അഹ്മദ് പട്ടേലിന്റെ വിജയത്തിനെതിരെ ബിജെപി കോടതിയെ സമീപിച്ചേക്കും

Posted on: August 9, 2017 1:17 pm | Last updated: August 9, 2017 at 1:17 pm

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹ്മദ് പട്ടേലിന്റെ വിജയത്തിനെതിരെ ബിജെപി കോടതിയെ സമീപിച്ചേക്കും.
കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്തുകൊണ്ടാണ് ബിജെപി കോടതിയെ സമീപിക്കുന്നത്.

രണ്ട് വോട്ടുകള്‍ അസാധുവാക്കിയ കമ്മീഷന്റെ തീരുമാനമാണ് പട്ടേലിന്റെ വിജയത്തില്‍ നിര്‍ണായകമായത്.കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ വോട്ടുകള്‍ അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ബിജെപി അംഗീകരിക്കുന്നില്ലെന്നും ഇതിനെതിരെ സാദ്ധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കാനാണ് ബിജെപി തീരുമാനമെന്നും ഗുജറാത്തിലെ ബിജെപി വക്താവായ ഭരത് പാണ്ഡ്യ വ്യക്തമാക്കി.

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ 44 വോട്ടുകള്‍നേടിയാണ് അഹ്മദ് പട്ടേല്‍ രാജ്യസഭാ സീറ്റ് നിലനിര്‍ത്തിയത്. 45 പേരുടെ പിന്തുണയാണ് പട്ടേലിന് വേണ്ടിയിരുന്നത്. അത് പിന്നീട് 44 ആയി ചുരുങ്ങി. കൂറുമാറാതിരിക്കാന്‍ ബെംഗളൂരുവില്‍ താമസിപ്പിച്ച 44 പേരില്‍ 42 പേരാണ് പട്ടേലിനെ പിന്തുണച്ചത്. രണ്ടംഗങ്ങളുള്ള എന്‍ സി പിയുടെ ഒരംഗം കോണ്‍ഗ്രസിനെ പിന്തുണച്ചു. ജെ ഡി യുവിന്റെ ഒരേയൊരു അംഗം ബി ജെ പിയെയാണ് പിന്തുണച്ചത്.