സൗജന്യ വിസ; മലയാളികള്‍ ശരിക്കും ആഘോഷിച്ചു

Posted on: August 10, 2017 7:16 pm | Last updated: August 10, 2017 at 7:16 pm

ദോഹ: ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശക വിസ നല്‍കുന്നതായുള്ള വാര്‍ത്ത മലയാളികള്‍ ശരിക്കും ആഘോഷിച്ചു. പ്രഖ്യാപനം വന്നയുടന്‍ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്ത അതിവേഗമാണ് ഖത്വറിലും നാട്ടിലും പ്രചരിച്ചത്. ഉടന്‍ തന്നെ പ്രതിഫലനങ്ങളും സാധ്യതകളും വെച്ച് മലയാളികള്‍ വിശകലനങ്ങളും ആരംഭിച്ചു.

സമാന്തമാരിയ സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളും ഫലിതങ്ങളും നിറഞ്ഞു. ഫഌഷ് ന്യൂസ് കണ്ട് ഖത്വറിലേക്ക് പുറപ്പെട്ടവര്‍ എന്ന അടിക്കുറിപ്പോടെ ബസിന്റെ മുകളിലും പിറകിലുമായി ആളുകള്‍ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്ന ചിത്രമായിരുന്നു ഇതിലൊന്ന്. വീട്ടില്‍ കാശ് കൊടുത്തേല്‍പ്പിച്ചവര്‍ കാത്തിരുന്നോളൂ വീട്ടുകാര്‍ ഖത്വര്‍ എയര്‍പോര്‍ട്ടിലെത്തി മിസ് അടിക്കും എന്നായിരുന്നു ഒരു വാട്‌സ് ആപ്പ് കമന്റ്. ഖത്വര്‍ പ്രവാസികള്‍ ബേക്കറി സാധനം കരുതിവെച്ചോളൂ എപ്പോഴാ വിരുന്നുകാര്‍ വരികയെന്നറിയില്ലെന്ന് മറ്റൊരു പോസ്റ്റ്.

പിരിവുകാരെക്കൊണ്ട് അഞ്ചു കളിയായിരിക്കുമെന്ന ബാച്ചിലര്‍ റൂം വിശകലനത്തിന്റെ ശബ്ദരേഖയും വാട്‌സ് ആപ്പില്‍ ഹിറ്റായി. എല്ലാവരും കാണട്ടെ ഖത്വര്‍ ശൈഖ് തമീം സിന്ദാബാദ് എന്നു വിളിക്കുന്ന വോയ്‌സും വാട്‌സ് ആപ്പില്‍ വൈറലായി. ഉമ്മയെ വിളിച്ച് ഭാര്യയുടെയും മക്കളുടെയും പാസ്‌പോര്‍ട്ട് എടുത്ത് ഒളിപ്പിച്ചുവെക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ഒരാള്‍ എഴുതി. ബലിപെരുന്നാള്‍, ഓണം അവധിക്ക് ഖത്വറിലേക്ക് ടൂര്‍ പുറപ്പെടുന്ന നാട്ടുകാരുടെ ചിത്രങ്ങളും വര്‍ത്തമാനങ്ങളും വാട്‌സ് ആപ്പുകളില്‍ പറന്നു. ഇങ്ങനെ ആഘോഷപൂര്‍വമാണ് മലയാളികള്‍ വാര്‍ത്തയെ വരവേറ്റത്.