Connect with us

Articles

ഉളിയില്‍ തറഞ്ഞ് തീരുന്ന ജന്മങ്ങള്‍

Published

|

Last Updated

കേരളത്തിലെ പരമ്പരാഗതമായ പല തൊഴിലുകളും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. സാങ്കേതികവിദ്യകള്‍ നമ്മുടെ തൊഴില്‍ മേഖലകളിലും കാതലായ മാറ്റങ്ങള്‍ വരുത്തിയതോടെ അന്യം നിന്നുപോകുന്ന തൊഴിലില്‍ ഒന്നാണ് കല്ലുകൊത്തല്‍. ഒരു കാലഘട്ടത്തില്‍ ഈ തൊഴിലില്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയ ഒരു തലമുറ തന്നെ കേരളത്തിലുണ്ടായിരുന്നു. ഇരുപതു വര്‍ഷം മുമ്പുവരെയെങ്കിലും നാട്ടിന്‍പുറങ്ങളിലെല്ലാം അലയടിച്ചുയര്‍ന്ന ശബ്ദമാണ് അമ്മി കൊത്താനുണ്ടോ അമ്മി എന്നത്. പുതിയ തലമുറക്ക് ഇങ്ങനെയുള്ള ശബ്ദം കേട്ട് ഒട്ടും പരിചയമുണ്ടാവില്ല. കാരണം നമ്മുടെയെല്ലാം ജീവിതരീതികള്‍ക്ക് അത്രയേറെ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. ഇന്ന് അരവുകല്ലുകള്‍ ഉള്ള വീടുകള്‍ കുറവാണ്. അരിയും ഭക്ഷണത്തിനുപയോഗിക്കുന്ന മറ്റ് അവശ്യസാധനങ്ങളും അരയ്ക്കാനും പൊടിക്കാനും പുതുപുത്തന്‍ യന്ത്രങ്ങള്‍ വന്നുകഴിഞ്ഞു. മിക്‌സികളും ഗ്രൈന്ററുകളും കൈയടക്കിയ അടുക്കളകളില്‍ അമ്മികള്‍ക്ക് സ്ഥാനം കുറവാണ്. ആവശ്യക്കാര്‍ കുറഞ്ഞതോടെ അമ്മികൊത്തുജോലിക്കും അപചയം വന്നുതുടങ്ങി. അമ്മികൊത്താനായി വീടുകള്‍ തോറും കയറിയിറങ്ങുന്നവരെ ഇന്ന് എവിടെയും കാണാനാകില്ല. അവരില്‍ പലരും കാലയവനികക്കുള്ളില്‍ മറഞ്ഞു. അവശേഷിച്ചവര്‍ എവിടെയെങ്കിലും ഷെഡ് കെട്ടി ഒതുങ്ങിക്കൂടുന്ന അവസ്ഥയിലുമെത്തി. ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മികൊത്തുകാരെ സമീപിക്കും. അത്ര തന്നെ.

കാസര്‍കോട് ജില്ലയിലെ മധൂര്‍ ഗ്രാമപഞ്ചായത്തില്‍ പെട്ട ഉളിയത്തടുക്കയില്‍ 26 വര്‍ഷക്കാലമായി അമ്മികൊത്തുജോലിയില്‍ ഏര്‍പ്പെട്ടുവരുന്ന ഒരു കുടുംബമുണ്ട്. ഇവിടെ തന്നെ വീടുകെട്ടി സ്ഥിരതാമസമാക്കിയ തമിഴ്കുടുംബം. തമിഴ്‌നാട് മധുര സ്വദേശികളായ വീരസ്വാമിയും ഭാര്യ ആനന്ദിയും ഇവരുടെ നാലുമക്കളിലൊരാളായ ഭാഗ്യയും അടങ്ങുന്ന കുടുംബത്തിന്റെ അടുപ്പില്‍ തീപുകയുന്നത് അമ്മികൊത്ത് ജോലികൊണ്ട് ലഭിക്കുന്ന വരുമാനം കൊണ്ടാണ്. ഉളിയത്തടുക്ക റോഡിന് സമീപത്ത് ഷെഡുകെട്ടിയാണ് ഇവര്‍ ജോലി ചെയ്യുന്നത്. അറുപതുകാരനായ വീരസ്വാമി പ്രായത്തിന്റെ അവശതകള്‍ മറന്ന് നടത്തുന്ന കഠിനാധ്വാനം ആരെയും അമ്പരപ്പിക്കുന്നതാണ്. ഏറ്റവും വലിയ അമ്മിക്കല്ലിന് 5,500 രൂപയോളം വിലയുണ്ട്. അതിലും താഴോട്ട് 3,500, 2500 എന്നിങ്ങനെയാണ് വില. ഏഴുവര്‍ഷം മുമ്പുവരെ അരവുകല്ലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ഒരു ദിവസം തന്നെ നാലും അഞ്ചും വലിയ അരവുകല്ലുകള്‍ വിറ്റഴിഞ്ഞ കാലം വരെയുണ്ടായിരുന്നു. ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ അരവുകല്ലുകള്‍ മാത്രം വില്‍പ്പനയാകുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ ചില ദിവസങ്ങളില്‍ വീരസ്വാമിക്കും ഭാര്യക്കും കൂലിവേലക്കുപോകേണ്ടിവരുന്നു.
അരവുകല്ലുകള്‍ക്കു പുറമെ അതിന്റെ മാതൃകയിലുള്ള മുറുക്കാന്‍ ചതയ്ക്കുന്ന ചെറിയ കല്ലുകളും കൊത്തിമിനുക്കിയെടുക്കുന്നുണ്ട്. വയോധികരാണ് ഇത്തരം കല്ലുകളുടെ ആവശ്യക്കാരെങ്കിലും പഴയതുപോലെ ചെലവാകുന്നില്ല. കരിങ്കല്ലുകള്‍ കൊണ്ട് ശില്‍പ്പങ്ങളുണ്ടാക്കുന്നതുപോലുള്ള കരവിരുത് അമ്മികൊത്തിനും ആവശ്യമാണ്. കലാബോധമുള്ളവര്‍ക്ക് മാത്രമേ ഒന്നാന്തരം അരവുകല്ലിന് രൂപം നല്‍കാനാവുകയുള്ളൂ. സൂക്ഷ്മതയും ജാഗ്രയും ഇവിടെ കൂടിയേ തീരൂ. വാങ്ങാന്‍ വരുന്നവരെ ആകര്‍ഷിക്കത്തക്കവിധത്തിലുള്ള ചാരുത ഈ ഉത്പന്നങ്ങള്‍ക്കുണ്ടാകണം.

