126 പേര്‍ക്ക് കൂടി ഹജ്ജിനവസരം

Posted on: August 9, 2017 7:26 am | Last updated: August 9, 2017 at 12:27 am

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ 126 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം. വെയിറ്റിംഗ് ലിസ്റ്റ് 560 മുതല്‍ 709 വരെയുള്ളവര്‍ക്കാണ് അവസരം ലഭിച്ചത്. പുതുതായി അവസരം ലഭിച്ചവരെ അസീസിയ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയത്. ഇവര്‍ മൊത്തം തുകയായ 2,01,750 രൂപ ഈ മാസം പതിനൊന്നിനകം അടക്കണം. റിപ്പീറ്റര്‍ (ആവര്‍ത്തിച്ച് പോകുന്നവര്‍) 10,750 രൂപയും ബലിമൃഗത്തിന് കൂപ്പണ്‍ ആവശ്യമുള്ളവര്‍ 8,000 രൂപയും അധികം അടക്കണം.

പുതുതായി അവസരം ലഭിച്ചവര്‍ പണമടച്ചതിന്റെ പേ ഇന്‍ സ്ലിപ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഈ മാസം പതിനൊന്നിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. 126 പേര്‍ക്ക് കൂടി അവസരം ലഭിച്ചതോടെ ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹാജിമാരുടെ എണ്ണം 13,223 ആയി. ഈ മാസം 13 മുതല്‍ 26 വരെ 39 വിമാനങ്ങളിലായാണ് ഹാജിമാര്‍ പുറപ്പെടുന്നത്. കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചതോടെ ഒരു വിമാനം കൂടി ഏര്‍പ്പെടുത്താന്‍ സഊദി എയര്‍ലൈന്‍സ് അധികൃതര്‍ തയ്യാറായിട്ടുണ്ട്.