Connect with us

National

അമിത്ഷായുടെ തന്ത്രങ്ങള്‍ പാളി; രണ്ട് വിമത എംഎല്‍എമാരുടെ വോട്ട്‌ റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി:ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി.

വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രാഘവ്ജി പട്ടേല്‍, ഭോല ഗൊഹേല്‍ എന്നിവരുടെ വോട്ടുകളാണ് അസാധുവാക്കിയത്. വോട്ട് ചെയ്ത ശേഷം എംഎല്‍എമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

ഇവരുടെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളടക്കമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിനല്‍കിയത്.

കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടതിന് പിന്നാലെ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കളും കമ്മീഷനെ സന്ദര്‍ശിച്ചിരുന്നു. വോട്ട് റദ്ദാക്കാന്‍ പാടില്ലെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതോടെയാണ് ഫലപ്രഖ്യാപനം നീണ്ടുപോയത്.

182 അംഗ നിയമസഭയില്‍ നിലവിലുള്ള 176 എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടരയോടെ അവസാനിച്ചു. അമിത് ഷായും സ്മൃതിയും വിജയമുറപ്പിച്ച തിരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ ഫലത്തിലാണ് ആകാംക്ഷ നിലനില്‍ക്കുന്നത്. അഹമ്മദ് പട്ടേലിന് ജയിക്കാന്‍ 45 വോട്ടാണ് വേണ്ടത്.

 

 

Latest