എന്തുകൊണ്ട് ഏബ്ള്‍ വേള്‍ഡുകള്‍

വൈകല്യമുള്ളവരില്‍ ഭൂരിപക്ഷം ആളുകളും ആത്മവിശ്വാസം നഷ്ടപ്പെട്ടവരും ജീവിതത്തില്‍ മറ്റുള്ളവരെ ആശ്രയിക്കുന്നവരുമാണ്. എന്നാല്‍, ഇവര്‍ ഒരിക്കലും മറ്റുള്ളവരുടെ സഹതാപവും സഹായ ഹസ്തങ്ങളും ആഗ്രഹിക്കുന്നവരല്ല. വീടിന്റെ മേല്‍ക്കൂരയെ ഇവരുടെ ആകാശമാക്കി മൂലക്കിരുത്തുന്നതിനു പകരം അവരുടെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും കണ്ടറിഞ്ഞു പരിഹാരം കാണാന്‍ ശ്രമിച്ചാല്‍ നിരവധി പ്രതിഭകളെ നമുക്കിനിയും ലഭിക്കും.
Posted on: August 8, 2017 12:01 am | Last updated: August 8, 2017 at 12:01 am

വൈകല്യങ്ങളാല്‍ അശക്തതയനുഭവിക്കുന്ന ഒരുപാട് ആളുകള്‍ മാനസികമായും ശാരീരികമായും സാമ്പത്തികമായും പ്രയാസമനുഭവിക്കുന്നുണ്ട്. ഇവരുടെ പ്രശ്‌നങ്ങളെ ഏറ്റെടുക്കല്‍ നമ്മുടെ ധാര്‍മിക ഉത്തരവാധിത്വമാണ്. എറ്റവും പ്രധാനപ്പെട്ടത്, ഇവരെ ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പുറത്ത് കൊണ്ടുവന്നാല്‍ ലോകത്തിന് ഒരുപാട് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ ഇവര്‍ക്ക് സാധിക്കും എന്നതാണ്. പുനരധിവാസം ലഭിക്കാതെയും വിദ്യാഭ്യാസം ലഭിക്കാതെയും പിന്തുണ ലഭിക്കാതെയും ഒരിടത്തും തങ്ങളുടെ കഴിവുകളെ പ്രകടിപ്പിക്കാന്‍ സാധിക്കാതെയുമുള്ള ജനകോടികള്‍ക്ക് പുനരധിവാസമൊരുക്കാന്‍ ലോകത്ത് എല്ലായിടത്തുമുള്ള ഗവണ്‍മെന്റുകള്‍ക്ക് സാധിക്കണം’ അനുഭവത്തിന്റെ വെളിച്ചത്തിലാണ് സ്റ്റീഫന്‍ ഹോക്കിംഗ് ഇത് പറയുന്നത്. അശക്തതയെ അതിജയിച്ച് ലോകത്ത് അത്ഭുതം കാണിച്ച മഹാവ്യക്തിത്വമാണ് സ്റ്റീഫന്‍ ഹോക്കിംഗ.് അദ്ദേഹത്തിന്റെ വളര്‍ച്ചാ സാഹചര്യങ്ങളും സൗകര്യങ്ങളും അവശതകളെ അതിജയിക്കാന്‍ അദ്ദേഹത്തിന് കരുത്തു പകര്‍ന്നു.
വൈകല്യമുള്ളവരില്‍ ഭൂരിപക്ഷം ആളുകളും ആത്മവിശ്വാസം നഷ്ടപ്പെട്ടവരും ജീവിതത്തില്‍ മറ്റുള്ളവരെ ആശ്രയിക്കുന്നവരുമാണ്. എന്നാല്‍, ഇവര്‍ ഒരിക്കലും മറ്റുള്ളവരുടെ സഹതാപവും സഹായ ഹസ്തങ്ങളും ആഗ്രഹിക്കുന്നവരല്ല. വീടിന്റെ മേല്‍ക്കൂരയെ ഇവരുടെ ആകാശമാക്കി മൂലക്കിരുത്തുന്നതിനു പകരം അവരുടെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും കണ്ടറിഞ്ഞു പരിഹാരം കാണാന്‍ ശ്രമിച്ചാല്‍ നിരവധി പ്രതിഭകളെ നമുക്കിനിയും ലഭിക്കും.

