തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം പതിനൊന്നിന്

  • പട്ടേലിന്റെ വിജയം പുതിയ പോരാട്ടത്തിനുള്ള ഊര്‍ജമാകും.
Posted on: August 9, 2017 6:51 pm | Last updated: August 10, 2017 at 12:17 pm

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് സമ്മേളനത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷകക്ഷികള്‍ ഈ മാസം പതിനൊന്നിന് യോഗം ചേരും. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പ്രതിപക്ഷനിരിയിലെ 18 പാര്‍ട്ടികള്‍ പങ്കെടുക്കും. ബി ജെ പിയുടെ അരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുന്നതിനുള്ള പദ്ധതികള്‍ ആവിഷക്കരിക്കണമെന്ന് കോണ്‍ഗ്രസിനോട് നേരത്തെ തന്നെ പ്രതിപക്ഷകക്ഷികള്‍ ആവിശ്യപ്പെട്ടിരുന്നു. ബംഗാളില്‍ ബി ജെ പി കലാപത്തിന് ആസൂത്രണം ചെയത് രാഷ്ട്രപതിയിലൂടെ ഭരണം പിടിക്കാന്‍ ശ്രമം നടത്തിയതും, കേന്ദ്ര ഏജന്‍സികള്‍ ഉപയോഗിച്ച് വിവിധ പ്രദേശികക്ഷികളെ വേട്ടയാടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷകക്ഷികള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്.

ഇതിനു പിന്നാലെ പണവും ഭരണഘടന പദവികളും വാഗ്ദാനം ചെയത് പ്രതിപക്ഷ പാര്‍ട്ടികളിലെ ജനപ്രതിനിധികളെ വിലക്കെടുക്കുന്ന അമിത് ഷാ തന്ത്രത്തിനും മറുപടി നല്‍കണമെന്നും പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിനെതിരെ നടക്കുന്ന ബി ജെ പി ദേശീയ ക്യാമ്പയിനെതിരെ പ്രതിപക്ഷകക്ഷികള്‍ ഒറ്റകെട്ടായി പ്രതിരോധിക്കണമെന്ന് ഇടതുപാര്‍ട്ടുകളും യോഗത്തില്‍ ഉന്നയിക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി അമിതഷാ തന്ത്രങ്ങള്‍ മെനഞ്ഞിട്ടും അവാന നിമിഷം കോണ്‍ഗ്രസ് വിജയിച്ചത് പുതിയ പോരാട്ടങ്ങള്‍ക്ക് ശക്തപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്‌നേതാവ് മമതാ ബാനര്‍ജി, ആര്‍ ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, പിളര്‍പ്പിന്റെ വക്കിലെത്തിനില്‍ക്കുന്ന ജെ ഡുയു വിമത നേതാവ് ശരത് യാദവ് , സി പി എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, മുസ്‌ലിം ലീഗ് , കേരളാകോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രദേശിക പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലടക്കം പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളില്‍ നിന്ന് വോട്ട് ചോര്‍ച്ചയുണ്ടായതും യോഗം ഗൗരവപരമായി പരിശോധിക്കും. നേരത്തെ സി പി എം അടക്കമുള്ള ഇടത് കക്ഷികള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെ വിശ്വസിച്ച് ബി ജെ പിക്കെതിരെയും കേന്ദ്രഭരണത്തിനെതിരെയും ശക്തമായ പ്രതിരോധത്തിന് തയ്യാറെടുക്കാനാവില്ലെന്നായിരുന്നു ഇടത് പാര്‍ട്ടികള്‍ പ്രതികരിച്ചിരുന്നത്.

എന്നാല്‍ പ്രതിപക്ഷകക്ഷികളുടെ യോജിച്ചപോരാട്ടത്തിലൂടെ മാത്രമേ ബി ജെ പിക്കെതിരെ ബദലുകള്‍ ആവിഷക്കിരിക്കാന്‍ കഴിയുവെന്നും ഇടത് പാര്‍ട്ടികള്‍ വ്യക്തമാക്കുന്നുണ്ട്. ബി ജെ പിക്കെതിരെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ധാരാളം വിഷയങ്ങളുണ്ടായിട്ടും പ്രതിപക്ഷകക്ഷികള്‍ക്ക് ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്ന വിമര്‍ശനവും ഇടത് പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്.