രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് അമേഠിയില്‍ പോസ്റ്റര്‍ പ്രചാരണം

Posted on: August 9, 2017 12:48 am | Last updated: August 9, 2017 at 12:37 am
SHARE

അമേഠി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘കാണാനില്ലെ’ന്ന് കാട്ടി അദ്ദേഹത്തിന്റെ ലോക്‌സഭാ മണ്ഡലമായ അമേഠിയില്‍ വ്യാപക പോസ്റ്റര്‍ പ്രചാരണം. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിന് താഴെ, ‘ബഹുമാനപ്പെട്ട അമേഠി എം പി രാഹുല്‍ ഗാന്ധിയെ ഇവിടെ നിന്ന് കാണാതായിരിക്കുന്നു’ എന്നാണ് എഴുതിയിരിക്കുന്നത്.
രാഹുലിന്റെ ഈ പെരുമാറ്റത്തിലൂടെ സാധാരണക്കാര്‍ കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.

പോസ്റ്റര്‍ പ്രചാരണത്തിന് പിന്നില്‍ ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇത്തരം സംഭവങ്ങ ള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും പോലീസി ല്‍ പരാതി നല്‍കുമെന്നും ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ യോഗേന്ദ്ര മിശ്ര വ്യക്തമാക്കി. പരാതി ലഭിക്കുകയാണെങ്കില്‍ അന്വേഷിച്ച് ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് എ എസ് പി. ബി സി ദുബെ പറഞ്ഞു.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ അവസാനമായി എത്തിയത്. അതേസമയം, കഴിഞ്ഞ ആഴ്ച ലക്‌നോവിലെത്തിയ രാഹുല്‍ അവിടെ വെച്ച് തന്റെ മണ്ഡലത്തിലുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റോഡിനായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്ന വിഷയത്തില്‍ ദേശീയ പാതാ അതോറിറ്റിക്ക് പരാതി നല്‍കാനാണ് രാഹുല്‍ ലക്‌നോവിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here