യഥാര്‍ഥത്തില്‍ ആരാണ് വൈകല്യമുള്ള വ്യക്തി, വൈകല്യം എന്ന പരിഗണനക്കുള്ളില്‍ ഏതൊക്കെ ആളുകളെ ഉള്‍പെടുത്തണം എന്നതിനും ഒരു പ്രത്യേക നിര്‍വചനം രൂപപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ ലോകത്തെ വൈകല്യമുള്ള ജനങ്ങളുടെ അംഗസംഗ്യ കണ്ടത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ മിനിസ്റ്ററി ഓഫ് സ്റ്റാറ്റിസ്റ്റിക്ക് ഡിപാര്‍ട്ട്‌മെന്റിന് കീഴില്‍ 2016ല്‍ വൈകല്യമനുഭവിക്കുന്നവരുടെ സ്ഥിതിവിവരകണക്കെടുപ്പു സര്‍വേ നടത്തിയപ്പോള്‍ അതിന്റെ ആമുഖത്തില്‍ വൈകല്യത്തിനു നല്‍കിയ നിര്‍വചനം ‘പ്രത്യേക
പാരിസ്ഥിക സാഹചര്യവും പ്രത്യേക ആരോഗ്യ പ്രതിസന്ധികളും അനുഭവിക്കുന്നവര്‍’ എന്നണ്.

 

2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ 121 കോടി ജനങ്ങളില്‍ ഏകദേശം 2.68 കോടി ജനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള വൈകല്യം അനുഭവിക്കുന്നവരാണ്. അഥവാ മൊത്തം ജനസംഖ്യയുടെ 2.21 ശതമാനം. ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന വകവെച്ചു നല്‍കുന്ന ചിന്തയിലും വിശ്വാസത്തിലും ആരാധനകളിലും ആശയപ്രകടനത്തിലുമെല്ലാമുള്ള തുല്യ നീതി ഇവരെ കൂടി ഉള്‍പെടുത്തി കൊണ്ടാണ് ഭരണഘടനാ ശില്‍പ്പികള്‍ നിര്‍വചിച്ചിട്ടുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രയാസം അനുഭവിക്കുന്നവര്‍ക്ക് നീതി ലഭിക്കുന്നില്ല. വൈകല്യം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ 2006ല്‍ രൂപവത്കരിച്ച ‘ദ നാഷനല്‍ പോളിസി ഫോര്‍ പെര്‍സണ്‍ വിത്ത് ഡിസെബിലിറ്റി’ പറയുന്നത് വൈകല്യം അനുഭവിക്കുന്നവര്‍ രാജ്യത്തിന്റെ മൂല്യമുള്ള മാനുഷിക വിഭവമാണെന്നാണ്. സമൂഹത്തില്‍ അവര്‍ക്ക് തുല്യ അവസരവും സംരക്ഷണവും അവകാശവും അവരുടെ പൂര്‍ണസാന്നിധ്യവും ഉറപ്പ് നല്‍കുന്ന സാഹചര്യം ഉണ്ടാക്കാന്‍ ശ്രമിക്കണം എന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. നാഷനല്‍ പോളിസി പറയുന്ന മറ്റൊരു കാര്യം നല്ല നിലയില്‍ പുനരധിവാസവും അവസരങ്ങളും ലഭിക്കുകയാണെങ്കില്‍ നിലവാരമുള്ള ജീവിതം പുലര്‍ത്താന്‍ വൈകല്യം അനുഭവിക്കുന്നവര്‍ക്ക് സാധിക്കും എന്നാണ്. പുനരധിവാസത്തില്‍ ഊന്നി പറയുന്ന മൂന്ന് കാര്യങ്ങള്‍ വിദ്യാഭ്യാസം, സാമ്പത്തികം, ശാരീരികം എന്നിവയാണ്. കൂടാതെ ഇന്ത്യന്‍ ഭരണഘടനയുടെ നാലാം ഭാഗത്ത് ആര്‍ട്ടിക്കിള്‍ 41 ലെ നിര്‍ദേശക തത്വപ്രകാരം രോഗം, വൈകല്യം, വാര്‍ധക്യം, തൊഴിലില്ലായ്മ തുടങ്ങി പ്രതിസന്ധികള്‍ അനുഭവിക്കുന്നവര്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക ശേഷിക്കനുസൃതമായ നിലയില്‍ വിദ്യാഭ്യാസം, ജോലി, പൊതുസഹായം തുടങ്ങിയവയില്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം എന്നാണ്.

