Connect with us

Gulf

ദുബൈ വിമാനത്താവളത്തില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 1.2 കോടി യാത്രക്കാര്‍

Published

|

Last Updated

ദുബൈ: ദുബൈ എയര്‍പോര്‍ട് കസ്റ്റംസ് സൗകര്യങ്ങള്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഉപയോഗിച്ചത് 1.2 കോടി യാത്രക്കാരെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ 1, 2, 3 എന്നീ ടെര്‍മിനലുകളില്‍ കൂടി കടന്നു പോയ യാത്രക്കാരുടെ കണക്കാണ് ദുബൈ കസ്റ്റംസ് പാസ്സഞ്ചര്‍ ഓപറേഷന്‍സ് ഡിപാര്‍ട്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.

നടപ്പ് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 39,000 വിമാന സര്‍വീസുകളിലായി 1.8 കോടി ലഗേജ് വസ്തുക്കളാണ് അധികൃതര്‍ കൈകാര്യം ചെയ്തത്. ഈ കാലയളവില്‍ 360 പേരെ അനധികൃതമായ വസ്തുക്കള്‍ ബാഗേജുകളില്‍ കടത്തിയതിന് പിടികൂടി. 6,500 കസ്റ്റംസ് വ്യവഹാരങ്ങളാണ് ഈ കാലയളവില്‍ നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇലക്ട്രോണിക് പാസ്‌പോര്ട് സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് സുഗമമായ നടപടികളാണ് ഒരുക്കിയിട്ടുള്ളത്.
ഇതിലൂടെ സമയ ലാഭം ഉണ്ടാകുമെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഇബ്രാഹിം അല്‍ കമാലി പറഞ്ഞു.

സ്മാര്‍ട് ഇസ്‌പെക്ഷന്‍ സംവിധാനം സാധാരണ ഗതിയില്‍ നടത്തുന്ന പരിശോധനകളുടെ 50 മുതല്‍ 70 ശതമാനം വരെ സമയം ലാഭിക്കുന്നുണ്ട്. ലോകത്താദ്യമായി ഏര്‍പ്പെടുത്തിയ സ്മാര്‍ട് ഇന്‍സ്‌പെക്ഷന്‍ വെഹിക്കിള്‍ യാത്രികരുടെ അധ്വാനവും സമയവും ലാഭിക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന യാത്രക്കാര്‍ക്കും അംഗ പരിമിതി ഉള്ളവര്‍ക്കും സ്മാര്‍ട് വെഹിക്കിള്‍ സംവിധാനം ഏറെ പ്രയോജന പ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.