മുടിക്കോട് പള്ളി ആരാധനക്കായി തുറന്ന് കൊടുക്കും: മുഖ്യമന്ത്രി

Posted on: August 9, 2017 12:47 am | Last updated: August 9, 2017 at 12:47 am

തിരുവനന്തപുരം: മലപ്പുറം പന്തല്ലൂര്‍ മുടിക്കോട് ജുമുഅ മസ്ജിദ് വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആര്‍ ഡി ഒ വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ ഒരുവിഭാഗം എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തിലാണ് പള്ളി പൂട്ടി ഏറനാട് തഹസില്‍ദാറെ റിസീവറാക്കി ഭരണം ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഭരണസമിതിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിരവധി അക്രമങ്ങളാണ് നടന്നത്. ഇരുകൂട്ടര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. 2015 മുതല്‍ ഇതുവരെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 13 കേസുകള്‍ പാണ്ടിക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ 31ന് വീണ്ടും സംഘര്‍ഷമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പിടികൂടി. ഒളിവിലുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പി ഉബൈദുല്ലയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.