സെക്ഷന്‍2(ഐ)ലെ ആക്ട് 1995 പ്രകാരം ഇന്ത്യയിലെ വൈകല്യം അനുഭവിക്കുന്നവരെ പരിഗണിക്കുന്നത് എട്ടു വിഭാഗങ്ങളായിട്ടാണ്. അന്ധര്‍, ചിന്താ ശേഷികുറഞ്ഞവര്‍, കുഷ്ഠം ബാധിച്ചവര്‍, ബധിരര്‍, അംഗവൈകല്യമുള്ളവര്‍, മാനസിക വിഭ്രാന്തിയുള്ളവര്‍, മനോവൈകല്യമുള്ളവര്‍ എന്നിങ്ങനെ. ഇവിടെ വിവരിച്ച ഓരോ വിഭാഗങ്ങള്‍ക്കും പിന്നീട് ഉപവിഭാഗങ്ങളെയും നിര്‍വചിച്ചിട്ടുണ്ട്. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ വൈകല്യം അനുഭവിക്കുന്നവരില്‍ 56 ശതമാനവും (1.5കോടി)പുരുഷന്മാരാണ്. ബാക്കി 44 ശതമാനം(1.18കോടി)സ്ത്രീകളുമാണ്. ഇവരില്‍ ഭൂരിപക്ഷവും ഗ്രാമങ്ങളില്‍ ജീവിക്കുന്നവരാണ്. മൊത്തം വൈകല്യം അനുഭവിക്കുന്നവരില്‍ 69 ശതമാനം പേരും ഗ്രാമത്തിലാണ് താമസിക്കുന്നത്. 2001ലെ പോപ്പുലേഷന്‍ സെന്‍സസില്‍ ഇന്ത്യയില്‍ വൈകല്യം അനുഭവിക്കുന്നവര്‍ 2.13ശതമാനമായിരുന്നു ഇത് 2011ല്‍ 2.21 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഗ്രാമത്തില്‍ താമസിക്കുന്നവരില്‍ 2001ല്‍ വൈകല്യമുള്ളവര്‍ 2.21 ശതമാനമായിരുന്നു. ഇത് 2.24ലേക്കും നഗരത്തില്‍ ജീവിക്കുന്നവരില്‍ 1.93 ശതമാനത്തില്‍ നിന്ന്2.17ലേക്കും ഉയര്‍ന്നു. രാജ്യത്ത് വൈകല്യം അനുഭവിക്കുന്നവരില്‍ 20 ശതമാനം പേരും ചലനാവയവ വൈകല്യമുള്ളവരും 19 ശതമാനം പേര്‍ വീതം കേള്‍വിയിലും കാഴ്ചയിലും എട്ട് ശതമാനം പേര്‍ വ്യത്യസ്ത പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും ബാക്കിയുള്ളവര്‍ മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ യഥാക്രമം ഉള്‍പെടുന്നവരുമാണ്. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ജനിക്കുന്ന നൂറുക്കുട്ടികളില്‍ ഒന്ന് എന്തെങ്കിലും തരത്തിലുള്ള വൈകല്യം ഉള്ളവരാണ്. സെന്‍സസ് പ്രകാരം 20.42 ലക്ഷത്തിലധികം വൈകല്യം ബാധിച്ചവര്‍ ആറു വയസ്സിനുള്ളിലുള്ളവരാണ്.\

