മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ബാബ്‌രി മസ്ജിദ് പണിയാമെന്ന് ശിയാ ബോര്‍ഡ്‌

Posted on: August 9, 2017 12:26 am | Last updated: August 9, 2017 at 12:26 am

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് നിലനിന്ന സ്ഥലത്ത് നിന്ന് മാറി നിശ്ചിത അകലത്തില്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ മസ്ജിദ് പണിയാമെന്ന് ഉത്തര്‍പ്രദേശ് ശിയ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. ബാബ്‌രി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് നല്‍കിയ വിവിധ ഹരജികളില്‍ അടുത്ത വെള്ളിയാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് മസ്ജിദ് നിലനിന്ന സ്ഥലത്ത് നിന്ന് മാറി മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ പള്ളി നിര്‍മിക്കണമെന്ന ആവശ്യവുമായി യു പി ശിയാ കേന്ദ്ര വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ബാബ്‌രി മസ്ജിദ് ഭൂമിയുടെ അവകാശം തങ്ങളുടേതാണെന്നും അതിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും വഖഫ് ബോര്‍ഡ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

മസ്ജിദും മന്ദിറും അടുത്തടുത്ത് സ്ഥാപിച്ചാല്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ഇരുവിഭാഗത്തിന്റെയും മതാചാരങ്ങള്‍ നടത്തുന്നതിന് തടസ്സമാകും. ഇത് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളും വിദ്വേഷവും ജനിപ്പിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ കോടതി കയറുന്നത് ഒഴിവാക്കാനാകുമെന്നും ശിയാ ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കോടതിക്ക് പുറത്ത് വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് സുപ്രീം കോടതിയോട് സമയം ആവശ്യപ്പെട്ടിരുന്നു. ബാബ്‌രി മസ്ജിദ് ഒരു ശിയാ സ്വത്താണ്. ഇത് സുന്നി വഖഫ് സ്വത്തല്ല. ഇക്കാര്യം സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. വിഷയത്തില്‍ സൗഹൃദപരമായ ഒത്തുതീര്‍പ്പിന് ശിയാ വഖ്ഫ് ബോര്‍ഡ് ശ്രമങ്ങള്‍ നടത്തുമെന്നും ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ശിയാ ബോര്‍ഡ് കോടതിയെ അറിയിച്ചു.

പ്രശ്‌നപരിഹാരത്തിനായി സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി അധ്യക്ഷനായി പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രിയും ഉള്‍പ്പെടുന്ന സമിതി രൂപവത്കരിക്കണമെന്നും ശിയാ വഖ്ഫ് ബോര്‍ഡ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
അയോധ്യ ഭൂമിയുടെ അവകാശത്തെ ചൊല്ലി നിരവധി പേര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ ഹരജികളില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരിക്കെയാണ് ശിയാ ബോര്‍ഡ് ഇത്തരത്തിലൊരു സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട ഹരജികളില്‍ ഈ മാസം പതിനൊന്നിന് വാദം കേള്‍ക്കുന്നതിന് സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക്ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
അതേസമയം, ശിയാ വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് നിയമസാധുതയില്ലെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.