നടപ്പുവര്‍ഷം ആദ്യ പകുതിയില്‍ ഷാര്‍ജയില്‍ മൂന്ന് കോടി യാത്രക്കാര്‍

Posted on: August 8, 2017 7:58 pm | Last updated: August 8, 2017 at 7:54 pm

ഷാര്‍ജ: ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ പൊതുഗതാഗത സേവനം ഈ വര്‍ഷം ആദ്യ ആറു മാസം ഉപയോഗപ്പെടുത്തിയത് മൂന്ന് കോടി യാത്രക്കാര്‍. മികച്ച ഗതാഗത സൗകര്യവും ഗുണനിലവാരവും യാത്രാ സുരക്ഷിതത്വുമാണ് സിറ്റി, ഇന്റര്‍സിറ്റി ബസുകളും ടാക്‌സികളും നല്‍കുന്നതെന്ന് ഷാര്‍ജ ആര്‍ ടി എ ട്രാന്‍സ്‌പോര്‍ട് അഫയേഴ്‌സ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ജര്‍വാന്‍ പറഞ്ഞു.

ദിനേന ഏകദേശം 167,000 പേരാണ് ഷാര്‍ജയില്‍ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നത്. കൂടുതല്‍ പുതിയ ബസുകളും ടാക്‌സികളും അധിക ബസ് റൂട്ടുകളും അനുവദിച്ചതാണ് യാത്രക്കാര്‍ വര്‍ധിക്കാനിടയാക്കിയത്. ഷാര്‍ജ, എമിറേറ്റ്‌സ്, യൂണിയന്‍, സിറ്റി ടാക്‌സി എന്നീ മൂന്ന് ടാക്‌സി കമ്പനികളും എമിറേറ്റിലുണ്ട്. നടപ്പുവര്‍ഷം ആദ്യ പകുതിയില്‍ 15,067,000 ട്രിപ്പുകളാണ് ടാക്‌സികള്‍ നടത്തിയത്. 22,601,000 പേര്‍ യാത്ര ചെയ്തു.

കിഴക്കന്‍ മേഖലയില്‍ നിന്ന് ഇക്കാലയളവില്‍ ടാക്‌സി സേവനത്തിനായി 7,753 പേര്‍ ബുക് ചെയ്തതായും അബ്ദുല്‍ അസീസ് അല്‍ ജര്‍വാന്‍ പറഞ്ഞു. കല്‍ബയില്‍ മൂന്നും ഖോര്‍ഫുകാനില്‍ രണ്ടും ടാക്‌സി ഓട്ടോ കാള്‍ മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആര്‍ ടി എ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 191,356 ട്രിപ്പുകളാണ് ഇക്കാലയളവില്‍ ഇവിടെ നിന്നുണ്ടായത്. ദിനേനയുള്ള സാധാരണ ട്രിപ്പുകള്‍ 182ഉം ഫാമിലി-വുമണ്‍ ട്രിപ്പുകള്‍ 197മാണ്.

ഷാര്‍ജ പബ്ലിക് ബസ് ഒന്‍പത് റൂട്ടുകളില്‍ 172,343 ട്രിപ്പുകള്‍ നടത്തി. 3,510,000 യാത്രക്കാരാണ് ബസുകളില്‍ കയറിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 4,631 പേര്‍ അധികം കയറി. സേയര്‍ പ്രീപെയ്ഡ് കാര്‍ഡ് 25 ശതമാനം കിഴിവില്‍ നല്‍കിയത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി.

ഇന്റര്‍സിറ്റി ബസുകളില്‍ ദിനേന 20,000 യാത്രക്കാരാണുള്ളത്. ആദ്യ ആറു മാസം 17 റൂട്ടുകളില്‍ 166,404 ട്രിപ്പുകളെടുത്തു. 3,620,000 യാത്രക്കാരാണ് ഇന്റര്‍സിറ്റി ബസിനെ ആശ്രയിച്ചത്.
ഇതേ കാലയളവില്‍ ആര്‍ ടി എ കാള്‍ സെന്ററില്‍ 483,000 വിളികളെത്തി. ഒരു മാസം 80,000ത്തോളം വിളികളാണെത്തുന്നത്. ആകെ വിളിച്ചതില്‍ 318,000 വിളികളും ടാക്‌സി ബുക്കിംഗിനായിരുന്നു.

ഉപഭോക്താക്കളുടെ നിര്‍ദേശങ്ങളും പരാതികളും 600525252 നമ്പറില്‍ അറിയിക്കണമെന്ന് അബ്ദുല്‍ അസീസ് അല്‍ ജര്‍വാന്‍ പറഞ്ഞു. വിവിധ അന്വേഷണങ്ങള്‍ക്കും 24 മണിക്കൂറും ഈ നമ്പറില്‍ ബന്ധപ്പെടാം.