അഞ്ഞൂറിന്റെ രണ്ട് തരം നോട്ടുകള്‍; നൂറ്റാണ്ടിലെ വലിയ അഴിമതിയെന്ന് കോണ്‍ഗ്രസ്‌

Posted on: August 9, 2017 1:28 am | Last updated: August 9, 2017 at 12:30 am

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് അച്ചടിച്ച പുതിയ അഞ്ഞൂറ്, രണ്ടായിരം രൂപയുടെ നോട്ടുകള്‍ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധത്തിന് ശേഷം പുറത്തിറക്കിയ അഞ്ഞൂറ് രൂപ നോട്ടുകള്‍ വിവിധ വലുപ്പത്തിലുള്ളതാണെന്നും ഇത് ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രാജ്യസഭയില്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ എന്തിനാണ് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതെന്ന് വെളിപ്പെടുത്താന്‍ പോകുന്നുവെന്ന് പറഞ്ഞാണ് കപില്‍ സിബല്‍ ആരോപണം ഉന്നയിച്ചത്. ആര്‍ ബി ഐ രണ്ട് തരത്തിലും രൂപത്തിലുമുള്ള നോട്ടുകളാണ് നിര്‍മിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം നോട്ടുകളുടെ വിത്യാസം കാണിക്കുന്നതിനായി പാര്‍ലിമെന്റില്‍ നോട്ടുകള്‍ ഉയര്‍ത്തിക്കാട്ടി.

വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ഉയര്‍ത്തി. എന്നാല്‍, വിഷയം ഉന്നയിക്കുന്നതിന് നേരത്തെ നോട്ടീസ് നല്‍കാതെയാണ് സഭയില്‍ ബഹളം വെക്കുന്നതെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കോണ്‍ഗ്രസ് നിരുത്തരവാദപരമായ പ്രസ്താവനകളാണ് നടത്തുന്നത്. വിഷയം ഉന്നയിക്കാന്‍ കൃത്യമായ സമയം ആവശ്യപ്പെട്ടിട്ടില്ല. പ്രതിപക്ഷം ശൂന്യവേളയെ ദുരുപയോഗം ചെയ്യുകയാണെന്നും ജെയ്റ്റ്‌ലി പ്രതികരിച്ചു.
ശരത് യാദവിന്റെ നേതൃത്വത്തിലുള്ള ജെ ഡിയു അംഗങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. അഞ്ഞൂറ് രൂപയുടെ വിവിധ വലുപ്പത്തിലുള്ള നോട്ടുകളുടെ ചിത്രം ശരത് യാദവ് ഉയര്‍ത്തിക്കാണിച്ചു. ഗുരുതരമായ വിഷയമാണ് കോണ്‍ഗ്രസ് ഉന്നയിച്ചതെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാന്‍ പ്രതികരിച്ചു. പല വലുപ്പത്തിലുള്ള നോട്ടുകളാണ് രാജ്യത്തുള്ളതെന്നും ഇതില്‍ ഒന്ന് പാര്‍ട്ടിക്കു വേണ്ടിയും മറ്റൊന്ന് ജനങ്ങള്‍ക്കു വേണ്ടിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പരിഹസിച്ചു.

വിഷയത്തില്‍ പ്രതികരണങ്ങളുമായി പാര്‍ലിമെന്ററി കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദും രംഗത്തെത്തിയെങ്കിലും പ്രതിപക്ഷ പ്രതിഷേധം അണഞ്ഞില്ല. അഞ്ഞൂറിന്റെ രണ്ട് തരത്തിലുള്ള നോട്ടുകളുണ്ടെങ്കില്‍ പോലും ഇത് പോയിന്റ് ഓഫ് ഓര്‍ഡറായി ഉന്നയിക്കാന്‍ പറ്റില്ലെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ പറഞ്ഞു. വിഷയം ഉന്നയിക്കണമെങ്കില്‍ മറ്റൊരു രീതിയില്‍ അപേക്ഷിക്കണമെന്നും അദ്ദേഹം പ്രതിപക്ഷ കക്ഷികളോട് ആവശ്യപ്പെട്ടു. ഇതോടെ രാജ്യത്തെ കറന്‍സിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആന്ദ്ശര്‍മ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ച ശേഷം വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം ഇതേ വിഷയവുമായി രംഗത്തെത്തി. വിഷയം ഉന്നയിക്കാന്‍ നോട്ടീസ് നല്‍കണമെന്ന് രാജ്യസഭ അധ്യക്ഷന്‍ പി ജെ കുര്യന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞ ഓരാഴ്ചക്കാലമായി നോട്ടീസ് നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും ഓബ്രിയന്‍ വ്യക്തമാക്കി. തുടര്‍ന്ന് ഉച്ചവരെ സഭ നിര്‍ത്തിവെച്ചു.
ലോക്‌സഭയിലും ഇന്നലെ സര്‍ക്കാറിനെതിരെ പ്രതിഷേധം അരങ്ങേറി. രാഹുല്‍ ഗാന്ധിക്കു നേരെ നടന്ന ആക്രമണവും കേരളത്തിനെതിരെയുള്ള ബി ജെ പി ആരോപണങ്ങളിലുമാണ് ലോക്‌സഭയില്‍ പ്രതിഷേധം അരങ്ങേറിയത്.