എഎസ്‌ഐയുടെ തൊപ്പിവെച്ച് ഡിവൈഎഫ്‌ഐ നേതാവിന്റെ സെല്‍ഫി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: August 8, 2017 7:41 pm | Last updated: August 8, 2017 at 10:32 pm
SHARE

കോട്ടയം: എഎസ്‌ഐയുടെ തൊപ്പിവച്ച ചിത്രം ഡിവൈഎഫ്‌ഐ നേതാവ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ആയ അനില്‍,വിനോദ്,ജയന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ്‌ചെയ്തത്.

കുമരകത്ത് വള്ളംകളിയുടെ പരിശീലന തുഴച്ചില്‍ നടക്കുന്ന സ്ഥലത്ത് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ കുമരകം തൈപ്പറമ്പില്‍ മിഥുന്‍(അമ്പിളി 23)ആണ് കോട്ടയം ഈസ്റ്റ് സ്‌റ്റേഷനില്‍ വച്ച് എഎസ്‌ഐയുടെ തൊപ്പി വെച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചത്. അറസ്റ്റിലായ മിഥുനെ ഇന്നലെ രാവിലെയാണ് ഈസ്റ്റ് സിഐ സാജു വര്‍ഗീസ് അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. വൈകുന്നേരം ജാമ്യം നല്‍കി ഇയാളെ വിട്ടയച്ചു. അതിനുശേഷമാണ് എഎസ്‌ഐയുടെ തൊപ്പി വെച്ചുള്ള ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്തത്.

സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം ഡിവൈഎസ്പിക്ക് ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈസ്റ്റ് സ്‌റ്റേഷനിലെ ഒരു എഎസ്‌ഐയുടെ തൊപ്പിയാണ് പ്രതി തലയില്‍വെച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇതേതുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്.