ഉത്തര കൊറിയയെ തകര്‍ക്കുമെന്ന് ട്രംപ്; തിരിച്ചടി താങ്ങാനാകില്ലെന്ന് കൊറിയ

Posted on: August 9, 2017 11:26 am | Last updated: August 9, 2017 at 1:38 pm

വാഷിംഗ്ടണ്‍: ഉത്തര കൊറിയക്കെതിരെ ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത ആക്രമണം അഴിച്ചുവിടുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് അതേ നാണയത്തില്‍ മറുപടി നല്‍കി ഉത്തര കൊറിയ. ആക്രമണഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ വ്യോമത്താവളത്തില്‍ മിസൈല്‍ വര്‍ഷിക്കുമെന്ന് ഉത്തരകൊറിയ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി.

ആക്രമണപദ്ധതി പൂര്‍ത്തിയായെന്നും പരമോന്നതനേതാവ് കിം ജോങ് ഉന്നിന്റെ അനുമതി മാത്രം മതിയെന്നും ഉത്തര കൊറിയയുടെ ഔദ്യോഗികവാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്ക തങ്ങള്‍ക്കെതിരെ യുദ്ധത്തിനൊരുങ്ങിയാല്‍ സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നാണ് കൊറിയയുടെ ഭീഷണി.

പെസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിധ്യമുള്ള ദ്വീപാണ് ഗുവാം. കര, വ്യോമ, നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ശക്തമായ സാന്നിധ്യം ഇവിടെയുണ്ട്. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലുള്ള ഗുവാം സൈനികത്താവളത്തില്‍ നിന്ന് പോര്‍വിമാനങ്ങള്‍ കൊറിയന്‍ ഉപദ്വീപിനുമുകളില്‍ നിരീക്ഷപ്പറക്കല്‍ നടത്തുന്നുണ്ട്.
ആണവ മിസൈലുകള്‍ സജ്ജമാക്കുന്നതില്‍ ഉത്തര കൊറിയ ഏറെ മുന്നോട്ടുപോയെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് ലോകത്തിന് ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു.