കൈതപ്പൊയില്‍ വാഹനാപകടത്തില്‍ മരണം ഒമ്പതായി

Posted on: August 9, 2017 1:52 pm | Last updated: August 9, 2017 at 3:55 pm
SHARE

കൊടുവള്ളി: കൈതപ്പൊയിലിലെ ജീപ്പ് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. വെണ്ണക്കോട് തടത്തുമ്മല്‍ മജീദ്- സഫിന ദമ്പതികളുടെ മകള്‍ ഖദീജ നിയ (11) ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഖദീജ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞദിവസം
അപകടത്തില്‍ പരുക്കേറ്റ ഷാജഹാന്റെ ഇളയ മകനായ മുഹമ്മദ് നിഹാല്‍ (നാല്) മരിച്ചിരുന്നു. ഷാജഹാന്റെ മൂത്ത മകന്‍ മുഹമ്മദ് നിഷാല്‍ (എട്ട്) അപകടം നടന്ന ദിവസം തന്നെ മരിച്ചു. അപകടത്തില്‍ ഷാജഹാനും ഭാര്യ ഹസീനക്കും പരുക്കേറ്റിരുന്നു.

വയനാട്ടില്‍ നിന്ന് വരുന്നതിനിടെ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ദേശീയപാത 212ല്‍ അടിവാരത്തിനും കൈതപ്പൊയിലിനും മധ്യേ മരമില്ലിന് സമീപം വെച്ച് ഇവര്‍ സഞ്ചരിച്ച ജീപ്പ് കല്‍പ്പറ്റയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഇടിച്ചാണ് അപകടം.
കരുവമ്പൊയില്‍ വടക്കേകര അബ്ദുര്‍റഹ്മാന്‍ (63), ഭാര്യ സുബൈദ (57), മകന്‍ ഷാജഹാന്റെ മകന്‍ മുഹമ്മദ് നിഹാല്‍, ഷാജഹാന്റെ സഹോദരി സഫീനയുടെയും ശഫീഖിന്റെയും മകള്‍ ഫാത്വിമ ഹന (ആറ്), മറ്റൊരു സഹോദരി സഫീറയുടെയും മജീദിന്റെയും മകള്‍ ജസ (ഒന്നര) ജീപ്പ് ഡ്രൈവര്‍ വയനാട് വടുവന്‍ചാല്‍ കടച്ചികുന്ന് പ്രമോദ് (34) എന്നിവര്‍ ശനിയാഴ്ച തന്നെ മരിച്ചിരുന്നു. പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് സഫീറ- മജീദ് ദമ്പതികളുടെ മകള്‍ ആഇശ നുഹ (ഏഴ്) മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here