സംവരണം ആവശ്യപ്പെട്ട് മുംബൈയില്‍ എട്ട് ലക്ഷം പേര്‍ പങ്കെടുത്ത റാലി

Posted on: August 9, 2017 4:11 pm | Last updated: August 9, 2017 at 7:46 pm

മുംബൈ: സംവരണം ആവശ്യപ്പെട്ട് മുംബൈയില്‍ മറാത്ത വിഭാഗക്കാരുടെ കൂറ്റന്‍ റാലി. സിഎസ്ടി റെയില്‍വേ സ്‌റ്റേഷന് എതിര്‍വശത്ത് ആസാദ് മൈതാനത്ത് നടന്ന റാലിയില്‍ എട്ടു ലക്ഷത്തില്‍ അധികം പേര്‍ പങ്കെടുത്തു. മറാത്ത ക്രാന്ത മോര്‍ച്ചയാണ് റാലിക്ക് നേതൃത്വം നല്‍കിയത്. ജനങ്ങള്‍ ഒഴുകിയതോടെ ദക്ഷിണ മുംബൈയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ജനജീവിതവും ദുസ്സഹമായി.

പതിനായിരം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിരുന്നത്. ദക്ഷിണ മുംബൈയിലെ സ്‌കൂളുകള്‍ക്ക് നേരത്തെ അവധി നല്‍കിയിരുന്നു. തിരക്കേറിയ മാര്‍ക്കറ്റായ വാശി എപിഎംഎസില്‍ കച്ചവടവും നിലച്ചു. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും റാലി ബാധിച്ചു.

വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു റാലി. കഴിഞ്ഞ വര്‍ഷം മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കുക, മറാത്തികള്‍ക്ക് നേരെയുള്ള ചൂഷണം തടയുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭകര്‍ ഉന്നയിച്ചു.