ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ചതിന് സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

Posted on: August 7, 2017 11:11 pm | Last updated: August 7, 2017 at 11:11 pm

വടക്കാഞ്ചേരി: ഉറങ്ങിക്കിടക്കുകയായിരുന്ന സുഹൃത്തിനെ ഭക്ഷണം കഴിക്കാന്‍ വിളിച്ച സഹപ്രവര്‍ത്തകനെ പ്രകോപിതനായി കുത്തിക്കൊന്ന കേസില്‍ സുഹൃത്തിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഡാലിയ ജില്ലയില്‍ സിക്കന്ദര്‍പൂര്‍ സബാലിപൂര്‍ ഗ്രാമത്തിലെ ഖാജറിന്റെ മകന്‍ മനഞ്ജയ് (24) ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് ഹര്‍ദാര്‍പൂര്‍ സാംനാപുരം മാവൂര്‍ ജില്ലയിലെ ഹുസൈനിന്റെ മകന്‍ ഹനീഫ് (23) നെയാണ് സഹപ്രവര്‍ത്തകനും സുഹൃത്തുമായ മനഞ്ജയ് കുത്തിക്കൊന്നത്.

വടക്കാഞ്ചേരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സില്‍ കഴിഞ്ഞ രാത്രിയാണ് സംഭവമുണ്ടായത്. ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ചതില്‍ പ്രകോപിതനായ മനഞ്ജയ് കമ്പിക്കഷണം ഉപയോഗിച്ച് ഹനീഫിന്റെ തലക്ക് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹനീഫിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.