അശ്രദ്ധയോടെയും അലസതയോടെയും ഒരിക്കലും ഈ ജോലി ചെയ്യാനാകില്ല.
അമ്മികൊത്താനാവശ്യമായ കരിങ്കല്ലുകളുടെ ലഭ്യതക്കുറവ് ഈ മേഖലക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. കരിങ്കല്‍ ഖനനത്തിന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതും പുതിയ കരിങ്കല്‍ ക്വാറികള്‍ തുടങ്ങുന്നതിന് ലൈസന്‍സ് നല്‍കാത്തതും അനുബന്ധ തൊഴിലുകളെയും ഹാനികരമായി ബാധിച്ചിരിക്കുകയാണ്. ക്വാറികളില്‍ ഉപേക്ഷിക്കപ്പെടുന്ന കരിങ്കല്‍ കഷണങ്ങളാകുമ്പോള്‍ അമ്മികൊത്താന്‍ എളുപ്പമാണ്. ഇതിനായി പ്രത്യേകം കരിങ്കല്‍ ഖനനം നടത്തേണ്ട ആവശ്യമില്ല. പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന വിഷയമായതിനാല്‍ എവിടെയും യഥേഷ്ടം പാറ പൊട്ടിക്കാനും ഇന്ന് സാധിക്കില്ല. മുമ്പായിരുന്നെങ്കില്‍ നിയമം ഇത്രമാത്രം കര്‍ക്കശമായിരുന്നില്ല. മാത്രമല്ല ജനസാന്ദ്രതയും അതിനനുസരിച്ചുള്ള പാര്‍പ്പിടങ്ങളും മറ്റു കെട്ടിടങ്ങളും വ്യാപകമല്ലാതിരുന്ന കാലഘട്ടത്തില്‍ അമ്മികൊത്തിന് സ്ഥലസൗകര്യങ്ങളും ഏറെയുണ്ടായിരുന്നു. ഇന്നിപ്പോള്‍ സ്ഥിരമായി എവിടെയെങ്കിലും തമ്പടിച്ച് ഈ തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കേരളത്തില്‍ ഇന്ന് അമ്മികൊത്തല്‍ ഉപജീവനമാര്‍ഗമായി കാണുന്ന കുടുംബങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും. മറ്റ് മേഖലകളിലെന്നതുപോലെ നമ്മുടെ നാട്ടില്‍ ഈ ജോലി ചെയ്യുന്നവരിലേറെയും അന്യസംസ്ഥാനക്കാരാണ്. ചെങ്കല്‍കരിങ്കല്‍ ക്വാറികളില്‍ അന്യസംസ്ഥാനക്കാരുടെ സാന്നിധ്യം സജീവമായതുപോലെ ഇവിടെയും അവര്‍ക്കുതന്നെയാണ് മേല്‍ക്കൈ.
ആധുനികയന്ത്രങ്ങള്‍ ഉപയോഗിച്ച് ഭക്ഷ്യസാധനങ്ങള്‍ എങ്ങനെയൊക്കെ ഒരുക്കിയെടുത്താലും അരവുകല്ലുകളും അമ്മികളും ഉപയോഗിച്ചുള്ള പരുവപ്പെടുത്തലിന്റെ രുചി അതിനൊന്നും ഉണ്ടാകില്ലെന്നതാണ് വാസ്തവം. ആട്ടുകല്ലില്‍ അരച്ചുണ്ടാക്കുന്ന ദോശയും കറിയും നല്‍കുന്ന സ്വാദ് ഒന്നുവേറെ തന്നെയാണ്. സമീപകാലം വരെ അടുക്കളയില്‍ സ്ത്രീകള്‍ ഇതിനായി അധ്വാനിക്കുമായിരുന്നു. പണ്ടുകാലങ്ങളിലെ വിവാഹചടങ്ങുകളില്‍ ആട്ടുകല്ലുകളും മറ്റും ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായിരുന്നു. കൂട്ടായ്മകളിലൂടെ അരവിന്റെയും തേങ്ങ ചിരവലിന്റെയും ശബ്ദമുഖരിതമായ അന്തരീക്ഷം എങ്ങോട്ടോ പോയ്മറഞ്ഞിരിക്കുന്നു. ഗൃഹാതുരത്വത്തിന്റെ ഓര്‍മകളിലെവിടെയോ ആണ് ഇന്നവയുടെ സ്ഥാനം.

 

---- facebook comment plugin here -----

Latest