വെനിസ്വേലക്ക് യു എന്നിന്റെ മുന്നറിയിപ്പ്

Posted on: August 9, 2017 5:20 am | Last updated: August 9, 2017 at 12:21 am

ജനീവ: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തമായ വെനിസ്വേലയില്‍ സൈന്യം അതിരുകടക്കുന്നുവെന്ന് യു എന്‍. ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന സുരക്ഷാ സൈന്യം വ്യാപകമായ തോതില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും ക്രൂരമായ ആക്രമണങ്ങളാണ് നടത്തുന്നതെന്നും യു എന്‍ മനുഷ്യാവകാശ സമിതി വ്യക്തമാക്കി. നിയമവിരുദ്ധമായി വീടുകള്‍ കയറിയുള്ള റെയ്ഡുകളും ക്രൂരമായ ആക്രമണങ്ങളും സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും ഇത്തരം ആക്രമണങ്ങളിലായി 46 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും യു എന്‍ സമിതി ആരോപിച്ചു. ജനങ്ങളുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് യു എന്‍ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യത്തെ മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് യു എന്‍ ഹൈക്കമ്മീഷണര്‍ സെയ്ദ് റആദ് അല്‍ ഹുസൈനാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികളുടെയും പൊതുജനങ്ങളുടെയും അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിപക്ഷ പ്രക്ഷോഭമാണ് ഇപ്പോള്‍ ജനകീയ മുന്നേറ്റമായി മാറിയത്. പ്രക്ഷോഭത്തിനിടെ ഭരണഘടന തിരുത്തി തന്റെ അധികാരം വര്‍ധിപ്പിക്കാന്‍ പ്രസിഡന്റ് നിക്കോളസ് മദുറൊ ശ്രമിച്ചിരുന്നു. ഇത് ജനവികാരം വ്രണപ്പെടുത്താന്‍ കാരണമായി. രാജ്യവ്യാപകമായി പ്രക്ഷോഭം നടന്നിട്ടും പ്രതിപക്ഷ പാര്‍ട്ടികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധമായിട്ടില്ലെന്നും പ്രക്ഷോഭ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് സമരം അടിച്ചമര്‍ത്താനാണ് ശ്രമിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ ഒന്നിനും ജൂലൈ 31നും ഇടക്ക് അയ്യായിരത്തിലധികം ജനങ്ങളെ വിവിധ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇങ്ങനെ അന്യായമായി തടവിലാക്കിയവരെ വിട്ടയച്ച് അടിച്ചമര്‍ത്തല്‍ നടപടി സൈന്യം അവസാനിപ്പിക്കണമെന്ന് യു എന്‍ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു.