വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി; വിലകുറഞ്ഞത് തോമസ് ഐസക്കിന്റെ കോഴിക്ക് മാത്രമെന്ന് പ്രതിപക്ഷം

Posted on: August 9, 2017 12:50 pm | Last updated: August 9, 2017 at 1:54 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിയമസഭയില്‍ പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള വിലക്കയറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. മുസ്‌ലിം ലീഗിലെ ടിവി ഇബ്‌റാഹിമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ജിഎസ്ടി നിലവില്‍ വന്നതോടെ ധനമന്ത്രി തോമസ് ഐസക്കിന്റെ കോഴിക്ക് മാത്രമാണ് വില കുറഞ്ഞതെന്ന് പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്ത് പച്ചക്കറി വില മാത്രമാണ് അല്‍പം ഉയര്‍ന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞു.
പച്ചക്കറി വില കൂടിയത് കാലവസ്ഥ വ്യതിയാനം മൂലമാണ്. എങ്കിലും വില വന്‍തോതില്‍ കൂടിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്നുവെന്ന വാദം ശരിയല്ല. ഓണത്തിന് 1,470 ഓണച്ചന്തകളും 2,000 പച്ചക്കറി ചന്തകളും തുറക്കും. ഓണത്തിന് വിലക്കയറ്റം ഉണ്ടാകില്ലെന്നും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.