കശ്മീരില്‍ വീണ്ടും പാക് പ്രകോപനം; സൈനികന്‍ കൊല്ലപ്പെട്ടു

Posted on: August 9, 2017 11:47 am | Last updated: August 9, 2017 at 11:47 am

കാശ്മീര്‍: നിയന്ത്രണരേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു. പവന്‍ സിംഗ് സുഗ്ര എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ പവന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൂഞ്ച് ജില്ലയില്‍ മാന്‍കോട്ടെ ബാല്‍നോയി മേഖലയിലെ സൈനികപോസ്റ്റിനെ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ വെടിവെപ്പിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം ബാരാമുള്ള ജില്ലയിലെ ഉറി മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് പരുക്കേറ്റിരുന്നു.ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് ഒന്ന് വരെയുള്ള കാലയളവില്‍ 285 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. 2016ല്‍ ഇത് 228 തവണയായിരുന്നു.