ഗൗരവതരമായി നാം ചിന്തിക്കേണ്ടത് ഇവരുടെ വിദ്യാഭ്യാസ ചുറ്റുപാടുകളും വളര്‍ച്ച സാഹചര്യങ്ങളെ കുറിച്ചുമാണ്. രാജ്യത്ത് അഞ്ചു വയസ്സിനും പത്തൊമ്പത് വയസ്സിനും ഇടയിലുള്ള വൈകല്യമുള്ള 61 ശതമാനം കുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നുണ്ടെങ്കിലും വെറും 13 ശതമാനം ആളുകള്‍ മാത്രമാണ് മാട്രിക്ക്/സെക്കന്‍ഡറി വിദ്യാഭ്യാസം കരസ്തമാക്കുന്നത്. ഇവരില്‍ തന്നെ ഗ്രാജ്വാഷന്‍ നേടുന്നവര്‍ അഞ്ച് ശതമാനം പേര്‍ മാത്രം. വൈകല്യമുള്ള വിദ്യാര്‍ഥികളില്‍ തന്നെ വ്യത്യസ്ത വൈകല്യം അനുഭവിക്കുന്നവരില്‍ (മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റിസ്)54 ശതമാനം പേരും ഒരിക്കല്‍ പോലും കലാലയ മുറ്റം കാണാത്തവരാണ്. ഇങ്ങനെ ജീവിതത്തില്‍ തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഒരാള്‍ക്ക് മുമ്പിലും തുറന്നുപറയാന്‍ സാധിക്കാതെ, മറ്റുള്ളവരുടെ സഹതാപത്തിനും തുറിച്ചു നോട്ടങ്ങള്‍ക്കുമിടയില്‍ വിങ്ങി ജീവിക്കുന്ന ഒരു പറ്റം പച്ച മനുഷ്യരുണ്ട് നമുക്ക് ചുറ്റും. ലോക രാജ്യങ്ങളില്‍ തന്നെ ഇത്തരം ആളുകളുടെ ഉന്നമനത്തിനും ക്ഷേമത്തിനും മുന്‍കൈയെടുക്കുന്ന രാജ്യങ്ങളില്‍ ആദ്യ രാജ്യങ്ങളില്‍ പെടുന്നു ഇന്ത്യ. എന്നാല്‍ ഇവരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നല്‍കാനും അവസരങ്ങളില്‍ ഇത്തരം ആളുകളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും വേണ്ടത്ര കാര്യക്ഷമത ഉത്തരവാദിത്വപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് ഉണ്ടാവുന്നില്ല.

