ലാവ്‌ലിന്‍: മുനയൊടിഞ്ഞ രാഷ്ട്രീയ ആയുധം

  ഇടപാടിന്റെ കാലത്ത് പല മന്ത്രിമാരും വന്നെങ്കിലും പിണറായിയെ മാത്രം സി ബി ഐ തിരഞ്ഞു പിടിച്ച് വേട്ടയാടുകയായിരുന്നു എന്ന കോടതി പരാമര്‍ശം ഇതൊരു രാഷ്ട്രീയ വേട്ടയുടെ കേസ് മാത്രമായിരുന്നുവെന്ന ഇടതുവാദങ്ങളെ ശക്തിപ്പെടുത്തുന്നു. എന്നാല്‍ കേസില്‍ രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണമെന്നു വിധിയില്‍ പറയുമ്പോള്‍ ലാവ്‌ലിന്‍ ഒരു കെട്ടുകഥ മാത്രമായിരുന്നുവെന്ന് കോടതി നിരീക്ഷിക്കുന്നില്ല. ഇടതു വലതു സര്‍ക്കാറുകള്‍ മാറിമാറി വന്നപ്പോള്‍ ഇരുകൂട്ടരുടെയും മുകളില്‍ ആരോപണത്തിന്റെ നിഴല്‍ പതിഞ്ഞ അഴിമതിക്കഥയാണിത്. പക്ഷേ, ആത്യന്തികമായി ഇത് പിണറായി വിജയന്‍ എന്ന നേതാവിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും ലാക്കാക്കിയുള്ള നിയമയുദ്ധമായാണ് പരിണമിച്ചത്.
  Posted on: August 8, 2017 10:59 pm | Last updated: August 23, 2017 at 11:05 pm
  SHARE

  നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ പൂജ്യങ്ങള്‍ എണ്ണാന്‍ വരെ ശ്രമകരമായ വലിയ അഴിമതികള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. എങ്കിലും, പൂര്‍ണമായും അഴിമതി മുക്തമായ രാഷ്ട്രീയ സാഹചര്യമോ സിവില്‍ സര്‍വീസ് രംഗമോ നമുക്കില്ല എന്നത് വസ്തുതയാണ്. ആദ്യകാല സര്‍ക്കാറുകള്‍ മുതല്‍ അഴിമതി ആരോപണത്തില്‍ നിന്ന് മുക്തമായിരുന്നില്ല. അടുത്ത കാലത്താവട്ടെ അഴിമതിയുടെ കഥകള്‍ കുറച്ചുകൂടി സാന്ദ്രമായി പറയാന്‍ നമ്മുടെ മാധ്യമങ്ങള്‍ നിര്‍ബന്ധിതമായിരിക്കുന്നു.
  കേരളം ഏറ്റവും കൂടുതല്‍ കാലം ചര്‍ച്ച ചെയ്ത അഴിമതി ആരോപണങ്ങളില്‍ ഒന്നും നീണ്ടുനിന്ന നിയമ വ്യവഹാരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതും ലാവ്‌ലിന്‍ കേസാണ്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്‌ലിന്‍ കേസിന് നിദാനം. കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താത്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിയെന്നതാണ് കേസിലെ പ്രധാന ആരോപണം.

