പൊതുസ്ഥലങ്ങളില്‍ പ്രായമായവര്‍ അവഗണന നേരിടുന്നതായി റിപ്പോര്‍ട്ട്

Posted on: August 7, 2017 10:46 pm | Last updated: August 7, 2017 at 10:46 pm

ബെംഗളൂരു: പ്രായമായവരെ ബഹുമാനിക്കുന്നതില്‍ ബെംഗളൂരു ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്. പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും യാത്രകളിലും എല്ലാം പ്രായമായവര്‍ അവഗണനയും ദുരിതവും നേരിടുകയാണ്.

രാജ്യത്തെ 19 നഗരങ്ങളില്‍ ‘ഹെല്‍പ്പ് ഏജ്’ നടത്തിയ പഠനമനുസരിച്ച് ബെംഗളൂരുവില്‍ പ്രായമായവരില്‍ 70 ശതമാനം പേരും പൊതുസ്ഥലങ്ങളില്‍ ദുരിതവും അവഗണനയും നേരിടുന്നതായി കണ്ടെത്തി. ബസ്, ട്രെയിന്‍, ആശുപത്രി, ബേങ്ക്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രായമായവര്‍ കൂടുതല്‍ അവഗണന നേരിടുന്നത്.
ഇന്ത്യയില്‍ പ്രായമായവരില്‍ 44 ശതമാനം പേര്‍ ദുരിതമനുഭവിക്കുന്നതായിട്ടാണ് കണ്ടെത്തിയത്. ബെംഗളൂരുവില്‍ ബേങ്ക് ജീവനക്കാരില്‍നിന്ന് പ്രായമേറിയ 16 ശതമാനം പേരും സ്വകാര്യ ആശുപത്രികളില്‍ നിന്ന് 27 ശതമാനംപേരും മാള്‍ ജീവനക്കാരില്‍നിന്ന് 27 ശതമാനം പേരും നിരത്തുകളില്‍ ബൈക്ക് യാത്രികരില്‍ നിന്ന് 73 ശതമാനവും അവഗണനയും ദുരിതവും അനുഭവിക്കുന്നുണ്ട്. പോസ്റ്റ് ഓഫീസുകളില്‍ 20 ശതമാനവും സര്‍ക്കാര്‍ ആശുപത്രികളില്‍ 72 ശതമാനവും വ്യാപാരസ്ഥാപനങ്ങളില്‍ 29 ശതമാനവും അവഗണന നേരിടുന്നുണ്ട്.