വോട്ട് ചെയ്യാന്‍ ക്യൂ നിന്ന സ്ത്രീ പ്രസവിച്ചു

Posted on: August 9, 2017 6:13 pm | Last updated: August 9, 2017 at 6:13 pm
SHARE

നെയ്‌റോബി: വോട്ട് ചെയ്യാന്‍ വരി നില്‍ക്കുകയായരുന്ന യുവതി പ്രസവിച്ചു. കെനിയന്‍ പൊതു തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. പൂര്‍ണ ഗര്‍ഭിണിയായിരുന്ന പൗലിനാ ചെമനാംഗാണ് പോളിംഗ് ബൂത്തില്‍ വരി നില്‍ക്കവെ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് ശേഷം വോട്ടും ചെയ്താണ് പൗലിന മടങ്ങിയത്.

ഗ്രാമപ്രദേശമായ വെസ്റ്റ് പൊകോട്ടിലെ പോളിംഗ് ബൂത്തിലാണ് സംഭവം നടന്നത്. യുവതി അതിരാവിലെ തന്നെ വോട്ട് ചെയ്യാന്‍ ക്യൂവില്‍ ഇടം പിടിച്ചിരുന്നു. ഇതിനിടക്ക് പ്രസവ വേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ കൂടെ വരിയില്‍ നിന്നവരുടെ സഹായത്തോടെ പ്രസവിക്കുകയും ചെയ്തു. ഇതിന് ശേഷം തൊട്ടടുത്ത ക്ലിനിക്കില്‍ ചികിത്സതേടി. അവിടെ നിന്ന് തിരിച്ചെത്തി വോട്ടും തെചയ്താണ് യുവതി മടങ്ങിയത്.

പോളിംഗ് സ്‌റ്റേഷനില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് യുവതി കെനിയന്‍ റേഡിയോ ആയ കാപ്പിറ്റല്‍ എഫ്എമ്മിനോട് പറഞ്ഞു. സ്വാഹിലി ഭാഷയില്‍ തിരഞ്ഞെടുപ്പ് എന്നര്‍ഥം വരുന്ന ചെപ്കുര എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.