വാഹന ഇന്‍ഷുറന്‍സിന് ഇനി മുതല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

  • ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
  • പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കൃത്രിമത്വം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കും.
Posted on: August 10, 2017 7:00 pm | Last updated: August 11, 2017 at 9:08 am

ന്യൂഡല്‍ഹി: പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് ഇന്‍ഷൂറന്‍സ് കമ്പനികളോട് സുപ്രീം കോടതി. ഇന്‍ഷുറന്‍സ് നല്‍കുന്നതിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ റോഡിലിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തി വായു മലിനീകരണം കുറക്കുന്നതിനായാണ് പുതിയ നിര്‍ദേശം.

വാഹനങ്ങള്‍ക്ക് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കൃത്രിമത്വം നടക്കുന്നുണ്ടോ എന്നറിയാന്‍ എല്ലാ മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങളിലും ദേശീയ തലത്തില്‍ ഒരു റിയല്‍ ടൈം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു.

പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.സി മേത്ത നല്‍കിയ പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് പരമോന്നത കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.