  1995 ഓഗസ്റ്റ് 10-ാം തീയതി യു ഡി എഫ് സര്‍ക്കാറിലെ വൈദ്യുതി മന്ത്രി ആയിരുന്ന ജി കാര്‍ത്തികേയനാണ് ലാവ്‌ലിനുമായുള്ള ആദ്യ ധാരണാപത്രം ഒപ്പ് വെക്കുന്നത്. പിന്നീട് ലാവ്‌ലിനെ പദ്ധതി നടത്തിപ്പിന് കണ്‍സള്‍ട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാര്‍ 1996 ഫെബ്രുവരി 24ന് ഒപ്പിടുന്നതും കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രി ആയിരിക്കുമ്പോഴാണ്. കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടത്. പിന്നീട് വന്ന നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
  2001 മെയ് മാസത്തില്‍ തിരികെ അധികാരത്തില്‍ വന്ന എ കെ ആന്റണി മന്ത്രിസഭയുടെ കാലത്താണ് കരാര്‍ പ്രകാരം നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കപ്പെട്ടത്. കടവൂര്‍ ശിവദാസനായിരുന്നു അന്ന് വൈദ്യുതി മന്ത്രി. പിന്നീട് ആര്യാടന്‍ മുഹമ്മദ് വകുപ്പ് മന്ത്രി ആയിരിക്കുമ്പോഴാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക പൂര്‍ണമായും അടച്ചു തീര്‍ത്തത്. കരാറുകള്‍ വിഭാവനം ചെയ്യുന്നത് മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാര്‍ വൈദ്യുതി വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് വേണ്ടി കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുമായിരുന്ന 98 കോടി രൂപയില്‍ ആകെ 12 കോടി രൂപ മാത്രമാണ്, ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.

  എന്തായാലും, ഇടതു വലതു സര്‍ക്കാറുകള്‍ മാറിമാറി വന്നപ്പോള്‍ ഇരുകൂട്ടരുടെയും മുകളില്‍ ആരോപണത്തിന്റെ നിഴലുകള്‍ പതിഞ്ഞ അഴിമതിക്കഥയാണ് ലാവ്‌ലിന്‍. പക്ഷേ ആത്യന്തികമായി ഇത് പിണറായി വിജയന്‍ എന്ന നേതാവിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും ലാക്കാക്കിയുള്ള നിയമയുദ്ധമായാണ് പരിണമിച്ചത്. ആ നിലയില്‍ ‘ലാവ്‌ലിന്‍ അഴിമതി’ കുറേക്കാലമായി മാധ്യമങ്ങളുടേയും നിഷ്പക്ഷരെന്ന് വിശേഷിപ്പിക്കുന്ന ചില രാഷ്ട്രീയ നിരീക്ഷകരുടേയും പ്രധാന വിഷയമായിരുന്നു. 2013 നവംബര്‍ അഞ്ചിന് പിണറായി നല്‍കിയ വിടുതല്‍ ഹരജിക്ക് മേല്‍ സി ബി ഐ പ്രത്യേക കോടതി തീര്‍പ്പു കല്‍പ്പിച്ചു. ലാവ്‌ലിന്‍ കമ്പനിക്ക് പി എസ് പി പദ്ധതികളുടെ പുനരുദ്ധാരണ കരാര്‍ നല്‍കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും അങ്ങനെ ഖജനാവിന് 86.25 കോടി നഷ്ടമായെന്നും പ്രത്യേക കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയ കോടതി പിണറായി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

  പ്രതികളായി ചേര്‍ക്കപ്പെട്ട മുഴുവന്‍ പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ട് പ്രത്യേക സി ബി ഐ കോടതി വിധി പറഞ്ഞതോടെയാണ് ലാവ്‌ലിന്‍ അഴിമതി വിവാദം ഒരു മുനയൊടിഞ്ഞ രാഷ്ട്രീയ ആയുധമായി മാറിയത്. 1996 മുതല്‍ 98 വരെ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, കെ എസ് ഇ ബി ചെയര്‍മാനായിരുന്ന സിദ്ധാര്‍ഥ മേനോന്‍ തുടങ്ങി ഏഴു പ്രതികളെയാണ് സി ബി ഐ കോടതി കുറ്റ വിമുക്തരാക്കിയത്. പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം പദ്ധതികളുടെ നവീകരണം സംബന്ധിച്ച് സി എ ജി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുടക്കിയ തുകക്ക് ആനുപാതികമായി നേട്ടമുണ്ടായിട്ടില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ ഇത്തരം ഒരു കേസ് കെട്ടിച്ചമക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യസന്ധമായ വിലയിരുത്തല്‍. എന്നാല്‍, കേസിന്റെ മെറിറ്റിനേക്കാള്‍ മറ്റെന്തോ ലക്ഷ്യങ്ങളായിരുന്നു ഇങ്ങനെയൊരു വിവാദത്തിന് പിന്നിലുണ്ടായിരുന്നത് എന്ന് പതുക്കെപ്പതുക്കെ മലയാളികള്‍ക്ക് ബോധ്യമാകുകയാണുണ്ടായത്. ആ ലക്ഷ്യങ്ങളായിരുന്നു സി ബി ഐ കോടതി വിധിയോടെ ഇല്ലാതായത്.

  എന്തായാലും സി ബി ഐ കോടതി വിധിക്കെതിരെ സി ബി ഐ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുകയുണ്ടായി. പിണറായി വിജയന്‍ തന്നെയായിരുന്നു ഇടതുനേതൃത്വത്തിലെ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവ് എന്നതിനാല്‍ തിരഞ്ഞെടുപ്പ് കാലത്ത് ഹൈക്കോടതിയില്‍ നിന്നു ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും തീരുമാനം ഉണ്ടാകാന്‍ വലതുപക്ഷവും ചില മാധ്യമങ്ങളും കൊതിച്ചു. വാദം വേഗത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, കോടതിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടാണ് ജസ്റ്റിസ് ഉബൈദ് ഇത്തരം ‘വേഗതാ ഹരജി’കളെ നേരിട്ടത്. എന്തായാലും മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും സി ബി ഐ അപ്പീല്‍ പോകാന്‍ ഒരുങ്ങുന്നു എന്നാണ് മാധ്യമ വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ ലാവ്‌ലിന്‍ ഇതോടെ അവസാനിക്കുമെന്നു കരുതാനാകില്ല.

  പിണറായി വിജയന് ഇടപാടില്‍ സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്നും അതിന് തെളിവില്ലെന്നും ഈ വിധിയിലൂടെ കോടതി നീരിക്ഷിക്കുന്നു. ഇടപാടിന്റെ കാലത്ത് പല മന്ത്രിമാരും വന്നെങ്കിലും പിണറായിയെ മാത്രം സി ബി ഐ തിരഞ്ഞ് പിടിച്ച് വേട്ടയാടുകയായിരുന്നു എന്ന കോടതി പരാമര്‍ശം ഇതൊരു രാഷ്ട്രീയ വേട്ടയുടെ കേസ് മാത്രമായിരുന്നുവെന്ന ഇടതുവാദങ്ങളെ ശക്തിപ്പെടുത്തുന്നു. എന്നാല്‍ കേസില്‍ കെ എസ് ഇ ബി ചെയര്‍മാനും ഉദ്യോഗസ്ഥരും മാത്രമാണ് കുറ്റക്കാരെന്നും രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിയില്‍ പറയുമ്പോള്‍ ലാവ്‌ലിന്‍ ഒരു കെട്ടുകഥ മാത്രമായിരുന്നുവെന്ന് കോടതി നിരീക്ഷിക്കുന്നില്ല. മറിച്ച് പിണറായി വിജയനെ കുറ്റവിമുക്തനാക്കുക മാത്രമാണ് ചെയ്യുന്നത് എന്നുകൂടി കാണണം.

