Connect with us

Gulf

'സ്മാര്‍ടാ'യി ഉറങ്ങിയാല്‍ പിഴ 300

Published

|

Last Updated

ദുബൈ: ദുബൈ നിരത്തുകളിലെ സ്മാര്‍ട് ഷെല്‍ട്ടറുകളില്‍ സുഖമായി ഉറങ്ങാമെന്ന് കരുതുന്നുണ്ടോ? എങ്കില്‍ പിഴ ഉറപ്പ്. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി, നിയമ ലംഘനം നടത്തുന്ന യാത്രക്കാരെ പിടികൂടുന്നതിന് പ്രത്യേക കാമ്പയിന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.

പൊതു ഗതാഗതത്തിന്റെ സുഗമമായ നടത്തിപ്പിനായി ആര്‍ ടി എ ഒരുക്കിയ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ കാമ്പയിന്‍ ആരംഭിച്ചത് മുതല്‍ 61 ലംഘനങ്ങളാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.
പൊതു സൗകര്യങ്ങള്‍ക്ക് ഭംഗം വരുത്തുന്ന വിധത്തില്‍ കേടുപാടുകള്‍ വരുത്തുക, മാലിന്യങ്ങള്‍ വലിച്ചെറിയുക, സ്മാര്‍ട് ഷെല്‍ട്ടറുകളില്‍ ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക, അനധികൃതമായി ഷെല്‍ട്ടറുകളില്‍ പരസ്യം പതിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ആര്‍ ടി എയുടെ പ്രത്യേക പരിശോധക സംഘം കുറ്റക്കാര്‍ക്ക് പിഴചുമത്തിയിട്ടുണ്ടെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സിക്ക് കീഴിലെ ട്രാന്‍സ്‌പോര്‍ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മഹ്‌രി പറഞ്ഞു. പൊതു നിരത്തുകളില്‍ പുക വലിച്ചതിനും പൊതുവാഹനങ്ങളില്‍ കാല്‍ കയറ്റി വെച്ചതിനും അധികൃതര്‍ പിഴ ഈടാക്കിയിട്ടുണ്ട്.

പൊതു ജനങ്ങളെ കൂടുതല്‍ ബോധവത്കരിച്ച് ഗതാഗത സൗകര്യങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിനും ജനങ്ങള്‍ക്ക് സംതൃപ്തി നല്‍കുന്നതിനും വേണ്ടിയാണ് കാമ്പയിന്‍. ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുണ്ടാവുന്ന മോശമായ പ്രവണതകളെ മാറ്റിയെടുത്തു ഉന്നതമായ യാത്രാ അനുഭവം സമ്മാനിക്കുന്നതിന് കാമ്പയിന്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മെട്രോക്ക് ഏര്‍പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താല്‍ 2000 ദിര്‍ഹമാണ് പിഴ, പൊതു ഗതാഗത ബസുകളുടെ സീറ്റുകള്‍ക്കോ മറ്റ് സംവിധാനങ്ങള്‍ക്ക് കേടുവരുത്തിയാല്‍ 500 ദിര്‍ഹമാണ് പിഴയൊടുക്കേണ്ടിവരും. പൊതു നിരത്തുകളില്‍ സ്മാര്‍ട് ബസ് ഷെല്‍ട്ടറുകളിലോ മറ്റ് നിരോധിത സ്ഥലങ്ങളിലോ ഉറങ്ങിയാല്‍ 300 ദിര്‍ഹം പിഴ ചുമത്തും.

ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക, മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും വിധത്തില്‍ ഓമന മൃഗങ്ങളെ കൂടെക്കൂട്ടുക എന്നിവക്ക് 100 ദിര്‍ഹം പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest