ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കെതിരെയുള്ള ലുക്കൗട്ട് സര്‍ക്കുലറിന് സ്‌റ്റേ

Posted on: August 10, 2017 9:18 pm | Last updated: August 11, 2017 at 10:59 am

ചെന്നൈ: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ സിബിഐ പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലറിന് സ്‌റ്റേ. മദ്രാസ് ഹൈക്കോടതിയാണ് സര്‍ക്കുലര്‍ സ്‌റ്റേ ചെയ്തത്.

സി.ബി.ഐ കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിനെതിരെ കാര്‍ത്തി ചിദംബരമാണ് ഹൈക്കോടതിയെ സമീപിച്ചത്. വിദേശ വിനിമയച്ചട്ട ലംഘനം അടക്കമുള്ളവ ചൂണ്ടിക്കാട്ടി കാര്‍ത്തി ചിദംബരത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചത്.

കാര്‍ത്തി ചിദംബരത്തിന്റെ വിദേശ യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സികളെ മുന്‍കൂട്ടി അറിയിക്കണമെന്ന് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചിദംബരത്തോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഏജന്‍സികളുടെ അനുമതിയോടെ മാത്രമെ വിദേശയാത്ര നടത്താവൂയെന്നും നിര്‍ദ്ദേശിച്ചിരുന്നു.

അതിനിടെ, താന്‍ കുറ്റക്കാരനല്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കാര്‍ത്തി പ്രതികരിച്ചു.