ഒന്നര വര്‍ഷത്തിനിടയില്‍ ദുബൈയില്‍ 39,000 കോടി ദിര്‍ഹമിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം

Posted on: August 9, 2017 4:54 pm | Last updated: August 9, 2017 at 4:54 pm

ദുബൈ: ഒന്നര വര്‍ഷത്തിനിടെ 95,000 വ്യവഹാരങ്ങളിലൂടെ 39,000 കോടി ദിര്‍ഹമിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തിയെന്ന് ദുബൈ ലാന്‍ഡ് ഡിപാര്‍ട്‌മെന്റ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം ജൂലൈ 31 വരെയുള്ള കണക്കുകളാണ് അധികൃതര്‍ പുറത്തു വിട്ടത്. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയുടെ ചിത്രമാണ് ഇതിലൂടെ തെളിയുന്നത്. സുസ്ഥിരമായ വളര്‍ച്ചയിലൂടെ മികച്ച നേട്ടം കൈവരിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന വിധത്തിലാണ് ഈ കണക്കുകളെന്ന് ദുബൈ ലാന്‍ഡ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ സുല്‍ത്താന്‍ ബുത്തി ബിന്‍ മുജ്‌രിന്‍ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഈ വളര്‍ച്ച നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനും വഴിയൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മേഖലയിലെ മറ്റ് കമ്പോളങ്ങളെ അപേക്ഷിച്ച് ദുബൈ റിയല്‍ എസ്റ്റേറ്റ് രംഗം വളര്‍ച്ചയുടെ പാതയിലാണ്. എക്‌സ്‌പോ 2020ന്റെ ഭാഗമായി ഉന്നതമായ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ദുബൈയിലുള്ളത്. മികച്ച നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് സവിശേഷമായതും സുതാര്യവുമായ നിയമങ്ങളും ചട്ടങ്ങളുമാണ് ദുബൈ ഭരണകൂടം ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.