Connect with us

Kerala

തന്നെ വര്‍ഗീയ വാദിയായി ചിത്രീകരിക്കാന്‍ ചിലര്‍ ഗൂഢശ്രമം നടത്തുന്നു: മഅ്ദനി

Published

|

Last Updated

തലശ്ശേരി: മതേതര സംസ്‌കാരങ്ങള്‍ക്കോ, ഹൈന്ദവ സമൂഹത്തിനോ എതിരായി ഒരു പരാമര്‍ശം പോലും ഇതേ വരെ നടത്താത്ത തന്നെ തന്റെ പഴയ പ്രഭാഷണങ്ങളിലുള്ള ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വീണ്ടും പ്രചരിപ്പിക്കുന്നത് തനിക്കെതിരെ ചിലര്‍ നടത്തുന്ന ഗൂഢാലോചനയാണെന്ന് സംശയമുണ്ടെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. മകന്‍ ഉമര്‍ മുഖ്താറിന്റെ നികാഹില്‍ സംബന്ധിച്ച ശേഷം പാരീസ് പ്രസിഡന്‍സി ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ കുരുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ജാമ്യവ്യവസ്ഥ പ്രകാരം ബെംഗളൂരു സിറ്റി വിട്ട് പുറത്ത് പോകാനാവില്ല. കേരളത്തിലേക്ക് വരാനായി വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നപേക്ഷിച്ച് താന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയ അതേ ദിവസം തന്നെ തന്റെ പഴയ പ്രസംഗങ്ങള്‍ അടര്‍ത്തിയെടുത്ത് താന്‍ വര്‍ഗീയ വാദിയാണെന്ന് പ്രചരിപ്പിക്കാന്‍ ഒരു ദൃശ്യ മാധ്യമം ശ്രമിച്ചതായും മഅ്ദനി ചൂണ്ടിക്കാട്ടി. ഇത്രയും നിസ്സഹായ അവസ്ഥയില്‍ കഴിയുന്ന തന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് വികാരഭരിതനായി മഅ്ദനി പറഞ്ഞ.
ജനിച്ചതും വളര്‍ന്നതും ശാസ്താംകോട്ടയിലാണ.് തൊട്ടടുത്താണ് ഓച്ചിറ. ഇവിടത്തെ ക്ഷേത്ര സംസ്‌കാരം നല്ലതുപോലെ അറിയാം. വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് 1992ല്‍ എട്ട് കേസുകള്‍ തനിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും വിചാരണക്ക് ശേഷം എട്ടും കോടതി തള്ളി. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനാലായിരുന്നു കേസുകള്‍ തള്ളപ്പെട്ടത്. കോടതി പറഞ്ഞിട്ടും തന്റെ നിരപരാധിത്വം ചിലര്‍ക്ക് ബോധ്യപ്പെടാത്തത് സങ്കടകരമാണ്.
രാവിലെ റെയില്‍വേ സ്‌റ്റേഷനിലും ടൗണ്‍ ഹാളിലും പുറത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നൂറോളം പോലീസുകാരാണ് യാത്രാ വഴിയിലുടനീളം മഅ്ദനിയെ അനുഗമിച്ചത്. മഫ്ടി പോലീസും സ്ഥലത്തുണ്ടായി. ജിഫ്രി കോയ തങ്ങള്‍ വിവാഹത്തിന് കാര്‍മികത്വം വഹിച്ചു. പൂന്തുറ സിറാജ് ഉള്‍പ്പെടെയുള്ള പി ഡി പി നേതാക്കളും സി പി എം നേതാക്കളായ ഇ പി ജയരാജന്‍, പി ജയരാജന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. മഅ്ദനിയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്വ. ഉസ്മാന്‍, ജോസഫ് എന്നിവരും കൂടെയുണ്ടായിരുന്നു.