  സി പി എം രാഷ്ട്രീയ ചരിത്രത്തിലെ വിഭാഗീയ ഘട്ടങ്ങളില്‍പ്പോലും ലാവ്‌ലിന്‍ ഒരു വജ്രായുധമായിരുന്നു. രാഷ്ടീയ പ്രതിയോഗികള്‍ സമയാസമയത്ത് അദ്ദേഹത്തിനെതിരായി ലാവ്‌ലിന്‍ കേസ് ഫലപ്രദമായി ഉപയോഗിച്ചു. ഈ സമയത്ത് വലതുപക്ഷ മന്ത്രിമാര്‍ കൂടി ഇക്കാര്യത്തില്‍ ഉത്തരവാദികളാണ് എന്നുള്ള സത്യങ്ങളെ മാധ്യമ ചര്‍ച്ചകള്‍ പോലും മനപ്പൂര്‍വം ഒളിച്ചുവെച്ചു. വിഭാഗീയതാ യുദ്ധത്തില്‍ സ്വന്തം പാളയത്തില്‍ പോലും ലാവ്‌ലിന്‍ ഉപയോഗിച്ച് പിണറായിക്കെതിരെ ഗൂഢാലോചന നടന്നു. ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നിരവധി കേസുകള്‍ ഫയല്‍ ചെയ്തു. സി ബി ഐ തന്നെ പിണറായിയെ വേട്ടയാടിയതായി ഇപ്പോള്‍ ഹൈക്കോടതി പറയുമ്പോള്‍ പിണറായി വേട്ടക്കാരെല്ലാവരും നിരാശയില്‍ നിന്ന് ജനിക്കുന്ന മൗനത്തിലാണ്.

  ആണവ കരാറുമായി ബന്ധപ്പെട്ട് യു പി എ സര്‍ക്കാറിനുളള പിന്തുണ ഇടതു പാര്‍ട്ടികള്‍ പിന്‍വലിക്കുമെന്ന രാഷ്ട്രീയ തീരുമാനം വന്നപ്പോള്‍ ലാവ്‌ലിന്‍ കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സി പി എമ്മിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചതായി അക്കാലത്ത് കഥകള്‍ പരന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതിന് കേസ് തടസ്സമാവുമെന്ന സ്വപ്‌നങ്ങളില്‍ അഭിരമിച്ചവരില്‍ അദ്ദേഹത്തിന്റെ സഹ സഖാക്കള്‍ കൂടിയുണ്ടായിരുന്നു എന്നത് സി പി എം വിഭാഗീയതയുടെ പില്‍ക്കാല ചരിത്രം കൂടിയാണ്.

  സംഘ്പരിവാറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ പോലീസ് മതിയായ നടപടികള്‍ എടുക്കാതിരിക്കുന്നത് പിണറായി വിജയന്‍ കേന്ദ്രത്തെയും സി ബി ഐയെയും ഭയക്കുന്നതുകൊണ്ടാണ് എന്ന രൂപത്തിലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിത്. വസ്തുതയില്ലാത്ത കേവലം ഭാവനാപൂര്‍ണമായ ആരോപണങ്ങള്‍ മാത്രമാണ് ഇത്. എന്നിരുന്നാലും, കേരളത്തിലെ ശശികലയും മോഹന്‍ ഭാഗവതും തുടങ്ങി ആര്‍ എസ് എസ് ക്രിമിനലുകള്‍വരെയുള്ളവര്‍ക്കെതിരെ പിണറായി സര്‍ക്കാറിന്റെ പോലീസ് കുറച്ചുകൂടി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നത് മതേതര കേരളത്തിന്റെ ആശയും അതിന്റെ അഭാവം ആശങ്കയുമാണ്. എന്തായാലും ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധി ഈ രാഷ്ട്രീയ വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും അവസാനമാകുമോ എന്ന് കാത്തിരുന്നുതന്നെ കാണണം. പിണറായി എന്ന കരുത്തനായ നേതാവിന്റെ അഗ്‌നിശുദ്ധി തെളിയിക്കലാകുമോ ഈ കോടതിവിധി എന്നതും ആ അഗ്‌നിശുദ്ധിയുടെ ഊര്‍ജത്തില്‍ അദ്ദേഹത്തിനു കീഴിലുള്ള പോലീസ് കൃത്യമായ നടപടികള്‍ സ്വീകരിക്കുമോ എന്നതും വരും ദിവസങ്ങളിലെ നിലപാടുകളിലൂടെ തെളിയിക്കേണ്ട രാഷ്ട്രീയ വസ്തുതകളാണ്.