സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമെന്ന് മുഖ്യമന്ത്രി; ജെയ്റ്റ്‌ലിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളത്

Posted on: August 7, 2017 6:58 pm | Last updated: August 8, 2017 at 7:58 am

തിരുവനന്തപുരം: ശത്രുരാജ്യത്തോട് പെരുമാറുന്നതു പോലെയാണ് സിപിഐഎമ്മിന്റെ പെരുമാറ്റമെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ ക്രമസമാധാനനിലയാണ് കേരളത്തിലുള്ളത്. ദളിത് വിഭാഗത്തിനു നേരെയുള്ള പീഡനങ്ങളോ, വര്‍ഗീയ കലാപങ്ങളോ കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തവയാണ്.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

എന്നാല്‍, കേരളം ആക്രമങ്ങളുടെ നാടാണെന്ന ആര്‍എസ്എസ്-ബിജെപി വാദങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

ആര്‍എസ്എസ് അജണ്ടയെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ ബോധവാന്മാരാണ്. കേരളത്തില്‍ വിവിധയിടങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ ആക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എല്ലാ പാര്‍ട്ടികളും ഉറപ്പ് നല്‍കിയിട്ടുണ്ട്. അക്രമ സ്വഭാവമുള്ള പ്രവര്‍ത്തകരെ നിയന്ത്രിക്കാനും നടപടി സ്വീകരിക്കാനും പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎമ്മിനെതിരേ പ്രവര്‍ത്തിക്കാന്‍ ബിജെപിക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുമുണ്ട്. രാജ്യത്ത് മതനിരപേക്ഷത നിലനിര്‍ത്തുന്നതിനും ബിജെപിയുടെ വളര്‍ച്ച തടയാനും വിശാല പ്രതിപക്ഷം അത്യന്താപേക്ഷിതമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.