Connect with us

Eranakulam

കരാര്‍ പുതുക്കിയില്ല; കെ എസ് ആര്‍ ടി സിക്ക് വന്‍ നഷ്ടം

Published

|

Last Updated

കൊച്ചി: ഇന്ധനം കൊണ്ടുവരുന്നതിനുള്ള കരാര്‍ പുതുക്കുന്നതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സിക്ക് പ്രതിദിനം വന്‍ നഷ്ടം. കെ എസ് ആര്‍ ടി സിയുടെ ഒമ്പത് ടാങ്കറുകളുമായിട്ടാണ് ഐ ഒ സി കരാര്‍ ഒപ്പിട്ടിരുന്നത്. ഇതില്‍ ഏഴ് ടാങ്കറുകള്‍ എറണാകുളത്തും രണ്ടെണ്ണം കാസര്‍കോടുമാണ് സര്‍വീസ് നടത്തുന്നത്. ഇന്ധനം കൊണ്ടുവരുന്നതിനായി ടാങ്കറുകള്‍ക്ക് 28,000 മുതല്‍ 35,000 വരെ രൂപയാണ് അധികൃതര്‍ നല്‍കിയിരുന്നത്. എറണാകുളം ഡിപ്പോ അധികൃതരുടെ അനാസ്ഥ കാരണമാണ് ടാങ്കറുകളുടെ കരാറുകള്‍ പുതുക്കാതിരുന്നത്. ടാങ്കറുകളുടെ സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങളിലാണ് ഇന്ധനം എത്തിക്കുന്നത്. ഈ ഇനത്തിലും കെ എസ് ആര്‍ ടി സിക്ക് നഷ്ടമാണുണ്ടായികൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍ കരാര്‍ പുതുക്കണമെന്ന് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിനോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതെ വന്നതോടെയാണ് ഒന്ന് മുതല്‍ ഈ ടാങ്കറുകളെ ഐ ഒ സി ഒഴിവാക്കിയത്. ഈ ടാങ്കര്‍ ലോറികള്‍ ഇപ്പോള്‍ എറണാകുളം ഡിപ്പോക്ക് സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഒതുക്കിയ നിലയിലാണ്.
ഇരുമ്പനത്തു നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ധനവുമായി പോയിരുന്ന ഏഴ് ടാങ്കറുകളും മംഗലാപുരത്തു നിന്ന് കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തിയിരുന്ന രണ്ട് ടാങ്കറുകളുമാണ് ഓട്ടം അവസാനിപ്പിച്ചത്. രണ്ടര ലക്ഷത്തോളം രൂപ കെ എസ് ആര്‍ ടി സിക്ക് ഇതുവഴി പ്രതിദിന നഷ്ടമുണ്ട്. കെ എസ് ആര്‍ ടി സിയുടെ വിവിധ ഡിപ്പോകളിലേക്ക് ഇന്ധനം എത്തിക്കാനും ഈ ടാങ്കര്‍ ലോറികളാണ് ഉപയോഗിച്ചിരുന്നത്. ടാങ്കര്‍ ലോറികള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് കരാര്‍ പുതുക്കാതിരുന്നതെന്നാണ് കെ എസ് ആര്‍ ടി സി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Latest