡ്യൂട്ടി അടച്ച് ക്ലിയര്‍ ചെയ്തിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ഇളവ് പിന്‍വലിച്ചതിനാല്‍ കാര്‍ഗോ അയച്ച ഉപഭോക്താക്കള്‍ കസ്റ്റംസ് ഡ്യൂട്ടി അടച്ചാണ് പാര്‍സല്‍ കൈപറ്റിയത്. ഡ്യൂട്ടി അടച്ച് കാര്‍ഗോ ക്ലിയര്‍ ചെയ്യുന്നതിനും ഫോര്‍വാര്‍ഡ് ചെയ്യുന്നതിനും ഇപ്പോള്‍ തടസ്സമൊന്നുമില്ല.

പ്രവാസികള്‍ക്ക് അനുവദിച്ചിരുന്ന നികുതിയിളവ് നിര്‍ത്തലാക്കിയ നടപടിയില്‍ പ്രതിഷേധം ശക്തിപ്പെട്ടിട്ടുണ്ട്. ആനുകൂല്യം പുനഃസ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികൃതരോടും മന്ത്രാലയത്തിലും ശക്തമായ ഇടപെടലുകള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കാര്‍ഗോ ഏജന്റ്‌സ് നടത്തുന്നുണ്ട്. ഇതിനായി പ്രവാസി സമൂഹത്തിന്റേയും സംഘടനകളുടേയും പൂര്‍ണ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കാര്‍ഗോ ഏജന്റ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് മേല്‍ സര്‍ക്കാര്‍ ചെലുത്തുന്ന അധികച്ചെലവുകള്‍ അധികൃതരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
നികുതിയിളവ് പിന്‍വലിച്ചത് മൂലം കാര്‍ഗോ രംഗത്ത് നേരിട്ട പ്രതിസന്ധികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി പ്രവാസികളും പ്രയാസത്തിലായിരിക്കുകയാണ്. ജി സി സിയിലാകെ അഞ്ഞൂറോളം സ്ഥാപനങ്ങളിലായി പതിനായിരക്കണക്കിന് പ്രവാസികള്‍ കാര്‍ഗോ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയിലും നിരവധി സ്ഥാപനങ്ങളിലായി ഇത്ര തന്നെ തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്.

നികുതിയിളവ് മൂലം കാര്‍ഗോ രംഗം വഷളായിരിക്കുകയാണെന്നും പാര്‍സലുകള്‍ കൃത്യമായി വീടുകളിലെത്തുന്നില്ലെന്ന വ്യാജ പ്രചാരണങ്ങളില്‍ യാഥാര്‍ഥ്യമില്ലെന്നും ഡ്യൂട്ടി അടച്ച് കാര്‍ഗോ നീക്കുപോക്കുകള്‍ നടത്തുന്നത് യാതൊരു തടസ്സമില്ലെന്നും കാര്‍ഗോ ഏജന്റുമാരുടെ കൂട്ടായ്മ പറഞ്ഞു. ഇപ്പോള്‍ ഒരു കിലോ പാര്‍സല്‍ അയക്കാന്‍ ഡ്യൂട്ടി ഉള്‍പെടെ 15 ദിര്‍ഹമാണ് ചെലവ് വരുന്നത്. 41 ശതമാനം നികുതിയാണ് ഇപ്പോള്‍ പാര്‍സലിന് ഈടാക്കുന്നത്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 28 ശതമാനം ജി എസ് ടിയും 3 ശതമാനം സെസും ചേര്‍ത്താണിത്. 15 മുതല്‍ 25 ദിവസത്തിനുള്ളില്‍ പാര്‍സല്‍ നാട്ടിലെത്തിക്കാനും കാര്‍ഗോ കമ്പനികള്‍ക്കാവുന്നുണ്ട്. കപ്പല്‍ വഴിയാണെങ്കില്‍ 10 ദിര്‍ഹമാണ് കിലോക്ക് ഈടാക്കുന്നത്.
1993ലാണ് പ്രവാസികള്‍ അയക്കുന്ന പാര്‍സലിന് കേന്ദ്രസര്‍ക്കാര്‍ നികുതിയിളവ് നല്‍കിത്തുടങ്ങിയത്. തുടക്കത്തില്‍ 5000 രൂപ വരെയുള്ളവക്ക് നികുതി ഏര്‍പെടുത്തിയിരുന്നില്ല. 2010ല്‍ 10,000 രൂപയായും 2016ല്‍ 20,000 രൂപയായും പരിധി ഉയര്‍ത്തി. ഈ ആനുകൂല്യമാണ് കേന്ദ്രം റദ്ദാക്കിയത്.