Connect with us

National

ആസ്തി: അമിത് ഷായെ കടത്തിവെട്ടി മഹാരാഷ്ട്ര ബി ജെ പി നേതാവ്

Published

|

Last Updated

പൂനെ: അഞ്ച് വര്‍ഷത്തിനിടെ ആസ്തി മൂന്ന് മടങ്ങ് വര്‍ധിപ്പിച്ച ബി ജെ പി അധ്യക്ഷന്‍ അമിത് ഷായെ കടത്തിവെട്ടി മഹാരാഷ്ട്രയില്‍ നിന്നുള്ള പാര്‍ട്ടി നേതാവ്. മഹാരാഷ്ട്ര ഹൗസിംഗ് മന്ത്രി പ്രകാശ് മേത്തയുടെ ആസ്തി പത്ത് വര്‍ഷത്തിനിടെ 1500 ശതമാനമാണ് വര്‍ധിച്ചത്.
തിരഞ്ഞെടുപ്പുകളില്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം 2004ല്‍ 2.01 കോടിയായിരുന്നു മേത്തയുടെ ആസ്തി. 2014ല്‍ അത് 32.01 കോടിയായി കുതിച്ചു. മൂന്ന് വര്‍ഷം കൊണ്ട് അദ്ദേഹത്തിന്റെ ആസ്തി പിന്നെയും മുന്നോട്ട് കുതിച്ചിട്ടുണ്ടാകുമെന്നും ഇപ്പോള്‍ പുറത്തുവന്ന കണക്ക് തന്നെ അപൂര്‍ണമാണെന്നും സാമൂഹിക പ്രവര്‍ത്തകനായ അങ്കിത് ഷാ പറയുന്നു. 2009ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മകന്‍ ഹര്‍ഷിന്റെ പേരിലുള്ള ലക്ഷ്മി ഭവന്‍ ഫഌറ്റ് സമുച്ചയം കാണിച്ചിരുന്നില്ല. സായി നിധി റിയല്‍റ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഫഌറ്റ് പണിതത്. ഈ കമ്പനിയില്‍ പ്രകാശ് മേത്ത ഡയറക്ടറായിരുന്നു.

പ്രകാശ് മേത്തയുടെ സ്വത്തിലുണ്ടായ ക്രമാതീതമായ വര്‍ധന അന്വേഷിച്ചാല്‍ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്ന് അങ്കിത് ഷാ പറഞ്ഞു. വിഷയം ചൂണ്ടിക്കാട്ടി ആന്റി കറപ്ഷന്‍ ബ്യൂറോക്ക് പരാതി നല്‍കുമെന്നും ഷാ വ്യക്തമാക്കി. മന്ത്രിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസെടുക്കാനുള്ള തെളിവുണ്ട്. 2009ല്‍ മത്സരിച്ചപ്പോള്‍ വിവരങ്ങള്‍ മറച്ചുവെച്ചത് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. മേത്തയെ അയോഗ്യനാക്കാന്‍ കമ്മീഷന്‍ ഇടപെടണമെന്നും ഷാ ആവശ്യപ്പെട്ടു.
ഫഌറ്റ് സമുച്ചയത്തില്‍ നിന്നുള്ള സാമ്പത്തിക നേട്ടം മകനും ബന്ധുക്കള്‍ക്കും മാത്രമാണെന്ന ദുര്‍ബലമായ വാദമാണ് പ്രകാശ് മേത്ത മുന്നോട്ടുവെക്കുന്നത്. അങ്ങനെയെങ്കില്‍ കമ്പനിയുടെ ഡയറക്ടറാണ് താനെന്ന് എന്തുകൊണ്ട് മറച്ചുവെച്ചുവെന്ന് അദ്ദേഹത്തിന് വിശദീകരിക്കാനാകുന്നില്ല. ടാര്‍ഡിയോയിലെ ചേരിയില്‍ താമസിക്കുന്നവര്‍ക്കായി ഫഌറ്റ് സമുച്ചയം പണിതതില്‍ ഉയര്‍ന്ന ആരോപണങ്ങളാണ് മേത്തയെ ആദ്യം പ്രതിരോധത്തിലാക്കിയത്. മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി നിര്‍മാണ കമ്പനിക്ക് 800 കോടിയുടെ അധിക നേട്ടം ഉണ്ടാക്കിക്കൊടുത്തുവെന്നായിരുന്നു ആരോപണം. താനല്ല മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് പറഞ്ഞ് തടിയൂരാന്‍ മേത്ത ശ്രമിച്ചിരുന്നു. ഇതോടെ ബി ജെ പി നേതൃത്വം മുഖം കെട്ട നിലയിലായി. ഘാട്‌കോപാറിലെ ചേരി വികസന പദ്ധതിയിലും സമാനമായ ആരോപണം ഉയര്‍ന്നതോടെ ഫട്‌നാവിസ് മന്ത്രിസഭക്ക് മേത്ത ബാധ്യതയായിരിക്കുകയാണ്.
അതിനിടെ, വിഷയം സഭയില്‍ ഉന്നയിച്ച പ്രതിപക്ഷം മേത്തയുടെ രാജി ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യം വെളിച്ചത്ത് കൊണ്ടുവരണമെന്നും അന്വേഷണം പൂര്‍ത്തിയാകും വരെ മന്ത്രി പദവിയില്‍ നിന്ന് ബി ജെ പി നേതാവ് മാറിനില്‍ക്കണമെന്നും മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ആവശ്യപ്പെട്ടു.

ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആസ്തി വര്‍ധന വന്‍ ചര്‍ച്ചയായതിന് പിറകേയാണ് മഹാരാഷ്ട്രയിലെ കുബേരന്റെ കഥകള്‍ പുറത്ത് വരുന്നത്. 2012ലെ തിരഞ്ഞെടുപ്പില്‍ അമിത് ഷാ വെളിപ്പെടുത്തിയ മൊത്തം സ്വത്ത് 11.15 കോടിയായിരുന്നു. 2017ല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അത് 34.40 കോടിയായി ഉയര്‍ന്നു.