ശാരീരികമായും മാനസികമായും ഭിന്ന ശേഷിയുള്ളവരും വിവിധകാരണങ്ങളാല്‍ പൊതുധാരയിലേക്ക് വരാന്‍ സാധിക്കാത്തവരുമായ ആളുകള്‍ക്കായി പ്രത്യേകമായ ഒരു ക്യാമ്പസ് ഏബ്ള്‍ വേള്‍ഡ് എന്നപേരില്‍ മഅ്ദിന്‍ അക്കാദമി തുടങ്ങുന്നുണ്ട്. സ്ഥാപനത്തിന്റെ ശിലാസ്ഥാപന കര്‍മം വ്യവസായ പ്രമുഖന്‍ എം എ യൂസുഫ് അലി നിര്‍വഹിച്ചു. പരിപാടിയിലെ വീല്‍ചെയറുപയോഗിക്കുന്നവരുടെ ബാഹുല്യവും അവര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളും ചിന്തനീയമായിരുന്നു. സുപ്രധാന പ്രമേയങ്ങളാണ് അവര്‍ മുന്നോട്ട് വെച്ചത്. ഒന്ന്, എല്ലാ പൊതുസ്ഥാപനങ്ങളും വീല്‍ചെയര്‍ ഫ്രണ്ട്‌ലിയാക്കുക. രണ്ട്, ന്യൂനതകളെടുത്ത് പറഞ്ഞു കൊണ്ടുള്ള സംബോധനകള്‍ ഒഴിവാക്കുക (അന്ധന്‍, ബധിരന്‍ തുടങ്ങിയവ). മൂന്ന്, സഹതാപമല്ല പരിഗണനയാണ് വേണ്ടത് അഥവാ സഹതാപം സ്ഫുരിക്കുന്ന തുറിച്ചുനോട്ടങ്ങളും അമിതമായ സഹായങ്ങളും ചെയ്ത് അന്യതാ ബോധം വളര്‍ത്തി മറ്റൊരു വിഭാഗമായി ഗണിക്കാതിരിക്കുക. നാല്, ബസുകളും മറ്റു പൊതുയാത്രാ വാഹനങ്ങളും വീല്‍ചെയര്‍ ഫ്രണ്ട്‌ലിയാക്കുക.
മദ്‌റസാധ്യാപകരും മഹല്ലു കമ്മിറ്റിയും ഇവരുടെ മതപഠനത്തിന് പദ്ധതികളാവിഷ്‌കരിക്കുക എന്ന ആവശ്യവും ഉന്നയിച്ചു. ഉദാഹരണത്തിന് രാവിലെ മദ്‌റസ കഴിയുന്ന മദ്‌റസാധ്യാപകര്‍ ഇവര്‍ക്ക് വീട്ടില്‍ ചെന്ന് ധാര്‍മിക വിദ്യാഭ്യാസം നല്‍കാനോ അല്ലങ്കില്‍ മദ്‌റസകള്‍ വീല്‍ചെയര്‍ ഫ്രണ്ട്‌ലിയാക്കി ഇവര്‍ക്കും മറ്റു വിദ്യാര്‍ഥികളോടൊപ്പം പഠിക്കാനുള്ള സൗകര്യം ഒരുക്കുകയോചെയ്യാം. ആരാധനാലയങ്ങള്‍ വീല്‍ചെയര്‍ ഫ്രണ്ട്‌ലിയാക്കുക. കോടികള്‍ മുടക്കി നിര്‍മിക്കുന്ന ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനപടികള്‍ കയറാനുള്ള നിലയിലായിരിക്കും. എന്നാല്‍ ജനിച്ചത് മുതല്‍ ആഗ്രഹമുണ്ടായിട്ടും ആരാധനാലയങ്ങളുടെ പടികള്‍ക്ക് മുമ്പില്‍ തങ്ങളുടെ ആഗ്രഹങ്ങളോട് അടിയറവ് പറയുന്ന നിരവധി ചക്രകസേര ജീവിതങ്ങളുണ്ട്. നമ്മള്‍ കരുതിയാല്‍ ഇവര്‍ക്ക് പരിഹാരം നല്‍കാം, ഇനി നമ്മുടെ നാടുകളില്‍ നിര്‍മിക്കുന്ന പള്ളികളുടെ ഭംഗിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാത്ത രീതിയില്‍തന്നെ റാമ്പ് സിസ്റ്റം ഒരുക്കിയാല്‍ മതിയാകും. ഏബ്ള്‍ വേള്‍ഡുകളും മറ്റു പുനരധിവാസ പ്രവര്‍ത്തനങ്ങളും സമൂഹത്തിന്റെ ആവശ്യകതയാണ്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പൊതുജന ഭാഗത്ത് നിന്നും ഗൗരവതരമായ ഇടപെടലുകള്‍ ഇത്തരം പ്രയാസമനുഭവിക്കുന്നവരുടെ വിഷയങ്ങളില്‍ ഉണ്ടാകണം.